സെഞ്ചറിയുമായി സൽമാൻ എന്ന ‘പൊൻമാൻ’, ബേസിലിനൊപ്പം 10–ാം വിക്കറ്റിൽ 81 റൺസ് കൂട്ടുകെട്ട്; കേരളത്തിന് ഒറ്റ റൺ ലീഡ്, എന്തൊരു ‘ഫൈറ്റ്’!

Mail This Article
പുണെ ∙ വാലറ്റത്ത് അവസാന രണ്ടു വിക്കറ്റുകളിലെ കൂട്ടുകെട്ടുകൊണ്ട് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ സെമി ഫൈനൽ മോഹങ്ങൾ തകർക്കാമെന്ന ജമ്മു കശ്മീരിന്റെ കണക്കുകൂട്ടൽ തൽക്കാലം കേരളത്തിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ തട്ടി തകർന്നു. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ സെമിയിൽ കടക്കാമെന്ന ജമ്മു കശ്മീരിന്റെ കണക്കുകൂട്ടൽ ചെറുതായി പാളി. പത്താം വിക്കറ്റിൽ അസാമാന്യ പോരാട്ടവീര്യവുമായി നിലയുറപ്പിച്ച സൽമാൻ നിസാർ – ബേസിൽ തമ്പി സഖ്യത്തിന്റെ അർധസെഞ്ചറി കൂട്ടുകെട്ടിന്റെ ബലത്തിൽ, ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒറ്റ റണ്ണിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ്.
പത്താം വിക്കറ്റിൽ ജമ്മു കശ്മീരിന്റെ പേസ്, സ്പിൻ ആക്രമണത്തെ ചെറുത്തുനിന്ന് 132 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയ 81 റൺസാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 200 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളം, 85 ഓവറിൽ 281 റൺസിന് പുറത്തായി. സൽമാൻ നിസാർ സെഞ്ചറി (പുറത്താകാതെ 112) നേടിയപ്പോൾ, ബേസിൽ തമ്പി 15 റൺസെടുത്ത് പുറത്തായി. സൽമാൻ നിസാർ 172 പന്തിൽ 12 ഫോറും നാലു സിക്സും സഹിതമാണ് 112 റൺസെടുത്തത്. ബേസിൽ തമ്പി 35 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസുമെടുത്തു.
∙ രണ്ടാം ഇന്നിങ്സിൽ കരുത്തോടെ കശ്മീർ
മറുപടി ബാറ്റിങ് ആരംഭിച്ച ജമ്മു കശ്മീർ ശക്തമായി തിരിച്ചടിച്ചതോടെ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 57 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ പരസ് ദോഗ്ര (73), വിക്കറ്റ് കീപ്പർ ബാറ്റർ കനയ്യ വധാവൻ (420 എന്നിവർ ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ഇതുവരെ 102 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ദോഗ്ര 148 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് 73 റൺസെടുത്തത്. കനയ്യ വധാവൻ 80 പന്തിൽ മൂന്നു ഫോറുകളോടെ 42 റൺസുമെടുത്തു. ഓപ്പണർമാരായ ശുഭം ഖജൂരിയ (എട്ടു പന്തിൽ രണ്ട്), യാവർ ഹസൻ (36 പന്തിൽ 16), വിവ്രാന്ത് ശർമ (70 പന്തിൽ 37) എന്നിവരാണ് പുറത്തായത്. കേരളത്തിനായി എം.ഡി. നിധീഷ് രണ്ടും എൻ.പി. ബേസിൽ ഒരു വിക്കറ്റും വീഴ്ത്തി.
ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. ഓപ്പണർ യാവർ ഹസൻ (ഒൻപത്), വിവ്രാന്ത് ശർമ (ഒന്ന്) എന്നിവർ ക്രീസിൽ. എട്ടു പന്തിൽ രണ്ടു റൺസുമായി ശുഭം ഖജൂരിയ പുറത്തായി. എം.ഡി. നിധീഷിനാണ് വിക്കറ്റ്. ഒൻപത് വിക്കറ്റ് ബാക്കിനിൽക്കെ ജമ്മു കശ്മീരിന് 15 റൺസ് ലീഡുണ്ട്.
∙ സൽമാൻ, ബേസിൽ... എന്തൊരു പോരാട്ടം!
ഒറ്റ വിക്കറ്റ് മാത്രം കൈവശമിരിക്കെ 80 റൺസിന്റെ കടവുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളം ലീഡ് നേടുമെന്ന് കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിരിക്കില്ല എന്ന് ഉറപ്പ്. പ്രതീക്ഷയുടെ ഭാരമില്ലാതെ ബാറ്റേന്തിയ സൽമാൻ – ബേസിൽ സഖ്യം അസാധ്യ പോരാട്ടവീര്യം കാഴ്ചവച്ചാണ് കേരളത്തെ ലീഡിലെത്തിച്ചത്. ജമ്മു കശ്മീരിന്റെ പേസ് ത്രയത്തെയും സ്പിൻ ദ്വയത്തെയും ഇരുവരും നിർഭയം നേരിട്ടു. ഇടയ്ക്ക് സ്പിന്നർ സഹിൽ ലോത്രയുടെ ഒരു ഓവറിൽ രണ്ടു സിക്സും രണ്ടു ഫോറും സഹിതം 20 റൺസ് അടിച്ചെടുത്ത് സൽമാൻ നിസാർ ജമ്മു കശ്മീരിന്റെ സ്കോറിലേക്കുള്ള ദൂരം കുറച്ചു.
ആകാംക്ഷയേറ്റിയ നിമിഷങ്ങൾക്കൊടുവിൽ റണ്ണൗട്ട് സാധ്യതയുണ്ടായിരുന്ന സിംഗിളിലൂടെയാണ് കേരളം ജമ്മു കശ്മീരിന്റെ സ്കോറിന് ഒപ്പമെത്തിയത്. റണ്ണൗട്ട് ഒഴിവാക്കാൻ ബേസിൽ തമ്പി ഡൈവ് ചെയ്താണ് ക്രീസിലെത്തിയത്. ഒരു സിംഗിൾ കൂടി നേടി ലീഡ് പിടിച്ചതിനു തൊട്ടുപിന്നാലെ, ബേസിൽ തമ്പിയെ പുറത്താക്കി അക്വിബ് നബി കേരള ഇന്നിങ്സിന് വിരാമമിട്ടു. അക്വിബ് നബി 27 ഓവറിൽ 53 റൺസ് വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്. യുദ്ധവീർ സിങ്, സഹിൽ ലോത്ര എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. കേരള നിരയിൽ ജലജ് സക്സേനയുടെ അർധസെഞ്ചറിയും നിർണായകമായി. ജലജ് 78 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 67 റൺസെടുത്തു.
നേരത്തെ, ഇന്നിങ്സിലെ മൂന്നാം ഓവറിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിനെ (1) കേരളത്തിന് നഷ്ടമായിരുന്നു. പിന്നാലെ ഷോൺ റോജറും (0) ക്യാപ്റ്റൻ സച്ചിൻ ബേബിയും (2) മടങ്ങിയതോടെ 3ന് 11 എന്ന നിലയിലായി കേരളം. പേസർ അക്വിബ് നബിക്കായിരുന്നു മൂന്ന് വിക്കറ്റും. നാലാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്ത അക്ഷയ് ചന്ദ്രൻ (29)– ജലജ് സഖ്യമാണ് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ ഇരുവരും മടങ്ങിയതിനു പിന്നാലെ കേരളം 6ന് 131 എന്ന നിലയിലായി. വാലറ്റത്ത് എം.ഡി.നിധീഷിനെ (30) കൂട്ടുപിടിച്ച് സൽമാൻ നടത്തിയ പ്രത്യാക്രമണമാണ് സ്കോർ 200ൽ എത്തിച്ചത്. 8–ാം വിക്കറ്റിൽ 54 റൺസാണ് ഇരുവരും ചേർന്നു നേടിയത്.
∙ ബോളിങ് മികവിൽ ജമ്മു
രണ്ടാം ദിനം 8ന് 228 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കശ്മീരിനെ 250ൽ താഴെ പിടിച്ചുനിർത്താമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ യുദ്ധ്‌വീർ സിങ് (26), അക്വിബ് നബി (32) എന്നിവരുടെ ചെറുത്തുനിൽപുകളുടെ ബലത്തിൽ അവരുടെ സ്കോർ 280ൽ എത്തി. കേരളത്തിനായി എം.ഡി.നിധീഷ് 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദിത്യ സർവതേ 2 വിക്കറ്റ് നേടി.