ഇതൊക്കെ എന്ത്? എന്നത്തേയും പോലെ ഒരു സാധാരണ ദിവസം മാത്രം: സെഞ്ചറി നേട്ടത്തിനു പിന്നാലെ രോഹിത്

Mail This Article
കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ സെഞ്ചറി പ്രകടനത്തിനു പിന്നാലെ ‘ഇത് എന്നത്തേയും പോലെ ഒരു സാധാരണ ദിവസം മാത്രം’ എന്നു പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ‘ വർഷങ്ങളായി ഞാൻ ക്രിക്കറ്റ് കളിക്കുന്നു. രാജ്യത്തിനായി റൺസ് നേടുന്നു. ഇത്രയും വർഷത്തെ പരിചയസമ്പത്ത് എന്നെ പലതും പഠിപ്പിച്ചിട്ടുണ്ട്.
ഓരോ തവണ ഗ്രൗണ്ടിൽ പോകുമ്പോഴും എന്താണ് എന്നിൽ നിന്ന് ടീം ആവശ്യപ്പെടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ബോധമുണ്ട്. അതിനാൽ ഇതും എന്നത്തേയും പോലെ ഒരു സാധാരണ ദിവസം മാത്രമാണ് എനിക്ക്. ’– രോഹിത് മത്സരശേഷം പറഞ്ഞു. 90 പന്തിൽ 119 റൺസ് നേടിയ രോഹിത്തിന്റെ മികവിലാണ് രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 4 വിക്കറ്റ് ജയം നേടിയത്. രോഹിത് ശർമയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ചും.
രാജ്യാന്തര ക്രിക്കറ്റിൽ 6 മാസത്തിനു ശേഷമാണ് രോഹിത് 50നു മുകളിൽ റൺസ് നേടുന്നത്. 2023 ഒക്ടോബറിലായിരുന്നു ഏകദിനത്തിൽ രോഹിത്തിന്റെ അവസാന സെഞ്ചറി.