‘ചേസിങ്ങിൽ’ ഗുജറാത്തിന് കാത്തിരുന്ന വിജയം; അർധ സെഞ്ചറിയും രണ്ടു വിക്കറ്റും, നയിച്ച് ക്യാപ്റ്റൻ ആഷ്‍ലി

Mail This Article
വഡോദര∙ വനിതാ പ്രീമിയര്‍ ലീഗിൽ യുപി വാരിയേഴ്സിനെതിരെ ഗുജറാത്ത് ജയന്റ്സിന് ആറു വിക്കറ്റ് വിജയം. 144 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ വിജയ റൺസ് കുറിച്ചു. ക്യാപ്റ്റൻ ആഷ്‍ലി ഗാർഡ്നർ അർധ സെഞ്ചറി നേടി തിളങ്ങി. 32 പന്തിൽ 52 റൺസാണ് ആഷ്‍ലി അടിച്ചെടുത്തത്. ഹർലീൻ ഡിയോൾ (30 പന്തിൽ 34), ദിയേന്ത്ര ഡോട്ടിൻ (18 പന്തിൽ 33) എന്നിവർ പുറത്താകാതെനിന്നു.
വനിതാ പ്രീമിയര്‍ ലീഗിൽ ഗുജറാത്ത് രണ്ടാമതു ബാറ്റു ചെയ്ത് വിജയിക്കുന്നത് ആദ്യമായാണ്. മുൻപ് മൂന്നു തവണ രണ്ടാമതു ബാറ്റു ചെയ്യാനിറങ്ങിയപ്പോഴും ടീമിന് തോൽവിയായിരുന്നു ഫലം. മറുപടി ബാറ്റിങ്ങിൽ രണ്ടു റൺസെടുക്കുന്നതിനിടെ ഗുജറാത്തിന് രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർ ബെത് മൂണി, ദയാലൻ ഹേമലത എന്നിവർ പൂജ്യത്തിനു പുറത്തായതാണു ടീമിനു തിരിച്ചടിയായത്.
ഓപ്പണർ ലോറ വോൾവാട്ട് 24പന്തിൽ 22 റൺസെടുത്തു. ക്യാപ്റ്റൻ ആഷ്‍ലി ബാറ്റിങ്ങിനെത്തിയതോടെയാണ് ഗുജറാത്ത് താളം കണ്ടെത്തിയത്. യുപിക്കെതിരെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ബോളിങ്ങിൽ തിളങ്ങിയ ആഷ്‍ലി ബാറ്റിങ്ങിലും ഫോം ആവർത്തിച്ചു. മൂന്ന് സിക്സുകളും അഞ്ച് ഫോറുകളുമാണ് ഗുജറാത്ത് ക്യാപ്റ്റൻ വഡോദരയിൽ നേടിയത്. 12–ാം ഓവറിൽ ആഷ്‍ലി പുറത്തായെങ്കിലും ഗുജറാത്ത് വിജയം കൈവിട്ടില്ല. ഹർലീൻ ഡിയോളിനൊപ്പം ദിയേന്ത്ര ഡോട്ടിന്റെ കാമിയോ പ്രകടനം കൂടി ചേർന്നതോടെ 12 പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് വിജയത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുപി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 143 റൺസെടുത്തത്. 27 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ ദീപ്തി ശർമയാണ് യുപിയുടെ ടോപ് സ്കോറർ. ഉമ ഛേത്രി (27 പന്തിൽ 24), അലന കിങ് (14 പന്തിൽ 19), ശ്വേത സെഹ്‍റാവത്ത് (18 പന്തിൽ 16) എന്നിവരാണ് യുപിയുടെ മറ്റു പ്രധാന റൺവേട്ടക്കാർ. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ജയന്റ്സ് യുപിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. വാലറ്റത്ത് അലന കിങ്ങാണ് യുപി ഇന്നിങ്സിലെ ഏക സിക്സ് നേടിയത്. നാലോവറുകൾ പന്തെറിഞ്ഞ ഗുജറാത്തിന്റെ പ്രിയ മിശ്ര 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആഷ്‍ലി ഗാർഡ്നർ, ദിയേന്ത്ര ഡോട്ടിൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി.