ADVERTISEMENT

കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഔട്ടാണെന്ന് റീപ്ലേകളിൽനിന്ന് വ്യക്തമായപ്പോൾ ഇന്ത്യൻ താരം വിരാട് കോലിയുടെ പ്രതികരണം വൈറൽ. ഇംഗ്ലണ്ട് നായകൻ ജോസ് ബട്‍ലർ റിവ്യൂ ആവശ്യപ്പെട്ടതിനെ തുടർന്ന് തേഡ് അംപയർ റീപ്ലേ പരിശോധിച്ചപ്പോഴാണ് കോലി പുറത്താണെന്ന് വ്യക്തമായത്. കോലിയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയതെന്ന് വ്യക്തമായ നിമിഷം അവിശ്വസനീയതോടെ കോലി ചുണ്ടു കോട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോലിയുടെ മുഖഭാവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

മത്സരത്തിൽ വൺഡൗണായി ബാറ്റിങ്ങിനെത്തിയ വിരാട് കോലി, എട്ടു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്താണ് പുറത്തായത്. കാൽമുട്ടിനു നീർക്കെട്ടു വന്നതിനെ തുടർന്ന് ഒന്നാം ഏകദിനത്തിൽ കോലി കളിച്ചിരുന്നില്ല. ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഇംഗ്ലണ്ട് പരമ്പര എന്നിരിക്കെയാണ് കോലി ചെറിയ സ്കോറിൽ പുറത്തായത്.

ആദിൽ റഷീദ് എറിഞ്ഞ 20–ാം ഓവറിലെ മൂന്നാം പന്തിലാണ് വിരാട് കോലിയുടെ വിക്കറ്റിനായി ഇംഗ്ലണ്ട് താരങ്ങൾ അപ്പീൽ ചെയ്തത്. കോലിയുടെ ബാറ്റിൽത്തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയത് എന്നായിരുന്നു ഇംഗ്ലിഷ് താരങ്ങളുടെ നിലപാട്. അംപയർ അപ്പീൽ നിരസിച്ചെങ്കിലും, വിക്കറ്റ് കീപ്പർ ഫിലിപ് സോൾട്ട് ഉടൻതന്നെ ഡിആർഎസ് എടുക്കാൻ ക്യാപ്റ്റൻ ജോസ് ബട്‍ലറിനോട് അഭ്യർഥിച്ചു.

തുടർന്ന് തേഡ് അംപയർ റീപ്ലേ പരിശോധിക്കുമ്പോഴാണ്, പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തും മുൻപ് കോലിയുടെ ബാറ്റിൽ തട്ടിയതായി വ്യക്തമായത്. ബാറ്റിലെ നേരിയ ‘സ്പൈക്ക്’ കണ്ട് കോലി പോലും അമ്പരന്നു പോയി.

അതേസമയം, വിരാട് കോലി പുറത്തായതിനു പിന്നാലെ ഇംഗ്ലിഷ് നായകൻ ജോസ് ബട്‍ലറിനെതിരെ രൂക്ഷ വിമർശനവുമായി താരത്തിന്റെ ആരാധകർ രംഗത്തെത്തി. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കുകയായിരുന്ന കോലിയുടെ ശ്രദ്ധ തെറ്റിച്ചത് ജോസ് ബട്‍ലറാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകർ രംഗത്തെത്തിയത്.

കോലിയുടെ വിക്കറ്റ് നഷ്ടമാകുന്നതിനു തൊട്ടുമുൻപുള്ള പന്തിൽ, ജോസ് ബട്‍ലർ ഫീൽഡ് ചെയ്ത ശേഷം തിരിച്ചെറിഞ്ഞ പന്ത് കോലിയുടെ ദേഹത്തു കൊണ്ടിരുന്നു. വേദനകൊണ്ടു പുളഞ്ഞ കോലിയോട് ബട്‍ലർ ഉടൻതന്നെ ക്ഷമാപണം നടത്തുകയും ചെയ്തു. ആദ്യം കോലിയുടെ മുഖത്ത് കോപം ഇരച്ചുകയറിയെങ്കിലും ഉടൻതന്നെ താരം ചിരിയോടെ ബട്‍ലറിന്റെ ക്ഷമാപണത്തോട് പ്രതികരിച്ചിരുന്നു. പിന്നീട് കോലി പുറത്തായതിനു പിന്നാലെ താരത്തിന്റെ ആരാധകർ ബട്‍ലറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതിഷേധ കമന്റുകളുമായും രംഗത്തെത്തി.

English Summary:

Virat Kohli's Reaction Goes Viral After DRS Cuts Short Stay In 2nd ODI vs England

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com