ഇത്തവണ വിവാദങ്ങളില്ല, വിജയവും; ആർസിബിയെ സ്മൃതി (47 പന്തിൽ 81) മുന്നിൽനിന്ന് നയിച്ചു, ഡൽഹിക്ക് ആദ്യ തോൽവി

Mail This Article
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ ക്യാപ്റ്റൻ സ്മൃതി മന്ഥന തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസ വിജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ആർസിബി ഡൽഹിയെ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 19.3 ഓവറിൽ 141 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ആർസിബി 22 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
സീസണിൽ ആർസിബിയുടെ തുടർച്ചയായ രണ്ടാം ജയവും ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്. സീസണിലെ ആദ്യ മത്സരത്തിൽ വിവാദത്തിന്റെ അകമ്പടിയോടെയാണ് ഡൽഹി ഹർമൻപ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് തോൽപ്പിച്ചത്. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ ആറു വിക്കറ്റിനാണ് ആർസിബി തകർത്തത്.
ഡൽഹിക്കെതിരെ 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിക്ക്, ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തകർപ്പൻ അർധസെഞ്ചറിയാണ് കരുത്തായത്. 47 പന്തുകൾ നേരിട്ട സ്മൃതി 10 ഫോറും മൂന്നു സിക്സും സഹിതം 81 റൺസെടുത്ത് പുറത്തായി. സഹ ഓപ്പണർ ഡാനിയേല വ്യാട്ട് ഹോജ് 33 പന്തിൽ ഏഴു ഫോറുകൾ സഹിതം 42 റൺസെടുത്തു.
ഓപ്പണിങ് വിക്കറ്റിൽ ഇരുവരും സെഞ്ചറി കൂട്ടുകെട്ട് തീർത്തപ്പോൾത്തന്നെ ആർസിബിയുടെ വിജയം സുനിശ്ചിതമായിരുന്നു. വെറും 65 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 107 റൺസാണ്. ആദ്യം ഡാനിയേലയും വിജയത്തിന്റെ വക്കിൽ സ്മൃതിയും പുറത്തായെങ്കിലും എലിസ് പെറിയും (13 പന്തിൽ ഏഴ്), റിച്ച ഘോഷും (അഞ്ച് പന്തിൽ 11) ചേർന്ന് ആർസിബിയെ വിജയത്തിലെത്തിച്ചു. ഡൽഹിക്കായി ശിഖ പാണ്ഡെ, അരുദ്ധതി റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
∙ ‘പിടിച്ചുകെട്ടി’ ആർസിബി
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി, 19.3 ഓവറിൽ 141 റൺസിന് എല്ലാവരും പുറത്തായി. 22 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 34 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഡൽഹിയുടെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ബാറ്റർ സാറാ ബ്രൈസ് (19 പന്തിൽ രണ്ടു ഫോറുകളോടെ 23), അന്നബെൽ സുതർലൻഡ് (13 പന്തിൽ ഒരു സിക്സ് സഹിതം 19), ശിഖ പാണ്ഡെ (15 പന്തിൽ ഒരു ഫോർ സഹിതം 14), മാരിസെയ്ൻ കാപ്പ് (13 പന്തിൽ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മലയാളി താരം മിന്നു മണി നാലു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.
ആർസിബിക്കായി രേണുക താക്കൂർ നാല് ഓവറിൽ 23 റൺസ് വഴങ്ങിയും ജോർജിയ വെയർഹം നാല് ഓവറിൽ 25 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കിം ഗാർത്ത്, ഏക്ദാ ബിഷ്ത് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു.