ടീം പ്രതിസന്ധിയിലാകുമ്പോഴൊക്കെ അവതരിക്കുന്ന രക്ഷകൻ, കേരളത്തിന്റെ ‘ക്രൈസിസ് മാനേജർ’ സൽമാൻ

Mail This Article
ടീം പ്രതിസന്ധിയിൽ ആകുമ്പോഴൊക്കെ രക്ഷകനായി അവതരിക്കുന്ന പതിവ് സൽമാൻ നിസാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അണ്ടർ 14 കാലം മുതൽ കളിച്ച ടീമുകളുടെയെല്ലാം ‘ക്രൈസിസ് മാനേജറായിരുന്ന’ ഈ തലശ്ശേരിക്കാരൻ ടീം അംഗങ്ങൾക്കിടയിൽ അറിയപ്പെടുന്നതു തന്നെ സൂപ്പർമാൻ എന്ന വിളിപ്പേരിലാണ്. ഇന്നലെ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരത്തിൽ ലീഡ് വഴങ്ങുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഒറ്റയാൾ പോരാട്ടത്തിലൂടെ സൽമാൻ കേരള ടീമിന്റെ രക്ഷകനായി അവതരിച്ചത്.
ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ മൂന്നാം ദിനം ക്രീസിലെത്തുമ്പോൾ 49 റൺസായിരുന്നു സൽമാന്റെ സമ്പാദ്യം. മറുവശത്ത് റണ്ണൊന്നും എടുക്കാതെ ബേസിൽ തമ്പിയും. അവിടെനിന്നാണ് ബേസിലെ കൂട്ടുപിടിച്ച് 10–ാം വിക്കറ്റിൽ 132 പന്തിൽ 81 റൺസിന്റെ കൂട്ടുകെട്ട് സൽമാൻ പടുത്തുയർത്തിയത്. ഇതിൽ 35 പന്തുകൾ ബേസിൽ നേരിട്ടപ്പോൾ ബാക്കി 97 പന്തുകളും കളിച്ചതു സൽമാനായിരുന്നു. സ്ട്രൈക്ക് റൊട്ടേഷനിലെ കണിശതയും പ്രതിരോധത്തിലെ ക്ലാസും പവർ ഹിറ്റിങ്ങിലെ കരുത്തും ഉൾച്ചേർന്ന ഇന്നിങ്സ്. ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഒരേ മികവോടെ കളിക്കുന്ന സൽമാന്റെ പവർ ഹിറ്റിങ്ങും ജമ്മുവിനെതിരായ മത്സരത്തിൽ നിർണായകമായി. 4 സിക്സും 12 ഫോറുമാണ് പ്രതിരോധത്തിൽ ഊന്നിയുള്ള തന്റെ ഇന്നിങ്സിന് ഇടയിലും സൽമാൻ അടിച്ചുകൂട്ടിയത്.
രഞ്ജി ക്വാർട്ടറിന് തൊട്ടുമുൻപു നടന്ന, ബിഹാറിനെതിരായ ഗ്രൂപ്പ് മത്സരത്തിലും സെഞ്ചറിയുമായി കേരളത്തിന്റെ രക്ഷകനായത് സൽമാനായിരുന്നു. അതിനു മുൻപ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കരുത്തരായ മുംബൈയെ അട്ടിമറിക്കാൻ കേരളത്തിന്റെ അമരത്തുനിന്നതും ഈ ഇടംകൈ ബാറ്റർ തന്നെ. 9 മത്സരങ്ങളിൽ നിന്ന് 83 ശരാശരിയിൽ 498 റൺസാണ് ഈ രഞ്ജി സീസണിൽ ഇരുപത്തിയേഴുകാരൻ താരത്തിന്റെ നേട്ടം.