ആദ്യ ദിനം 89 ഓവറിൽ 4ന് 206, 2–ാം ദിനം 88 ഓവറിൽ 3ന് 212, ആകെ 7ന് 418; കേരളം ‘പ്രതിരോധ പ്ലാനി’ൽത്തന്നെ, അസ്ഹർ (149) ക്രീസിൽ

Mail This Article
അഹമ്മദാബാദ്∙ ഒന്നാം ദിനം 89 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ്, രണ്ടാം ദിനം 88 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ്! ഇഴഞ്ഞുനീങ്ങിയ ഇന്നിങ്സുമായി തുടർച്ചയായ രണ്ടാം ദിനവും ഗുജറാത്തിന്റെ കണക്കുകൂട്ടലുകളും സമനിലയും തെറ്റിച്ച കേരളം, രഞ്ജി ട്രോഫി സെമിയുടെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എന്ന നിലയിൽ. 177 ഓവറിലാണ് കേരളം 418 റൺസെടുത്തത്. തകർപ്പൻ സെഞ്ചറിയുമായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനും (149), അതിഥി താരം ആദിത്യ സർവാതെയും (10) ക്രീസിലുണ്ട്. പിരിയാത്ത എട്ടാം വിക്കറ്റിൽ ഇരുവരും 43 പന്തിൽ കൂട്ടിച്ചേർത്തത് 23 റൺസ്.
ഇതുവരെ 303 പന്തുകൾ നേരിട്ട മുഹമ്മദ് അസ്ഹറുദ്ദീൻ, 17 ഫോറുകൾ സഹിതമാണ് 149 റൺസെടുത്തത്. ആദിത്യ സർവാതെ 22 പന്തിൽ ഒരേയൊരു ഫോർ സഹിതം 10 റൺസെടുത്തു. ഇന്ന് 88 ഓവർ ക്രീസിൽനിന്ന കേരളം മൂന്നു വിക്കറ്റ് മാത്രമാണ് നഷ്ടമാക്കിയത്. രണ്ടാം ദിനത്തിലെ രണ്ടാം പന്തിൽത്തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ നഷ്ടമായതാണ് അതിലൊന്ന്. 195 പന്തിൽ എട്ടു ഫോറുകളോടെ 69 റൺസെടുത്താണ് സച്ചിൻ പുറത്തായത്. 202 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്ത സൽമാൻ നിസാറാണ് പുറത്തായ മറ്റൊരാൾ. അരങ്ങേറ്റ മത്സരം കളിക്കുന്ന അഹമ്മദ് ഇമ്രാൻ 66 പന്തിൽ മൂന്നു ഫോറുകളോടെ 24 റൺസെടുത്തും പുറത്തായി.
ഒരറ്റത്ത് ഉറച്ചുനിന്ന മുഹമ്മദ് അസ്ഹറുദ്ദീൻ തന്നെയാണ് രണ്ടാം ദിനത്തിൽ കേരളത്തിന്റെ ഹീറോ. അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബിക്കൊപ്പം 128 പന്തിൽ 49 റൺസ്, ആറാം വിക്കറ്റിൽ സൽമാൻ നിസാറിനൊപ്പം 368 പന്തിൽ 149 റൺസ്, ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 116 പന്തിൽ 40 റൺസ്, പിരിയാത്ത എട്ടാം വിക്കറ്റിൽ ആദിത്യ സർവാതെയ്‌ക്കൊപ്പം 43 പന്തിൽ 23 റൺസ്... മുഹമ്മദ് അസ്ഹറുദ്ദീൻ പങ്കാളിയായ ഇത്രയും കൂട്ടുകെട്ടുകൾ കൂടി ചേർന്നതോടെയാണ് കേരളം രണ്ടാം ദിനം ഏഴിന് 418 റൺസ് എന്ന നിലയിൽ എത്തിയത്.

കേരളത്തിന് ഇന്നു നഷ്ടമായ മൂന്നു വിക്കറ്റുകളിൽ രണ്ടും അർസാൻ നഗ്‌വാസ്‌വല്ല സ്വന്തമാക്കി. ഒരു വിക്കറ്റ് വിശാൽ ജയ്‌സ്വാളിനാണ്. നഗ്‌വാസ്‌വല്ല 29 ഓവറിൽ 64 റൺസ് വഴങ്ങി ആകെ മൂന്നു വിക്കറ്റ് വീഴ്ത്തി. ജയ്സ്വാളിനു പുറമേ പ്രിയജിത് സിങ് ജഡേജ, രവി ബിഷ്ണോയ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ഇന്ത്യൻ ജഴ്സിയിൽ സ്ഥിരം സാന്നിധ്യമായ ബിഷ്ണോയ്, 30 ഓവറിൽ 74 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
∙ സെഞ്ചറിത്തിളക്കത്തിൽ അസ്ഹർ
ഇന്ത്യൻ ജഴ്സിയിൽ ചിരപരിചിതനായ രവി ബിഷ്ണോയിക്കെതിരെ ഒരു ഓവറിൽ മൂന്നു ഫോറുകളുമായി 99ലേക്ക്. രണ്ട് ഓവറുകളുടെ ഇടവേളയ്ക്കു ശേഷം സിദ്ധാർഥ് ദേശായിക്കെതിരെ സിംഗിളെടുത്ത് സെഞ്ചറിത്തിളക്കത്തിൽ. ആക്രമണവും പ്രതിരോധവും സമാസമം ചേർത്താണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ചറി പൂർത്തിയാക്കിയത്. 175 പന്തിൽ 13 ഫോറുകളോടെയാണ് അസ്ഹറുദ്ദീൻ സെഞ്ചറി പൂർത്തിയാക്കിയത്.

നേരത്തെ, രഞ്ജി ട്രോഫി സെമിഫൈനലിന്റെ രണ്ടാം ദിനം ക്യാപ്റ്റൻ സച്ചിൻ ബേബിയെ രണ്ടാം പന്തിൽത്തന്നെ പുറത്താക്കി മികച്ച തുടക്കമിട്ട ഗുജറാത്തിന് അസാമാന്യ പ്രതിരോധ മികവുമായാണ് കേരളം ഉശിരൻ തിരിച്ചടി നൽകിയത്. രണ്ടാം ദിനം ആദ്യ സെഷൻ പൂർത്തിയാക്കി ഇരു ടീമുകളും ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ, 120 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിലായിരുന്നു കേരളം.

ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് രണ്ടാം ദിനം പുറത്തായ ഏക കേരള ബാറ്റർ. 195 പന്തിൽ എട്ടു ഫോറുകൾ സഹിതം 69 റൺസെടുത്ത സച്ചിനെ, അർസാൻ നഗ്‌വാസ്‌വല്ലയാണ് പുറത്താക്കിയത്. സ്ലിപ്പിൽ ആര്യ ദേശായ് ക്യാച്ചെടുത്തു. 80 ഓവറുകൾക്കു ശേഷം ബോളിങ് ടീമിനു പുതിയ ബോൾ എടുക്കാമെങ്കിലും ഇന്നലെ ഗുജറാത്ത് ക്യാപ്റ്റൻ ചിന്തൻ ഗജ പുതിയ ബോൾ ആവശ്യപ്പെട്ടത് 86–ാം ഓവറിലാണ്. മിനുസം അധികം നഷ്ടപ്പെടാത്ത ബോൾ ഇന്ന് അന്തരീക്ഷ ഈർപ്പമുള്ള ആദ്യ സെഷനിൽ ഉപയോഗിക്കാനുള്ള തന്ത്രമായിരുന്നു ഇത്. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഈ കെണിയിൽ വീണത് ആശങ്ക സൃഷ്ടിച്ചെങ്കിലും, തുടർന്ന് ക്രീസിൽ ഒരുമിച്ച അസ്ഹറും നിസാറും ചേർന്ന് കേരളത്തെ സുരക്ഷിത തീരത്തേക്ക് നയിച്ചു.
ഇതിനിടെ ഗുജറാത്ത് താരങ്ങൾ ക്യാച്ച് കൈവിട്ട് സഹായിച്ചതും നിർണായകമായി. രവി ബിഷ്ണോയിയുടെ പന്തിൽ സൽമാൻ നിസാറിനെ വിക്കറ്റ് കീപ്പർ കൈവിട്ടപ്പോൾ, അർധസെഞ്ചറിയിലെത്തും മുൻപേ അഹ്സറിനെ സ്ലിപ്പിലും ഗുജറാത്ത് താരങ്ങൾ കൈവിട്ടു. ഇതിനിടെ അസ്ഹറിനെതിരായ എൽബിഡബ്ല്യു അപ്പീൽ അംപർ നിരസിച്ചെങ്കിലും ഗുജറാത്ത് താരങ്ങൾ ഡിആർഎസ് ആവശ്യപ്പെടാത്തത് കേരളത്തിന് രക്ഷയായി. ആ പന്തിൽ അസ്ഹർ ശരിക്കും പുറത്തായിരുന്നു.
∙ കരുതലിന്റെ മികവ്
89 ഓവറിൽ 4 വിക്കറ്റിന് 206 റൺസ്. ശരാശരി 2 റൺസിനു മുകളിൽ മാത്രം. രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിലെ ആദ്യ ദിനം കേരളത്തിന്റെ സ്കോർ ഇഴഞ്ഞാണ് നീങ്ങിയതെങ്കിലും എതിരാളികളായ ഗുജറാത്തിന്റെ കണക്കുകൂട്ടലും സമനിലയും തെറ്റിക്കുന്നതായിരുന്നു ആ പ്രതിരോധ മികവ്. മത്സരം പുരോഗമിക്കും തോറും ബാറ്റിങ് ദുഷ്കരമാകുന്ന പിച്ചിൽ ആദ്യ ദിനങ്ങളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി സ്കോർ ചെയ്ത് ഒന്നാം ഇന്നിങ്സ് ലീഡ് നേടാനുളള കേരള തന്ത്രം പൊളിക്കാൻ 7 ബോളർമാരെ ഇറക്കിയിട്ടും ആതിഥേയർക്കു സാധിച്ചില്ല.
ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ അർധ സെഞ്ചറി (193 പന്തിൽ 8 ഫോറുകൾ സഹിതം പുറത്താകാതെ 69) ആണ് കേരള ഇന്നിങ്സിൽ നിർണായകമായത്. മുപ്പത്തിയാറുകാരൻ സച്ചിൻ ബേബിയുടെ 28–ാം ഫസ്റ്റ് ക്ലാസ് അർധസെഞ്ചറിയാണിത്. ആഗ്രഹിച്ച ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് അക്ഷയ് ചന്ദ്രനും (30) രോഹൻ എസ്. കുന്നുമ്മലും (30) ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടുമായി (60) ഇരുവരും മുന്നേറുന്നതിനിടെ അക്ഷയ് റണ്ണൗട്ടായി. 3 റൺസ്കൂടി നേടുന്നതിനിടെ രോഹനെ രവി ബിഷ്ണോയ് വിക്കറ്റിനു മുന്നിൽ കുടുക്കുകകൂടി ചെയ്തതോടെയാണ് സ്കോറിങ്ങിന്റെ വേഗം കുറഞ്ഞത്.
അരങ്ങേറ്റ മത്സരം കളിച്ച വരുൺ നായനാരും (10) പുറത്തായതോടെ പരിചയ സമ്പന്നരായ സച്ചിനും ജലജ് സക്‌സേനയും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടം ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. 71 റൺസിന്റെ ഈ കൂട്ടുകെട്ട് നിർണായകമാവുകയും ചെയ്തു. പേസർ അർസൻ നാഗ്‌വാസ്‌വാലയുടെ ബോളിൽ എൽബിഡബ്ല്യുവിനു വേണ്ടിയുള്ള ഗുജറാത്തിന്റെ ഡിആർഎസിനെ ജലജ് അതിജീവിച്ചെങ്കിലും അടുത്ത പന്തിൽത്തന്നെ കുറ്റി തെറിച്ചു. പിന്നീട് ക്രീസിൽ ഒരുമിച്ച സച്ചിൻ ബേബി – മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം കൂടുതൽ നഷ്ടം കൂടാതെ ഒന്നാം ദിനം പൂർത്തിയാക്കി. ഇതിനിടെ 86.3 ഓവറിൽ കേരളം 200 റൺസിലെത്തി. ഇന്നലെ 470 ഡോട്ട് ബോളുകളാണ് കേരള ഇന്നിങ്സിലുണ്ടായത്.