അവസാന ദിനം ആവേശകരമാകും, ഉറപ്പ്; ‘സമനില തെറ്റിയില്ലെങ്കിൽ’ കേരളം രഞ്ജിയിൽ സെമി കളിക്കും, ജമ്മു കശ്മീരിന് വേണം, 8 വിക്കറ്റ്!

Mail This Article
പുണെ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം – ജമ്മു കശ്മീർ ക്വാർട്ടർ പോരാട്ടത്തിന്റെ അവസാന ദിനം ആവേശകരമായ ക്ലൈമാക്സ് ഉറപ്പാക്കി നാലാം ദിനത്തിലെ മത്സരത്തിന് വിരാമം. 399 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം, നാലാം ദിനം കളി നിർത്തുമ്പോൾ 36 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ സച്ചിൻ ബേബി 59 പന്തിൽ 19 റൺസോടെയും ഓപ്പണർ അക്ഷയ് ചന്ദ്രൻ 100 പന്തിൽ 32 റൺസോടെയും ക്രീസിൽ.
ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ എട്ടു വിക്കറ്റ് കൈവശമുള്ള കേരളത്തിന് വിജയത്തിലേക്ക് വേണ്ടത് 299 റൺസ്. ഒരു ദിവസത്തിനുള്ളിൽ ഈ എട്ടു വിക്കറ്റും വീഴ്ത്തിയാൽ ജമ്മു കശ്മീരിന് സെമി കളിക്കാം. സമനിലയായാൽ ഒന്നാം ഇന്നിങ്സിലെ ഒറ്റ റൺ ലീഡിന്റെ ബലത്തിൽ കേരളം സെമിയിൽ കടക്കം.
ഇതുവരെ 10 പന്തുകൾ നേരിട്ട അക്ഷയ് ചന്ദ്രൻ, മൂന്നു ഫോറുകളോടെയാണ് 32 റൺസെടുത്തത്. സച്ചിൻ ബേബിയാകട്ടെ, 59 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റൺസെടുത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ സച്ചിൻ – അക്ഷയ് സഖ്യം ഇതുവരെ കൂട്ടിച്ചേർത്തത് 30 റൺസ്. ഉറച്ച പ്രതിരോധവുമായി ക്രീസിലുള്ള ഇരുവരും ഇതുവരെ നേരിട്ടത് 111 പന്തുകൾ. ഓപ്പണർ രോഹൻ കുന്നുമ്മൽ (39 പന്തിൽ ഏഴു ഫോറുകൾ സഹിതം 36 റൺസ്), യുവതാരം ഷോൺ റോജർ (19 പന്തിൽ ഒരു ഫോർ സഹിതം ആറ്) എന്നിവരാണ് കേരള നിരയിൽ പുറത്തായത്. യുദ്ധവീർ സിങ്ങിനാണ് രണ്ടു വിക്കറ്റുകളും.
∙ പടനയിച്ച് ക്യാപ്റ്റൻ, കശ്മീരിന് മികച്ച ലീഡ്
നേരത്തെ, ക്യാപ്റ്റൻ പരസ് ദോഗ്ര സെഞ്ചറിയുമായി പടനയിച്ചതോടെ രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ 100.2 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. 232 പന്തുകൾ നേരിട്ട പരസ് ദോഗ്ര 132 റൺസെടുത്തു പുറത്തായി. ആദിത്യ സർവാതെയുടെ പന്തിൽ ദോഗ്ര ബോൾഡാകുകയായിരുന്നു. മധ്യനിര താരം കനയ്യ വധാവനും (116 പന്തിൽ 64), സഹിൽ ലോത്രയും (77 പന്തിൽ 59) അർധ സെഞ്ചറി നേടി പുറത്തായി.
പരസ് ദോഗ്രയും കനയ്യ വധാവനും ചേർന്നുള്ള കൂട്ടുകെട്ട് നാലാം ദിവസം കശ്മീരിന് രക്ഷയായി. 261 പന്തിൽ 146 റൺസാണ് ഇരുവരും ഒരുമിച്ച് അടിച്ചെടുത്തത്. വിവ്രാന്ത് ശർമ (70 പന്തിൽ 37), ലോൻ നാസിർ മുസാഫർ (33 പന്തിൽ 28), യുദ്ധ്‍വിർ സിങ് (14 പന്തിൽ 27) എന്നിവരാണ് കശ്മീരിന്റെ മറ്റു പ്രധാന സ്കോറർമാർ. കേരളത്തിനായി 26 ഓവറുകൾ പന്തെറിഞ്ഞ എം.ഡി. നിധീഷ് 89 റൺസ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തി. ആദിത്യ സർവാതെയ്ക്കും ബേസിലിനും രണ്ടു വിക്കറ്റുകൾ വീതമുണ്ട്.
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 3ന് 180 എന്ന നിലയിലായിരുന്നു ജമ്മു കശ്മീർ. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ശുഭം ഖജൗരിയയെയും (2) യവീർ ഹസനെയും (16) നഷ്ടമായിരുന്നു. ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ പേസർ എം.ഡി.നീധീഷിനു തന്നെയായിരുന്നു രണ്ടു വിക്കറ്റും. പിന്നാലെ വിവ്രാന്ത് ശർമയെ (37) എൻ.ബേസിലും പുറത്താക്കിയതോടെ ജമ്മു കശ്മീർ 3ന് 78 എന്ന നിലയിലേക്കു വീണു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച പരസ്– വധാവൻ സഖ്യം മികച്ച സ്കോറിലെത്താൻ ജമ്മുവിനെ സഹായിച്ചു.