ആ ഒരു റണ്ണിന്റെ വില കേരളം അറിഞ്ഞു, വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്ത് തുണച്ചു; ഇനി കളി സെമിയിൽ

Mail This Article
പുണെ∙ ഒടുവിൽ കാര്യങ്ങൾ കേരളം തീരുമാനിച്ചിടത്തുനിന്നു, ആദ്യ ഇന്നിങ്സിലെ വീരോചിത പോരാട്ടത്തിനൊടുവില്‍ നേടിയ ഒരു റണ്ണിന്റെ ലീഡ് രണ്ടാം ഇന്നിങ്സിലെ കളി കാരണം മൂല്യമില്ലാതാകരുതെന്ന് കേരളം ഉറപ്പിച്ചിരുന്നു. അതു തന്നെ സംഭവിച്ചു. ഫലം രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ രണ്ടാം തവണ കേരളത്തിന്റെ സെമി ഫൈനൽ പ്രവേശം.
ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം സമനിലയിൽ അവസാനിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സിൽ നേടിയ ഒരു റണ്ണിന്റെ ലീഡ് എത്രത്തോളം മൂല്യമുള്ളതാണെന്ന് കേരളത്തിനും ജമ്മു കശ്മീരിനും മനസ്സിലായ മത്സരഫലം. രണ്ടാം ഇന്നിങ്സിൽ കേരളം ആറ് വിക്കറ്റിന് 295 റൺസെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. കേരള ക്രിക്കറ്റിനെ സംബന്ധിച്ചു വലിയൊരു നേട്ടമാണ് സെമിഫൈനൽ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്.
സമനില പോലും സെമിയിലേക്ക് വഴിതുറക്കുമെന്നിരിക്കെ കരുതലോടെയായിരുന്നു കേരള താരങ്ങൾ അവസാന ദിവസം ബാറ്റ് വീശിയത്. അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുനീക്കി. രണ്ട് വിക്കറ്റിന് 100 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടത് 128ൽ നില്‍ക്കെയാണ്. എന്നാൽ ഇതിനിടയിൽ 24 ഓവറുകൾ കടന്നു പോയിരുന്നു. അത്രയും നേരം പ്രതിരോധത്തിലൂന്നി കേരളം പിടിച്ചുനിന്നു. 48 റൺസെടുത്ത അക്ഷയ് ചന്ദ്രനെ സാഹിൽ ലോത്രയാണ് പുറത്താക്കിയത്. 52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 180 റൺസെന്ന നിലയിലായിരുന്നു കേരളം.
അവിടെ വീണ്ടുമൊരു കൂട്ടുകെട്ടുമായി സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും കേരളത്തിന്റെ രക്ഷകരായി. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 115 റൺസാണ് കൂട്ടിച്ചേർത്തത്. സൽമാൻ നിസാർ 162 പന്തുകളിൽ നിന്ന് 44 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 118 പന്തുകളിൽ നിന്ന് 67 റൺസുമായി മുഹമ്മദ് അസറുദ്ദീനും പ്രതിരോധിച്ചുകളിച്ചു. ക്യാപ്റ്റൻ സച്ചിൻ ബേബി 48 റൺസും, ജലജ് സക്സേന 18ഉം ആദിത്യ സർവാതെ എട്ടും റൺസെടുത്തു.
2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് സെമിയിൽ വിദർഭയോട് തോൽവി വഴങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ കർണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങി കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോൽച്ചെത്തിയ കശ്മീരും കരുത്തർ തന്നെയായിരുന്നു. വമ്പൻമാരെ വിറപ്പിച്ച കശ്മീരിന്റെ ബോളർമാർക്കെതിരെ 126 ഓവറുകളാണ് രണ്ടാം ഇന്നിങ്സിൽ കേരളം പിടിച്ചുനിന്നത്.
ഫോമിലുള്ള ബാറ്റിങ് - ബോളിങ് നിരകൾക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്തും കേരളത്തിന്റെ മുന്നേറ്റത്തിൽ നിർണായകമായി. അവസാന വിക്കറ്റുകളിൽ നേടിയ കൂട്ടുകെട്ടുകളായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ കേരളത്തിന് അനുകൂലമായത്. സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈ വിദർഭയെ നേരിടും. ഈ മാസം 17 നാണ് സെമി ഫൈനൽ മത്സരങ്ങൾ തുടങ്ങുക.