ഇംഗ്ലണ്ടിനെ ‘ബാസ് ബോൾ’ പഠിപ്പിച്ച് ജോഷ്, 86 പന്തിൽ 120; 15 പന്ത് ബാക്കി നിൽക്കെ റെക്കോർഡ് സ്കോർ മറികടന്ന് ഓസ്ട്രേലിയ

Mail This Article
ലഹോർ∙ ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യവും ചേസിങ്ങും കണ്ട ത്രില്ലർ പോരാട്ടത്തിൽ ഒടുവിൽ ഇംഗ്ലണ്ട് വീണു. ടൂർണമെന്റിലെ കരുത്തൻമാർ ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കു നേർ വന്ന പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. ‘ബാസ് ബോൾ’ എന്ന ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ശൈലിയിൽ, ഓസീസ് ബാറ്റർ ജോഷ് ഇംഗ്ലിസിന്റെ ബാറ്റിൽനിന്ന് ബൗണ്ടറികൾ തുടർച്ചയായി പാഞ്ഞതോടെ ജോഫ്ര ആർച്ചര്‍ ഉള്‍പ്പടെയുള്ള ബോളർമാർക്കു മറുപടിയില്ലാതായി. ഇംഗ്ലണ്ട് ഉയർത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയ എത്തിയത്. സ്കോർ– ഇംഗ്ലണ്ട് 50 ഓവറിൽ എട്ടിന് 351, ഓസ്ട്രേലിയ 47.3 ഓവറിൽ അഞ്ചിന് 356.
86 പന്തിൽ 120 റൺസെടുത്ത ജോഷ് ഇംഗ്ലിസ് പുറത്താകാതെനിന്നു. ആറു സിക്സുകളും എട്ടു ഫോറുകളുമാണു താരം ലഹോറിൽ അടിച്ചുകൂട്ടിയത്. മാർക് വുഡ് എറിഞ്ഞ 48–ാം ഓവറിലെ മൂന്നാം പന്ത് ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ ഗാലറിയിലെത്തിച്ച് ജോഷ് തന്നെ ഓസ്ട്രേലിയയുടെ വിജയ റൺസ് കുറിച്ചു. മാത്യു ഷോര്‍ട്ട് (63), അലക്സ് ക്യാരി (69) എന്നിവർ ഓസീസിനായി അർധ സെഞ്ചറിയുമായി തിളങ്ങി. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ട്രാവിസ് ഹെഡ് (ആറ്), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (അഞ്ച്) എന്നിവരെ ഓസ്ട്രേലിയയ്ക്കു നഷ്ടമായിരുന്നു. പക്ഷേ മാത്യു ഷോർട്ടും (66 പന്തിൽ 63) മാർനസ് ലബുഷെയ്നും ചേർന്ന് ഓസ്ട്രേലിയൻ സ്കോർ 100 കടത്തി.
അർധ സെഞ്ചറിക്കു തൊട്ടു മുൻപ് ലബുഷെയ്നെ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച് ആദിൽ റാഷിദ് ഇംഗ്ലണ്ടിനു പ്രതീക്ഷ നൽകി. പക്ഷേ പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസ് തുടര്‍ച്ചയായി വമ്പൻ ബൗണ്ടറികൾ പായിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. അർധ സെഞ്ചറി നേടിയ മാത്യു ഷോർട്ടിനെ ലിയാം ലിവിങ്സ്റ്റൻ സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കി. 77 പന്തുകളിൽനിന്നാണ് ജോഷ് സെഞ്ചറിയിലെത്തിയത്. ഗ്ലെൻ മാക്സ്‍വെല്ലും തകർത്തടിച്ചതോടെ അവസാന 20 പന്തുകളിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ ഒൻപതു റൺസ് കൂടി മതിയായിരുന്നു. 47.3 ഓവറിൽ ഓസ്ട്രേലിയ വിജയ റൺസ് കുറിച്ചു.
റെക്കോർഡ് സ്കോർ അടിച്ച് ഡക്കറ്റും ഇംഗ്ലണ്ടും
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു. 143 പന്തുകൾ നേരിട്ട ഓപ്പണർ ബെൻ ഡക്കറ്റ് 165 റൺസെടുത്തു പുറത്തായി. മൂന്ന് സിക്സുകളും 17 ഫോറുകളുമാണ് ലഹോറിൽ ഡക്കറ്റ് അടിച്ചുകൂട്ടിയത്. ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ചാംപ്യൻസ് ട്രോഫിയിൽ 150ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ബാറ്ററും കൂടിയാണ് 30 വയസ്സുകാരനായ ഡക്കറ്റ്. 78 പന്തുകൾ നേരിട്ട മധ്യനിര താരം ജോ റൂട്ട് 68 റൺസെടുത്തു പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നില്ല. 13 റൺസെടുത്തു നിൽക്കെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ 10 റൺസെടുത്ത ഫിൽ സോൾട്ടിനെ ബെൻ ഡ്വാർഷിയൂസിന്റെ പന്തിൽ അലക്സ് ക്യാരി ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 15 റൺസെടുത്ത ജെയ്മി സ്മിത്തും സമാന രീതിയിലാണ് ഔട്ടായത്. എന്നാൽ ജോ റൂട്ടും ബെൻ ഡക്കറ്റും ചേർന്നതോടെ ഇംഗ്ലണ്ടിന്റെ ആശങ്കകകൾ അകന്നു. ഇംഗ്ലണ്ട് 14 ഓവറിൽ 100 ഉം, 30 ഓവറിൽ 200 ഉം കടന്നു.

201ൽ നിൽക്കെ ജോ റൂട്ടിനെ ആദം സാംപ വിക്കറ്റിനു മുന്നിൽ കുരുക്കി. 95 പന്തുകളിൽ ഒരു സിക്സും 11 ഫോറുകളും അടിച്ചാണ് ഡക്കറ്റ് സെഞ്ചറിയിലെത്തിയത്. ഹാരി ബ്രൂക്കും (മൂന്ന്), ക്യാപ്റ്റൻ ജോസ് ബട്‍ലറും (21 പന്തിൽ 23) വലിയ സ്കോർ കണ്ടെത്താതെ പുറത്തായത് ഇംഗ്ലണ്ടിനു നിരാശയായി. ഡക്കറ്റ് തകർപ്പൻ ബാറ്റിങ് തുടർന്നതോടെ ചാംപ്യൻസ് ട്രോഫിയിലെ ഉയർന്ന വ്യക്തിഗത സ്കോർ താരത്തിന്റെ പേരിലായി. 2004ൽ യുഎസിനെതിരെ ന്യൂസീലൻഡ് താരം നേഥൻ ആസ്റ്റ്ൽ നേടിയ 145 റൺസായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോർ. അവസാന പന്തുകളിൽ തകർത്തടിക്കാൻ ശ്രമിച്ച ലിയാം ലിവിങ്സ്റ്റന് 12 റൺസ് കണ്ടെത്താൻ മാത്രമാണു സാധിച്ചത്. ബെൻ ഡ്വാർഷുസിന്റെ പന്തിൽ ഉയർത്തി അടിച്ച താരത്തെ ബൗണ്ടറി ലൈനിനു സമീപത്തുവച്ച് നേഥൻ എല്ലിസ് ക്യാച്ചെടുത്തു പുറത്താക്കി. ഇംഗ്ലണ്ടിന്റെ പ്രധാന ബോളർമാർക്കൊന്നും പുറത്താക്കാൻ സാധിക്കാതിരുന്ന ഡക്കറ്റിനെ പാർട്ട് ടൈമറായി എത്തിയ മാർനസ് ലബുഷെയ്നാണു മടക്കിയത്. ലബുഷെയ്ൻ എറിഞ്ഞ 48–ാം ഓവറിലെ രണ്ടാം പന്തിൽ ഡക്കറ്റ് എൽബിഡബ്ല്യു ആകുകയായിരുന്നു. വാലറ്റത്ത് 10 പന്തുകൾ നേരിട്ട ജോഫ്ര ആർച്ചർ 21 റൺസുമായി പുറത്താകാതെനിന്നു. ഓസ്ട്രേലിയയ്ക്കായി ബെൻ ഡ്വാർഷുസ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആദം സാംപയും മാർനസ് ലബുഷെയ്നും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.