ഗദ്ദാഫി സ്റ്റേഡിയത്തിൽ ‘പണി പറ്റിച്ച്’ അഫ്ഗാനിസ്ഥാൻ; 8 റൺസ് തോൽവിയോടെ ഇംഗ്ലണ്ട് ചാംപ്യൻസ് ട്രോഫിയിൽ സെമി കാണാതെ പുറത്ത്

Mail This Article
ലഹോർ∙ ഇംഗ്ലിഷ് ബോളർമാരെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ‘വളഞ്ഞിട്ടു തല്ലി’ ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡിലേക്ക് പന്തടിച്ചുകയറിയ ഇബ്രാഹിം സദ്രാന്, അഫ്ഗാന്റെ ഹൃദയം നിറഞ്ഞ നന്ദി. ചാംപ്യൻസ് ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ എട്ടു റൺസിന് ഇംഗ്ലണ്ടിനെ തകർത്ത് അഫ്ഗാനിസ്ഥാൻ സെമി പ്രതീക്ഷ നിലനിർത്തിയപ്പോൾ, തുടർച്ചയായ രണ്ടാം തോൽവിയോടെ ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 325 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു പന്തു ബാക്കിനിൽക്കെ ഇംഗ്ലണ്ട് 317 റൺസിന് പുറത്തായി.
അഞ്ച് വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ഏകദിന സെഞ്ചറി നേടിയ ജോ റൂട്ടിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. 111 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 120 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 9.5 ഓവറിൽ 58 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാൻ ബോളർമാരിൽ തിളങ്ങിയത്. മുഹമമദ് നബി രണ്ടും ഫസൽഹഖ് ഫാറൂഖി, റാഷിദ് ഖാൻ ഗുൽബാദിൻ നായിബ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ട് താരങ്ങളിൽ ഓപ്പണർ ബെൻ ഡക്കറ്റ് (45 പന്തിൽ 38), ക്യാപ്റ്റൻ ജോസ് ബട്‍ലർ (42 പന്തിൽ 38), ജെയ്മി ഓവർട്ടൻ (28 പന്തിൽ 32), ഹാരി ബ്രൂക്ക് (21 പന്തിൽ 25), ഫിലിപ് സോൾട്ട് (13 പന്തിൽ 12), ജോഫ്ര ആർച്ചർ (എട്ടു പന്തിൽ 14), ലിയാം ലിവിങ്സ്റ്റൻ (എട്ടു പന്തിൽ 10) എന്നിവരാണ് രണ്ടക്കത്തിലെത്തിയവർ. ജെയ്മി സ്മിത്ത് (13 പന്തിൽ 9), ആദിൽ റഷീദ് (ഏഴു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
∙ റെക്കോർഡ് ബുക്കിൽ സദ്രാൻ
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 325 റൺസ്. ഓപ്പണറായി ഇറങ്ങി, അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താകുമ്പോഴേയ്ക്കും 177 റൺസടിച്ച സദ്രാന്റെ മികവിലാണ് അഫ്ഗാന്റെ മുന്നേറ്റം. 146 പന്തിൽ 12 ഫോറും ആറു സിക്സും സഹിതമാണ് സദ്രാൻ 177 റൺസെടുത്തത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടു തോറ്റ അഫ്ഗാനും ഓസ്ട്രേലിയയോടു തോറ്റ ഇംഗ്ലണ്ടിനും ടൂർണമെന്റിൽ പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരെ 165 റൺസടിച്ച ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റിന്റെ റെക്കോർഡ് തകർത്താണ്, ചാംപ്യൻസ് ട്രോഫിയിലെ ഉയർന്ന വ്യക്തിഗത സ്കോർ സദ്രാൻ സ്വന്തം പേരിലാക്കിയത്. അഫ്ഗാൻ താരങ്ങളുടെ ഉയർന്ന ഏകദിന സ്കോർ എന്ന സ്വന്തം റെക്കോർഡ് (162) ഈ മത്സരത്തിലൂടെ സദ്രാൻ പുതുക്കി 177 ആക്കി.
സദ്രാനു പുറമേ അഫ്ഗാൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. 67 പന്തിൽ മൂന്നു ഫോറുകളോടെ 40 റൺസെടുത്ത ക്യാപ്്റ്റൻ ഹഷ്മത്തുല്ല ഷാഹിദി, 31 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 41 റൺസെടുത്ത അസ്മത്തുല്ല ഒമർസായ്, 24 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 40 റൺസെടുത്ത മുഹമ്മദ് നബി എന്നിവരാണ് രണ്ടക്കത്തിലെത്തിയത്. ഒരു ഘട്ടത്തിൽ മൂന്നിന് 37 റൺസ് എന്ന നിലയിൽ തകർന്ന അഫ്ഗാന് കരുത്തായതും, ഈ മൂന്നു പേർക്കൊപ്പം സദ്രാൻ പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ്.
നാലാം വിക്കറ്റിൽ ഷാഹിദിക്കൊപ്പം 124 പന്തിൽ 103 റൺസ്, അഞ്ചാം വിക്കറ്റിൽ ഒമർസായിക്കൊപ്പം 63 പന്തിൽ 72 റൺസ്, ആറാം വിക്കറ്റിൽ മുഹമ്മദ് നബിക്കൊപ്പം 55 പന്തിൽ 111 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് സദ്രാൻ അഫ്ഗാനെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. അതേസമയം, ലിയാം ലിവിങ്സ്റ്റൻ എറിഞ്ഞ അവസാന ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ അഫ്ഗാന് നേടാനായത് രണ്ടു റൺസ് മാത്രമായത് നിരാശയായി. അവസാന ഒൻപത് അവറിൽനിന്ന് അഫ്ഗാൻ താരങ്ങൾ അടിച്ചുകൂട്ടിയത് 98 റൺസാണ്.
ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ 10 ഓവറിൽ 64 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ലിയാം ലിവിങ്സ്റ്റൻ അഞ്ച് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജെയ്മി ഓവർട്ടൻ, ആദിൽ റഷീദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.