ഒറ്റ വിക്കറ്റ് ബാക്കിനിൽക്കെ 20–ാം ഓവറിൽ 17 റൺസടിച്ച് സോഫി, ഡബ്ല്യുപിഎൽ ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവർ; സ്മൃതിയും സംഘവും വീണു– വിഡിയോ

Mail This Article
ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗിന്റെ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിലേക്കു നീണ്ട ‘സൂപ്പർ’ പോരാട്ടത്തിൽ, ഇന്ത്യൻ സൂപ്പർതാരം സ്മൃതി മന്ഥന നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ യുപി വോറിയേഴ്സിന് ആവേശ ജയം. അവസാന നിമിഷം വരെ വിജയമുറപ്പിച്ച് കളിച്ച ആർസിബിയെ, അവസാന ഓവറിൽ ബാറ്റുകൊണ്ടും സൂപ്പർ ഓവറിൽ പന്തുകൊണ്ടും സോഫി എക്ലെസ്റ്റൻ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിന്റെ ബലത്തിലാണ് യുപി വോറിയേഴ്സ് മറികടന്നത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 180 റൺസ്. മറുപടി ബാറ്റിങ്ങിൽ യുപി വോറിയേഴ്സും 20 ഓവറിൽ 180 റൺസെടുത്തതോടെയാണ് സൂപ്പർ ഓവറിലൂടെ വിജയികളെ കണ്ടെത്തിയത്. സൂപ്പർ ഓവറിൽ യുപി ഒരു വിക്കറ്റ് നഷ്ടത്തിൽ 8 റൺസെടുത്തപ്പോൾ ബെംഗളൂരുവിന് 4 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് താരം സോഫി എക്ലെസ്റ്റനാണ് സൂപ്പർ ഓവറിൽ യുപിക്കായി പന്തെറിഞ്ഞത്. ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ഥന, റിച്ച ഘോഷ് എന്നിവരെ കാഴ്ചക്കാരാക്കിയാണ് സോഫി യുപിക്ക് സൂപ്പർ വിജയം സമ്മാനിച്ചത്.
ആർസിബി ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി വോറിയേഴ്സ്, 19 ഓവർ പൂർത്തിയാകുമ്പോൾ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എന്ന നിലയിലായിരുന്നു. ആർസിബിയുടെ വിശ്വസ്ത ബോളർ രേണുക താക്കൂറിന് ഒരു ഓവർ ശേഷിക്കെ, ഒറ്റ വിക്കറ്റ് കൈവശമുള്ള യുപിക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 18 റൺസ്. ആദ്യ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത രേണുക അനായാസ വിജയം സമ്മാനിക്കുമെന്ന് ആർസിബി താരങ്ങളും ആരാധകരും ഉറപ്പിച്ചിരിക്കെയാണ് അദ്ഭുതം സംഭവിച്ചത്.
ആദ്യ പന്തു നേരിട്ട എക്ലെസ്റ്റന് റണ്ണൊന്നും നേടാനായില്ല. ഇതോടെ വിജയലക്ഷ്യം അഞ്ച് പന്തിൽ 18 റൺസ്. ഒറ്റ വിക്കറ്റ് മാത്രമേ കൈവശമുള്ളൂ എന്ന സമ്മർദ്ദമൊന്നുമില്ലാതെ ബാറ്റു ചെയ്ത എക്ലെസ്റ്റൻ, അടുത്ത രണ്ടു പന്തും നിലം തൊടാതെ ഗാലറിയിലെത്തിച്ചാണ് യുപിക്ക് ‘അപ്രതീക്ഷിത പ്രതീക്ഷ’ സമ്മാനിച്ചത്. ഇതോടെ വിജയലക്ഷ്യം അവസാന മൂന്നു പന്തിൽ ആറു റണ്‍സ്. നാലാം പന്തിൽ എക്ലെസ്റ്റൻ ഫോർ നേടിയതോടെ വിജയലക്ഷ്യം 2 പന്തിൽ 2 റൺസായി ചുരുങ്ങി. അഞ്ചാം പന്തിൽ സോഫി സിംഗിൾ നേടിയെങ്കിലും, അവസാന പന്തിൽ റണ്ണൗട്ടായതോടെ മത്സരം ടൈ! ഇതോടെയാണ് വനിതാ പ്രിമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.