2019ലെ ഏകദിന ലോകകപ്പിനു ശേഷം പ്രയാണം താഴേക്ക്, ഇംഗ്ലണ്ടിന്റെ സ്വപ്നം കന്നി ചാംപ്യൻസ് ട്രോഫി കിരീടം

Mail This Article
ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ട് ടീമിന്റെ താഴോട്ടുള്ള പ്രയാണം തുടങ്ങിയത് ഒരു കൊടുമുടിയിൽ നിന്നാണ്; 2019ലെ ലോകകപ്പ് വിജയത്തിലൂടെ. അതിനുശേഷം 65 ഏകദിനങ്ങൾ കളിച്ച ഇംഗ്ലണ്ട് ടീമിന് ജയിക്കാനായത് 29 മത്സരങ്ങളിൽ മാത്രം. 2023 ലോകകപ്പിലെ ഏഴാം സ്ഥാനവും കഴിഞ്ഞവർഷത്തെ തുടർച്ചയായ തോൽവികളുമായി ഇംഗ്ലണ്ട് ടീം ആരാധകരെ നിരാശരാക്കിക്കൊണ്ടിരിക്കുന്നു. അലസത മാറ്റി വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്താൻ ഇംഗ്ലണ്ടിന് ഏറ്റവും നല്ല അവസരമാണ് ചാംപ്യൻസ് ട്രോഫി.
വൈറ്റ്‌ബോൾ ക്രിക്കറ്റിലെ മറ്റു ലോക കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ടീമിന് ഇതുവരെ ചാംപ്യൻസ് ട്രോഫി നേടാനായിട്ടില്ല. 2004ലും 2013ലും റണ്ണറപ്പായതാണ് ഇതുവരെയുള്ള മികച്ച നേട്ടം.
FORM
ഏകദിനത്തിൽ സമീപകാലത്തെ ഏറ്റവും മോശം റെക്കോർഡുമായാണ് ഇംഗ്ലണ്ട് ടീം ചാംപ്യൻസ് ട്രോഫിക്ക് എത്തുന്നത്. 2023 ലോകകപ്പിനുശേഷം 14 മത്സരങ്ങൾ കളിച്ച ടീം പത്തിലും തോൽവി വഴങ്ങി. 4 പരമ്പരകളും അടിയറവച്ചു. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ സമ്പൂർണ തോൽവിയുടെ (3–0) നീറ്റലുമായി ചാംപ്യൻസ് ട്രോഫിക്കെത്തുന്ന ടീം ഐസിസി റാങ്കിങ്ങിൽ ഏഴാമതാണ്.
STRENGTH
ജോസ് ബട്‌ലർ, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൻ, ബെൻ ഡക്കറ്റ്, ജോ റൂട്ട് എന്നിവർ അണിനിരക്കുന്ന ബാറ്റിങ് നിര ഏതൊരു ടീമിന്റെയും പേടിസ്വപ്നമാണ്. ഈ സൂപ്പർതാരങ്ങളിൽ പലരും വിട്ടുനിന്നതാണ് സമീപകാലത്തെ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തിനു കാരണമെന്ന വാദമുണ്ട്. 2023 ലോകപ്പിനുശേഷം ബട്‌ലർ 6 മത്സരങ്ങളും ജോ റൂട്ട് 3 മത്സരങ്ങളും മാത്രമാണ് കളിച്ചത്. കഴിഞ്ഞ 11 ഇന്നിങ്സുകളിൽനിന്ന് 530 റൺസ് നേടിയ ഓപ്പണർ ഡക്കറ്റിന്റെ പരുക്ക് ഭേദമായത് ഇംഗ്ലണ്ടിന് ആശ്വാസ വാർത്തയായി. ഏഷ്യൻ ഗ്രൗണ്ടുകളിൽ മികച്ച റെക്കോർഡുള്ള ലെഗ് സ്പിന്നർ ആദിൽ റഷീദ് ടൂർണമെന്റിൽ ടീമിന്റെ തുറുപ്പുചീട്ടാകും.
WEAKNESS
കടലാസിൽ കരുത്തരായ ഇംഗ്ലിഷ് ബാറ്റിങ് നിര സ്പിൻ ബോളർമാർക്കെതിരെ വെള്ളംകുടിക്കുന്നതാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ കണ്ടത്. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് റൗണ്ടിൽ ഇംഗ്ലണ്ടിന്റെ എതിരാളികളായ അഫ്ഗാന്റെ പ്രധാന കരുത്തും സ്പിൻ ബോളിങ്ങാണ്. ആദിൽ റഷീദിനൊപ്പം മറ്റൊരു സ്പെഷലിസ്റ്റ് സ്പിന്നർ ഇല്ലാത്തതും മാർക്ക് വുഡ‍്, ജോഫ്ര ആർച്ചർ എന്നിവരെ നിരന്തരം പരുക്കു വേട്ടയാടുന്നതും ഇംഗ്ലണ്ടിന്റെ തലവേദനകളാണ്.