ADVERTISEMENT

മുംബൈ∙ ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ബോർഡർ – ഗാവസ്കർ ട്രോഫി കൈവിട്ടതിന്റെ ‘ക്ഷീണം’ മാറും മുൻപേ, അതേ പര്യടനത്തിൽ ഒരു ടീമംഗം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) ‘ക്ഷീണി’പ്പിച്ചതിന്റെ റിപ്പോർട്ട് പുറത്ത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഒരു താരം, ഒപ്പം കൊണ്ടുപോയത് 27 ബാഗുകളാണെന്ന വിവരമാണ് ദേശീയ മാധ്യമങ്ങൾ‌ പുറത്തുവിട്ടത്. 27 ബാഗിലുമായി ഏതാണ്ട് 2.5 കിന്റലിലധികം സാധനങ്ങളാണ് ഈ താരം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയത്. അനുവദനീയമായതിലും കൂടിയ അളവിൽ ലഗേജ് കൊണ്ടുപോയതിന് അധികമായി പണം അടയ്ക്കേണ്ടി വന്നത് ബിസിസിഐയും!

ഇന്ത്യൻ ടീമംഗങ്ങൾക്ക് വിദേശ പര്യടനങ്ങളിൽ ഒപ്പം കൊണ്ടുപോകാവുന്ന ബാഗേജിന്റെ പരിധി 150 കിലോയാക്കി നിജപ്പെടുത്തി ബിസിസിഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു താരം മാത്രം 250 കിലോയിലേറെ ലഗേജ് കൊണ്ടുപോയ വിവരം പുറത്തുവരുന്നത്. 150 കിലോയ്ക്കു മുകളിൽ ലഗേജ് കൊണ്ടുപോകുന്നതിന് നിയന്ത്രണമില്ലെങ്കിലും, ബിസിസിഐ വഹിക്കുക ഈ പരിധിക്കുള്ളിലുള്ള ലഗേജിന്റെ സാമ്പത്തിക ബാധ്യത മാത്രമായിരിക്കുമെന്നാണ് അറിയിപ്പ്.

വിദേശപര്യടനങ്ങളിൽ ഒപ്പം കൊണ്ടുപോകാവുന്ന ബാഗുകളുടെ എണ്ണത്തിലോ ഭാരത്തിലോ ബിസിസിഐ ഇതുവരെ നിയന്ത്രണം വയ്ക്കാത്തത് മുതലെടുത്താണ് ചില താരങ്ങൾ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന വിവരം. ഓസ്ട്രേലിയൻ പര്യടനത്തിൽ ഒറ്റ താരം മാത്രം 250 കിലോയിലേറെ ഭാരം വരുന്ന 27 ബാഗുകൾ കൊണ്ടുപോയതും ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്.

അതേസമയം, താരത്തിന്റെയും ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും പഴ്സനൽ സ്റ്റാഫിന്റെയും ഉൾപ്പെടെയാണ് 27 ബാഗുകളും 250 കിലോയിലധികം തൂക്കവും വന്നതെന്നാണ് വിവരം. എങ്കിലും താരത്തിനൊപ്പം വരുന്നവരുടെ ബാഗുകളും താരത്തിന്റെ കണക്കിൽപ്പെടുത്തി പണമടയ്ക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.

താരത്തിന്റെ 17 ബാറ്റുകളും കുടുംബാംഗങ്ങളുടെയും പഴ്സനൽ സ്റ്റാഫിന്റെയും സാധനസാമഗ്രികളും ഇതിൽ ഉൾപ്പെടുന്നു. ബിസിസിഐയുടെ ചട്ടപ്രകാരം താരങ്ങളുടെ കുടുംബാംഗങ്ങളുടെയും പഴ്സനൽ സ്റ്റാഫിന്റെയും ബാഗേജുകളുടെ ബാധ്യത അതാത് താരങ്ങളാണ് വഹിക്കേണ്ടത്. എന്നാൽ, ഇതിനു വിരുദ്ധമായി ഈ താരം എല്ലാ ബാഗുകളും തന്റെ കണക്കിൽപ്പെടുത്തുകയായിരുന്നു.

മാത്രമല്ല, ഈ താരത്തിന്റെ കുടുംബാംഗങ്ങളെല്ലാം പരമ്പരയിലുടനീളം ടീമിനൊപ്പം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏതാണ്ട് ഒന്നര മാസത്തോളം നീണ്ട പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിച്ചത്. ഇത്രയധികം പേരുടെ ബാഗുകൾ ഉൾപ്പെടെ ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലേക്കും തിരിച്ചും, ഓസ്ട്രേലിയയിൽത്തന്നെ നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കും വിമാനത്തിൽ കൊണ്ടുപോയതിന്റെ ചെലവത്രയും ബിസിസിഐ വഹിക്കേണ്ടി വന്നുവെന്നാണ് വിവരം. ഈ താരത്തിനായി ബിസിസിഐ ചെലവഴിക്കേണ്ടി വന്ന തുക വ്യക്തമല്ലെങ്കിലും, ലക്ഷക്കണക്കിനു രൂപയുടെ ബാധ്യത അദ്ദേഹം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്.

ഇതേ ശൈലി ടീമിലെ മറ്റു താരങ്ങളും അനുകരിച്ചേക്കുമെന്ന ആശങ്കയിലാണ്, വിദേശ പര്യടനങ്ങളുടെ കാര്യത്തിൽ ബിസിസിഐ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ടീമംഗങ്ങൾക്ക് സഹതാരങ്ങൾക്കൊപ്പം ടീം ബസിൽ സഞ്ചരിക്കാൻ മാത്രമേ അനുവാദമുള്ളൂ. വ്യക്തിപരമായ കാരണങ്ങളാൽ ടീം ബസിലെ യാത്ര ഒഴിവാക്കി സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നതിന് ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തി. ടീമിന്റെ ഐക്യം വളർത്താനാണ് ഇങ്ങനെയൊരു തീരുമാനമെന്നും ലംഘിക്കപ്പെട്ടാൽ അതിനെ ഗൗരവത്തോടെ കാണുമെന്നും ഇന്ത്യൻ ടീം അംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. അഹമ്മദാബാദിൽ നടന്ന മൂന്നാം ഏകദിനത്തിനിടെ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് താരങ്ങളെ ബിസിസിഐ അറിയിച്ചു.

ഇതിനു പുറമേയാണ്, ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ദുബായിലേക്കു പോകുമ്പോൾ ഭാര്യയും ഒപ്പം വേണമെന്ന സീനിയർ താരത്തിന്റെ ആവശ്യം ബിസിസിഐ തള്ളിയത്. ബിസിസിഐയുടെ പുതിയ നയപ്രകാരം ദൈർഘ്യം കുറഞ്ഞ ടൂർണമെന്റുകൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ താരങ്ങൾക്ക് അനുമതിയില്ല. ഇക്കാര്യം നേരത്തേ തന്നെ താരങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ഇളവു വേണമെന്ന ആവശ്യവുമായി ഒരു സീനിയർ താരം ടീം മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നു.

മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും തന്റെ പഴ്സനൽ സ്റ്റാഫിനെ ഒപ്പം കൊണ്ടുപോകാൻ സാധിക്കില്ല. ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഗംഭീറിന്റെ കൂടെ മുഴുവൻ സമയവും ഒരു സഹായിയും ഉണ്ടായിരുന്നു. ചാംപ്യൻസ് ട്രോഫിക്ക് പുറപ്പെടുമ്പോൾ ഗംഭീറിന് ഈ ആനുകൂല്യം ഉണ്ടാകില്ല. 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി നാളെ ദുബായിലേക്കു തിരിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഭാര്യമാരോ മറ്റു കുടുംബാംഗങ്ങളോ ഉണ്ടാകില്ല.

ബോർഡർ ഗാവസ്കർ പരമ്പരയ്ക്കുശേഷമാണ് ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങളിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനു ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതാദ്യമായി നടപ്പാകുന്നത് ചാംപ്യൻസ് ട്രോഫിയിലാണ്. പുതുക്കിയ മാനദണ്ഡപ്രകാരം 45 ദിവസമോ അതിൽ കൂടുതലോ ദൈർഘ്യമുള്ള പരമ്പരകളിൽ രണ്ടാഴ്ച വരെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാണ് കളിക്കാർക്ക് അനുമതിയുള്ളത്. എന്നാൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് 3 ആഴ്ച മാത്രമാണ് ദൈർഘ്യം. 

English Summary:

Indian cricketer carried 27 bags to Australia, BCCI paid in lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com