ADVERTISEMENT

മുംബൈ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ദുബായിലേക്കു പോകുമ്പോൾ ഭാര്യയും ഒപ്പം വേണമെന്ന സീനിയർ താരത്തിന്റെ ആവശ്യം ബിസിസിഐ തള്ളി. ബിസിസിഐയുടെ പുതിയ നയപ്രകാരം ദൈർഘ്യം കുറഞ്ഞ ടൂർണമെന്റുകൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ താരങ്ങൾക്ക് അനുമതിയില്ല. ഇക്കാര്യം നേരത്തേ തന്നെ താരങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ഇളവു വേണമെന്ന ആവശ്യവുമായി ഒരു സീനിയർ താരം ടീം മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നു. ഇത് അംഗീകരിച്ചില്ല. ഏതു താരമാണ് ഇങ്ങനെയൊരു ഇളവ് ആവശ്യപ്പെട്ടതെന്നു വ്യക്തമല്ല.

ഇളവുകൾ നേടി താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാൻ സാധിച്ചാൽ തന്നെ അവരുടെ ചിലവുകളൊന്നും ബിസിസിഐ വഹിക്കില്ല. സീനിയർ താരങ്ങളും ജൂനിയർ താരങ്ങളുമെല്ലാം ഒരുമിച്ചു തന്നെ യാത്ര ചെയ്യണമെന്നും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ ഐക്യം വളർത്താനാണ് ഇങ്ങനെയൊരു തീരുമാനമെന്നും ലംഘിക്കപ്പെട്ടാൽ അതിനെ ഗൗരവത്തോടെ കാണുമെന്നും ഇന്ത്യൻ ടീം അംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. അഹമ്മദാബാദിൽ നടന്ന മൂന്നാം ഏകദിനത്തിനിടെ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് താരങ്ങളെ ബിസിസിഐ അറിയിച്ചു.

ഗൗതം ഗംഭീറിന് തന്റെ പഴ്സനൽ സ്റ്റാഫിനെയും ഒപ്പം കൊണ്ടുപോകാൻ സാധിക്കില്ല. ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഗംഭീറിന്റെ കൂടെ മുഴുവൻ സമയവും ഒരു സഹായിയും ഉണ്ടായിരുന്നു. ചാംപ്യൻസ് ട്രോഫിക്ക് പുറപ്പെടുമ്പോൾ ഗംഭീറിന് ഈ ആനുകൂല്യം ഉണ്ടാകില്ല. 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി നാളെ ദുബായിലേക്കു തിരിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഭാര്യമാരോ മറ്റു കുടുംബാംഗങ്ങളോ ഉണ്ടാകില്ല.

ബോർഡർ ഗാവസ്കർ പരമ്പരയ്ക്കുശേഷമാണ് ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങളിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനു ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതാദ്യമായി നടപ്പാകുന്നത് ചാംപ്യൻസ് ട്രോഫിയിലാണ്.പുതുക്കിയ മാനദണ്ഡപ്രകാരം 45 ദിവസമോ അതിൽ കൂടുതലോ ദൈർഘ്യമുള്ള പരമ്പരകളിൽ രണ്ടാഴ്ച വരെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാണ് കളിക്കാർക്ക് അനുമതിയുള്ളത്. എന്നാൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് 3 ആഴ്ച മാത്രമാണ് ദൈർഘ്യം. 

English Summary:

Champions Trophy: The Indian cricket team will not be accompanied by family members during their trip to Dubai for the upcoming tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com