തുടർച്ചയായി നാലു ബൗണ്ടറി പായിച്ച് ഡക്കറ്റ്, പിന്നാലെ വിക്കറ്റെടുത്ത് മറുപടി; ‘ബുദ്ധി ഉപയോഗിച്ചെന്ന്’ രോഹിത്- വിഡിയോ

Mail This Article
അഹമ്മദാബാദ്∙ മൂന്നാം ഏകദിനത്തിനിടെ ഒരോവറിൽ തുടര്‍ച്ചയായി നാലു ബൗണ്ടറിയടിച്ച ബെൻ ഡക്കറ്റിന് അടുത്ത ഓവറിൽ മറുപടി നൽകി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ഇംഗ്ലണ്ട് മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെ ബെൻ ഡക്കറ്റിനെ പുറത്താക്കിയാണ് അര്‍ഷ്ദീപ് ഇന്ത്യയെ കളിയിലേക്കു തിരികെയെത്തിച്ചത്. അർഷ്ദീപ് എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്ത് ഡക്കറ്റിന്റെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയപ്പോൾ, മിഡ് ഓഫിൽ നിൽക്കുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചെടുക്കുകയായിരുന്നു.
സ്ലോ ബോൾ എറിഞ്ഞാണ് നന്നായി ബാറ്റു ചെയ്യുകയായിരുന്ന ഡക്കറ്റിനെ അര്‍ഷ്ദീപ് കുടുക്കിയത്. വിക്കറ്റു ലഭിച്ചതിനു പിന്നാലെ ‘ബുദ്ധി ഉപയോഗിച്ചു’ എന്നു തലയിൽ കൈവച്ചു കാണിച്ച് രോഹിത് അര്‍ഷ്ദീപിനെ അഭിനന്ദിക്കുകയും ചെയ്തു. 60 റൺസെടുത്തപ്പോഴായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റു വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അർഷ്ദീപ് എറിഞ്ഞ അഞ്ചാം ഓവറിൽ തുടർച്ചയായി നാലു ഫോറുകളാണ് ഡക്കറ്റ് ബൗണ്ടറി കടത്തിയത്. ഈ ഓവറിൽ അർഷ്ദീപ് 16 റൺസ് വഴങ്ങുകയും ചെയ്തു.
മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഓപ്പണർ ഫിൽ സോൾട്ട് വീണതും അർഷ്ദീപ് സിങ്ങിന്റെ പന്തിലായിരുന്നു. ആകെ അഞ്ചോവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് 33 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റു വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ 142 റൺസ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 356 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 34.2 ഓവറിൽ 214 റൺസിന് ഇംഗ്ലണ്ട് ഓള്‍ഔട്ടായി.