എന്തൊരു തേഡ് അംപയർ, തീരുമാനങ്ങൾ ശരിക്കും ലോകോത്തരം: സ്വന്തം ടീം ജയിച്ചതിനു പിന്നാലെ ജിൻഡാലിന് ‘വിസ്മയം’– വിഡിയോ

Mail This Article
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ തേഡ് അംപയറിന്റെ തീരുമാനങ്ങൾ അനുകൂലമായതുകൊണ്ടു മാത്രം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയം നേടിയതിനു പിന്നാലെ, തേഡ് അംപയറിനെ പ്രകീർത്തിച്ച് ഡൽഹി ടീം ഉടമ പാർഥ് ജിൻഡാൽ രംഗത്ത്. മത്സരഫലം മാറ്റിനിർത്തിയാൽ തേഡ് അംപയറിന്റെ തീരുമാനങ്ങളെല്ലാം ശരിക്കും ലോകോത്തര നിലവാരം പുലർത്തിയെന്ന് പാർഥ് ജിൻഡാൽ പ്രശംസിച്ചു. കടുത്ത സമ്മർദ്ദമുണ്ടായിരുന്നെങ്കിലും വ്യത്യസ്തമായ ആംഗിളുകൾ സമയമെടുത്ത് പരിശോധിച്ച് കൃത്യമായ തീരുമാനമെടുക്കാൻ തേഡ് അംപയറിനു കഴിഞ്ഞെന്നും ജിൻഡാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘‘ഇപ്പോൾ നടന്നുവരുന്ന വനിതാ പ്രിമിയർ ലീഗിൽ മത്സരഫലങ്ങൾ മാറ്റിനിർത്തിയാൽ, ലോകോത്തര നിലവാരം പുലർത്തുന്ന തേഡ് അംപയറിനെ അഭിനന്ദിച്ചേ മതിയാകൂ. കടുത്ത സമ്മർദ്ദ നിമിഷങ്ങൾക്കിടയിലും ദൃശ്യങ്ങളുടെ ലഭ്യമായ ആംഗിളുകളെല്ലാം പരിശോധിച്ച്, പരമാവധി റീപ്ലേകൾ കണ്ട് തേഡ് അംപയർ കൈക്കൊണ്ട തീരുമാനങ്ങൾ ലോകോത്തരം തന്നെ’ – ജിൻഡാൽ കുറിച്ചു.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി താരങ്ങൾക്കെതിരായ രണ്ട് റണ്ണൗട്ട് അപ്പീലുകൾ തേഡ് അംപയർ തള്ളിയിരുന്നു. ഡൽഹി താരങ്ങളായ ശിഖ പാണ്ഡെ, അരുദ്ധതി റെഡ്ഡി എന്നിവർക്കെതിരായ റണ്ണൗട്ട് അപ്പീലുകളാണ് തേഡ് അംപയർ വിശദമായ പരിശോധനയ്‌ക്കൊടുവിൽ തള്ളുകയും നോട്ടൗട്ട് വിളിക്കുകയും ചെയ്തത്. ഈ രണ്ടു തീരുമാനങ്ങളും മത്സരഫലത്തിൽ നിർണായകമാകുകയും ചെയ്തു. അവസാന പന്തിൽ അരുദ്ധതി റെഡ്ഡിക്കെതിരായ റണ്ണൗട്ട് അപ്പിൽ തേഡ് അംപയർ തള്ളിയതോടെയാണ് രണ്ടു റൺസ് അനുവദിക്കപ്പെട്ടതും ഡൽഹി വിജയം നേടുകയും ചെയ്തത്.