മൂന്നാം ജയത്തോടെ മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്ത്; മൂന്നാം തോൽവി വഴങ്ങി യുപി അവസാന സ്ഥാനത്തും

Mail This Article
ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിൽ യുപി വോറിയേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുപി, ഗ്രേസ് ഹാരിസ് (26 പന്തിൽ 45), വൃദ്ധ ദിനേശ് (30 പന്തിൽ 33) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നാറ്റ് സിവർ ബ്രന്റ് (75 നോട്ടൗട്ട്), ഹെയ്‌ലി മാത്യൂസ് (59) എന്നിവരുടെ അർധ സെഞ്ചറിക്കരുത്തിൽ 17 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു.
ഇതോടെ, നാലു കളികളിൽനിന്ന് മൂന്നാം ജയം കുറിച്ച മുംബൈ ഇന്ത്യൻസ് ആറു പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. നാലു കളികളിൽനിന്ന് മൂന്നാം തോൽവി വഴങ്ങിയ യുപി വോറിയേഴ്സ് ആകട്ടെ, രണ്ടു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.
ശോഷിച്ച മധ്യനിരയും ട്വന്റി20 ശൈലിയിൽ റൺസടിച്ചുകയറ്റുന്നതിൽ വരുത്തുന്ന പാളിച്ചകളുമാണ് ഈ സീസണിൽ യുപി വോറിയേഴ്സിന് വീണ്ടും തിരിച്ചടിയായത്. 26 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതമാണ് ഗ്രേസ് ഹാരിസ് 45 റൺസെടുത്തത്. വൃന്ദ ദിനേഷ് 30 പന്തിൽ അഞ്ച് ഫോറുകളോടെ 33 റൺസുമെടുത്തു. മുംബൈയ്‌ക്കായി നാറ്റ് സിവർ ബ്രെന്റ് നാല് ഓവറിൽ 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ സ്കോർ ബോർഡിൽ ആറു റൺസ് മാത്രമുള്ള സമയത്ത് ഓപ്പണർ യാസ്തിക ഭാട്യയെ നഷ്ടമായ മുംബൈയ്‌ക്ക്, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രണ്ടാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്ത നാറ്റ് സിവർ ബ്രെന്റ് – ഹെയ്‌ലി മാത്യൂസ് സഖ്യം അവർക്ക് അനായാസ വിജയം സമ്മാനിച്ചു. 44 പന്തിൽ 13 ഫോറുകളോടെയാണ് നാറ്റ് സിവർ ബ്രെന്റ് 75 റൺസെടുത്തത്. 50 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 59 റൺസെടുത്ത ഹെയ്‌ലി, വിജയത്തിന് തൊട്ടരികെയാണ് പുറത്തായത്. ക്യാപ്റ്റൻ ഹർമൻപ്രീത് നേരിട്ട ഒരേയൊരു പന്തിൽ ബൗണ്ടറി നേടി പുറത്താകാതെ നിന്നു.