ഒരു മനസ്സോടെ കേരളം, ടീമിലെ ഐക്യവും കഠിനാധ്വാനവും ഫലം കണ്ടെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി

Mail This Article
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലിലെത്തി നിൽക്കുന്ന കേരളത്തിന്റെ കുതിപ്പിനെക്കുറിച്ച് ചോദിക്കുമ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബി വാചാലനാകുന്നത് ടീമിന്റെ ഒരുമയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചുമാണ്. ഇരുപത്തൊന്നുകാരൻ ഷോൺ റോജർ മുതൽ മുപ്പത്തെട്ടുകാരൻ ജലജ് സക്സേന വരെ വലുപ്പച്ചെറുപ്പമില്ലാതെ ടീമംഗങ്ങൾ തോളോടുതോൾ ചേർന്നു പോരാടി നേടിയെടുത്തതാണ് ഈ വലിയ നേട്ടമെന്ന് ക്യാപ്റ്റൻ പറയുന്നു. പ്രതിഭയുള്ള ഒട്ടേറെ താരങ്ങളുണ്ടായിട്ടും ഐപിഎലിൽ അടക്കം മികച്ച അവസരങ്ങൾ ലഭിക്കുന്നില്ല. ആഭ്യന്തര ടൂർണമെന്റിൽ കേരള ടീമിനു വലിയ വിജയങ്ങൾ നേടാനാകാത്തതാണ് അതിനു കാരണം.
ഇന്ത്യൻ ക്രിക്കറ്റിലെ വൻശക്തിയായി കേരളത്തെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇത്തവണത്തെ സീസണിൽ ടീമിനെ മുന്നോട്ടു നയിക്കുന്നതെന്നു സച്ചിൻ പറഞ്ഞു. യുവത്വവും പരിചയ സമ്പത്തും ചേർന്ന ടീം കോംപിനേഷൻ കേരളത്തിന്റെ പ്രകടനത്തിൽ നിർണായകമായി. 2019 സീസണിൽ രഞ്ജി ട്രോഫി സെമി കളിച്ച ടീമിലെ 6 പേർ ഇത്തവണയും ടീമിലുണ്ട്. ഷോൺ റോജർ, ഏദൻ ആപ്പിൾ ടോം, വരുൺ നായനാർ എന്നീ അണ്ടർ 23 താരങ്ങളെയും അണ്ടർ 19 കേരള ടീം ക്യാപ്റ്റൻ അഹമ്മദ് ഇമ്രാനെയും ഇടയ്ക്കു രഞ്ജി ടീമിൽ ഉൾപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും സിലക്ടർമാരുടെയും മികച്ച പിന്തുണയും കളത്തിൽ പൊരുതാൻ ഊർജമായെന്നു ക്യാപ്റ്റൻ സച്ചിൻ പറഞ്ഞു.
എതിരാളികൾ ഗുജറാത്ത്; കളി കടുപ്പമാകും; സെമിഫൈനൽ 17ന്
അഹമ്മദാബാദിൽ 17ന് നടക്കുന്ന ഒന്നാം സെമിയിൽ കരുത്തരായ ഗുജറാത്തിനെയാണ് കേരളം നേരിടേണ്ടത്. ക്വാർട്ടറിൽ മുൻ ചാംപ്യൻമാരായ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും തോൽപിച്ചാണു ഗുജറാത്ത് സെമി ഉറപ്പാക്കിയത്. കേരളത്തെ പോലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഗുജറാത്തും എത്തുന്നത്. ഗ്രൂപ്പിലെ 4 മത്സരങ്ങൾ ജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയായി. പ്രിയങ്ക് പാഞ്ചാൽ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ തുടങ്ങിയ ആഭ്യന്തര താരങ്ങളാണ് ടീമിന്റെ കരുത്ത്. ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിയും ടീമിലുണ്ട്.