തകർത്തടിച്ച് ജെസ് ജൊനാസൻ (32 പന്തിൽ 61 നോട്ടൗട്ട്); ഗുജറാത്തിനെ വീഴ്ത്തി മൂന്നാം ജയത്തോടെ ഡൽഹി ഒന്നാമത്

Mail This Article
ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ ആറു വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഡൽഹിയുടെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 127 റൺസ്. മറുപടി ബാറ്റിങ്ങിൽ 29 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലെത്തി.
അർധസെഞ്ചറി നേടിയ ജെസ് ജൊനാസനാണ് ഡൽഹിക്ക് അനായാസ വിജയം സമ്മാനിച്ചത്. ജൊനാസൻ 32 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 61 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഷഫാലി വർമ 27 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 44 റൺസെടുത്തു.
നേരത്തെ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ശിഖ പാണ്ഡെ, മരിസെയ്ൻ കാപ്പ്, അന്നബെൽ സുതർലൻഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഡൽഹി ഗുജറാത്തിനെ 127 റൺസിൽ ഒതുക്കിയത്. 29 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40 റൺസുമായി പുറത്താകാതെ നിന്ന ഭാരതി ഫുൽമാലിയാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.