വൻമതിലായി കേരള താരങ്ങൾ, രണ്ടാം ഇന്നിങ്സിൽ പ്രതിരോധിച്ചത് 126 ഓവറുകൾ; ‘സമനില തെറ്റാതെ’ ഒറ്റ റൺ ലീഡിൽ സെമിയിലേക്ക്!

Mail This Article
പുണെ∙ ഈ സീസണിൽ ചൂടുള്ള ചർച്ചയായി മാറിയ ജമ്മു കശ്മീരിന്റെ ബോളിങ് ആക്രമണത്തിനു മുന്നിൽ വൻമതിലിന്റെ കരുത്തോടെ പ്രതിരോധം തീർത്ത കേരളം, വിജയത്തോളം പോന്നൊരു സമനിലയുമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ. ആവേശം വാനോളമുയർന്ന മത്സരത്തിൽ ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത കേരളം, ഒന്നര ദിവസത്തോളം നീണ്ട ബോളിങ് പരീക്ഷണത്തെ ക്ഷമാപൂർവം നേരിട്ടാണ് സമനിലയും അതുവഴി സെമിഫൈനൽ സ്ഥാനവും സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ദിനം എട്ടു വിക്കറ്റ് അകലെയുള്ള വിജയത്തിനായി ജമ്മു കശ്മീർ കൈമെയ് മറന്നു പൊരുതിയെങ്കിലും, ആറു വിക്കറ്റ് മാത്രം നഷ്ടമാക്കി 295 റൺസെടുത്ത് കേരളം സ്വന്തം നില ഭദ്രമാക്കി. രണ്ടാം ഇന്നിങ്സിൽ കേരള താരങ്ങൾ ചേർന്ന് വിജയകരമായി പ്രതിരോധിച്ചത് 126 ഓവറുകളാണ്. സ്കോർ: ജമ്മു കശ്മീർ - 280 & 399/9 ഡിക്ലയേർഡ്, കേരളം – 281 & 295/6. സൽമാൻ നിസാറാണ് മാൻ ഓഫ് ദ് മാച്ച്.
ഇതോടെ ഒന്നാം ഇന്നിങ്സിൽ നേടിയ ഒറ്റ റൺ ലീഡിന്റെ ബലത്തിൽ കേരളം സെമിയിലെത്തി. ഒന്നാം ഇന്നിങ്സിൽ ഒൻപതിന് 200 റൺസെന്ന നിലയിൽ തകർന്ന കേരളത്തിന്, പത്താം വിക്കറ്റിൽ സൽമാൻ നിസാർ – ബേസിൽ തമ്പി സഖ്യം പടുത്തുയർത്തിയ 81 റൺസ് കൂട്ടുകെട്ടാണ് സെമിയിൽ സ്ഥാനം സമ്മാനിച്ചത്. സൽമാൻ നിസാർ രണ്ടാം ഇന്നിങ്സിലും ഉറച്ച പ്രതിരോധവുമായി കേരളത്തിന്റെ രക്ഷകനായി. ജമ്മു കശ്മീരിനും വിജയത്തിനും ഇടയിൽ സച്ചിൻ ബേബി (162 പന്തിൽ 48), ഓപ്പണർ അക്ഷയ് ചന്ദ്രൻ (183 പന്തിൽ 48), സൽമാൻ നിസാർ (162 പന്തിൽ പുറത്താകാതെ 44), മുഹമ്മദ് അസ്ഹറുദ്ദീൻ (118 പന്തിൽ പുറത്താകാതെ 67) എന്നിവർ കേരളത്തിന്റെ വൻമതിലുകളായി.
ഓപ്പണർ രോഹൻ കുന്നുമ്മൽ (39 പന്തിൽ 36), ഷോൺ റോജർ (19 പന്തിൽ ആറ്), ജലജ് സക്സേന (48പന്തിൽ 18), ആദിത്യ സർവാതെ (27 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നാം വിക്കറ്റിൽ 259 പന്തുകൾ നേരിട്ട സച്ചിൻ ബേബി – അക്ഷയ് ചന്ദ്രൻ സഖ്യവും, പിരിയാത്ത ഏഴാം വിക്കറ്റിൽ 257 പന്തുകൾ നേരിട്ട മുഹമ്മദ് അസ്ഹറുദ്ദീൻ – സൽമാൻ നിസാർ സഖ്യവും കേരളത്തിനായി ഉരുക്കുകോട്ട തീർത്തു. ജമ്മു കശ്മീരിനായി യുദ്ധവീർ സിങ്, സഹിൽ ലോത്ര, ആബിദ് മുഷ്താഖ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.കേരളം രണ്ടാം തവണയാണ് രഞ്ജി ട്രോഫി സെമി ഫൈനലിൽ കടക്കുന്നത്.

∙ പ്രതിരോധിച്ച് അക്ഷയ്, സച്ചിൻ
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് മൂന്നാം വിക്കറ്റിൽ കാഴ്ചവച്ച കടുത്ത പ്രതിരോധമാണ് ടീമിന്റെ ‘സമനില’ തെറ്റാതെ കാത്തത്. എല്ലാ വെല്ലുവിളികളെയും മറികടന്ന് 259 പന്തുകളാണ് ഇരുവരും ചേർന്ന് ആദ്യ സെഷനിൽ വിജയകരമായി പ്രതിരോധിച്ചത്. കൂട്ടിച്ചേർത്തത് 58 റൺസും. ശ്രദ്ധ തെറ്റിയ ഒരു നിമിഷത്തിൽ സഹിൽ ലോത്രയുടെ പന്തിൽ ശുഭം ഖജൂരിയ ക്യാച്ചെടുത്ത് അക്ഷയ് ചന്ദ്രൻ പുറത്തായി. പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ബാറ്റിലുരഞ്ഞ പന്ത് പാഡിലും തട്ടി ഖജൂരിയയുടെ കൈകളിലെത്തി.


തുടർന്നെത്തിയവരും പ്രതിരോധത്തിലൂന്നി കളിച്ചതോടെ കേരളത്തിന്റെ കളി സമനില ലക്ഷ്യമിട്ടാണെന്ന് ഉറപ്പായിരുന്നു. അക്ഷയ് ചന്ദ്രൻ 183 പന്തുകൾ നേരിട്ട് നാലു ഫോറുകളോടെ 48 റൺസെടുത്തപ്പോൾ, സച്ചിൻ ബേബി 162 പന്തുകൾ നേരിട്ട ഏഴു ഫോറുകളോടെ 48 റൺസെടുത്തു. ജലജ് സക്സേന (48 പന്തിൽ മൂന്നു ഫോറുകളോടെ 18), ആദിത്യ സർവാതെ (27 പന്തിൽ രണ്ടു ഫോറുകളോടെ എട്ട്) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും, ഏഴാം വിക്കറ്റിൽ സൽമാൻ നിസാർ – മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് കേരളത്തെ കാത്തു.

നേരത്തെ, 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി കാര്യമായ നഷ്ടങ്ങളില്ലാതെ നാലാം ദിനം അവസാനിപ്പിക്കുക എന്നതായിരുന്നു. കരുതലോടെ തുടങ്ങിയ കേരള ഓപ്പണർമാരായ രോഹൻ കുന്നുമ്മലും (36) അക്ഷയ് ചന്ദ്രനും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസ് നേടിയെങ്കിലും രോഹനെയും പിന്നാലെയെത്തിയ ഷോൺ റോജറിനെയും (6) മടക്കിയ യുദ്ധവീർ സിങ് കശ്മീരിനു മേൽക്കൈ നൽകി. പിന്നീട് മൂന്നാം വിക്കറ്റിൽ 30 റൺസ് നേടിയ അക്ഷയ്– സച്ചിൻ ബേബി സഖ്യം മറ്റു പരുക്കുകളില്ലാതെ നാലാം ദിനം അവസാനിപ്പിക്കാൻ കേരളത്തെ സഹായിച്ചത്.
∙ തിരിച്ചടിച്ച് ജമ്മു കശ്മീർ
നാലാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിന്റെ പ്രതീക്ഷ മുഴുവൻ ക്യാപ്റ്റൻ പരസ് ദോഗ്രയുടെ ബാറ്റിലായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ പരസ് (132) മുന്നിൽ നിന്നു നയിച്ചതോടെ കശ്മീരിനു കാര്യങ്ങൾ എളുപ്പമായി. 3ന് 180 എന്ന സ്കോറിൽ ബാറ്റിങ് ആരംഭിച്ച ജമ്മു കശ്മീർ 9ന് 399 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. 232 പന്തിൽ 2 സിക്സും 13 ഫോറും അടങ്ങുന്നതാണ് പരസിന്റെ സെഞ്ചറി ഇന്നിങ്സ്. ക്യാപ്റ്റനു പുറമേ കനയ്യ വധാവൻ (64), സഹിൽ ലോത്ര (59) എന്നിവരും കശ്മീരിനായി തിളങ്ങി.

വാലറ്റത്ത് നാസിർ ലോൺ (28), യുദ്ധവീർ സിങ് (27) എന്നിവർ നടത്തിയ ചെറുത്തുനിൽപുകളും കശ്മീരിന്റെ ലീഡ് ഉയർത്തുന്നതിൽ നിർണായകമായി. കേരളത്തിനായി എം.ഡി.നിധീഷ് 4 വിക്കറ്റ് വീഴ്ത്തി. ഇതോടെ മത്സരത്തിൽ നിധീഷിനു 10 വിക്കറ്റായി. നിധീഷിനു പുറമേ, എൻ.പി.ബേസിൽ, ആദിത്യ സർവതേ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ഇന്നിങ്സിൽ ജമ്മു കശ്മീർ 95.1 ഓവറിൽ 280 റൺസെടുത്തപ്പോൾ, കേരളം 85 ഓവറിൽ 281 റൺസിനും പുറത്തായിരുന്നു. ഒന്നാം ഇന്നിങ്സിൽ നേടിയ ഈ ഒരു റണ്ണിന്റെ ലീഡാണ് മത്സരത്തിൽ നിർണായകമായത്.
∙ കേരളത്തിന് ഗുജറാത്ത് എതിരാളികൾ
ഈ മാസം 17ന് ആരംഭിക്കുന്ന സെമിഫൈനലിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും തോൽപിച്ചാണ് ഗുജറാത്ത് സെമി ഫൈനലിൽ കടന്നത്. സ്കോർ: സൗരാഷ്ട്ര– 216, 197. ഗുജറാത്ത്– 511. സെഞ്ചറിയും 2 വിക്കറ്റും നേടിയ ഗുജറാത്തിന്റെ ജയ്മീത് പട്ടേലാണ് പ്ലെയർ ഓഫ് ദ് മാച്ച്.
രണ്ടാം സെമിഫൈനലിൽ മുംബൈയും വിദർഭയും ഏറ്റുമുട്ടും. ക്വാർട്ടറിൽ മുംബൈ 152 റൺസിന് ഹരിയാനയെ തോൽപിച്ചു. സ്കോർ: മുംബൈ– 315, 339. ഹരിയാന– 301, 201. രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറാണ് പ്ലെയർ ഓഫ് ദ് മാച്ച്. തമിഴ്നാടിനെ 198 റൺസിന് മറികടന്നായിരുന്നു വിദർഭയുടെ സെമി പ്രവേശം. സ്കോർ: വിദർഭ– 353, 272. തമിഴ്നാട്– 225, 202. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ വിദർഭയുടെ കരുൺ നായരാണ് പ്ലെയർ ഓഫ് ദ് മാച്ച്.