‘പാക്കിസ്ഥാനിൽ കുറേ പ്രതിഭകളുണ്ടെന്ന് 20 വർഷമായി കേൾക്കുന്നു, എന്നിട്ട് എവിടെ?’: ചർച്ചയ്ക്കിടെ തുറന്നടിച്ച് അക്തർ

Mail This Article
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഒട്ടേറെ പ്രതിഭകളുണ്ടെന്ന് കഴിഞ്ഞ 20 വർഷമായി കേട്ടുകൊണ്ടിരിക്കുകയാണെന്നും, സത്യത്തിൽ അങ്ങനെയൊന്ന് ഇല്ലെന്നും മുൻ താരം ശുഐബ് അക്തർ. ഇരുട്ടിൽനിന്ന് പ്രതിഭകളെ സൃഷ്ടിക്കാനാകില്ല. ക്രിക്കറ്റിലാണെങ്കിൽ റൺസ് നേടിയും വിക്കറ്റെടുത്തുമാണ് പ്രതിഭകൾ ഉയർന്നുവരേണ്ടതെന്ന് അക്തർ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റിന്റെ ചുമതല ഏൽപ്പിച്ചാൽ, മൂന്നു വർഷം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അക്തർ വ്യക്തമാക്കി. ചാംപ്യൻസ് ട്രോഫിയിൽനിന്ന് പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായതിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് അക്തറിന്റെ തുറന്നുപറച്ചിൽ. അക്തറിനു പുറമേ പാക്കിസ്ഥാന്റെ മുൻ താരങ്ങളായ മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
‘‘നമുക്കാർക്കും താരങ്ങളോട് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. എനിക്ക് ചാനലിൽനിന്ന് പണം ലഭിക്കുന്നില്ലെങ്കിൽ ഇന്ന് ഇവിടെ പാക്കിസ്ഥൻ ക്രിക്കറ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ഞാൻ വരില്ലായിരുന്നു. സത്യസന്ധമായി പറയട്ടെ, ഈ ടീമിനോട് എനിക്ക് യാതൊരു വിരോധവുമില്ല. 2011 മുതൽ ഞാൻ ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ഇതെല്ലാം പലതവണ പറഞ്ഞിട്ടുമുണ്ട്. 2011 മുതൽ പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ പതനം കാണുന്നതാണ് ഞാൻ. നോർമലല്ലാത്ത ആളുകളെ ക്യാപ്റ്റനാക്കി ഒരുവിധത്തിലും അംഗീകരിക്കാനാകാത്ത ടീം സിലക്ഷനും നടത്തിയാൽ ഫലം ഇങ്ങനെ തന്നെയല്ലേ വരൂ. ഒറ്റ ദിവസം മൂന്നു തരത്തിലൊക്കെ പെരുമാറുന്ന ക്യാപ്റ്റൻമാർക്കൊപ്പം ഞാൻ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്’ – അക്തർ പറഞ്ഞു.
അതേസമയം, അക്തറിന്റെ വാക്കുകളോട് പ്രതികരിച്ച് ചർച്ചയിൽ ഇടപെട്ട മുൻ താരം ശുഐബ് മാലിക്ക്, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി സഹകരിച്ച് ആ സംവിധാനത്തിന്റെ ഭാഗമായി പാക്കിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അക്തറിനോട് ആവശ്യപ്പെട്ടു ‘‘എന്തുകൊണ്ട് താങ്കൾക്ക് ഈ സംവിധാനത്തിന്റെ ഭാഗമായിക്കൂടാ? അവർക്കൊപ്പം ചേർന്ന് പാക്കിസ്ഥാൻ ക്രിക്കറ്റിനെ രക്ഷപ്പെടുത്തൂ’ – മാലിക്ക് പറഞ്ഞു.
മാലിക്കിന്റെ നിലപാടിനോട് യോജിച്ച അക്തർ, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി തനിക്ക് പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റിന്റെ ഉത്തരവാദിത്തം നൽകിയാൽ, വെറും മൂന്നു വർഷം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വ്യക്തമാക്കി. അതേസമയം, പിസിബിയുടെ ഭാഗമായിരുന്നാൽ വിമർശനം സ്വാഭാവികമാണെന്നും അക്തർ ചൂണ്ടിക്കാട്ടി.
‘‘ആഭ്യന്തര ക്രിക്കറ്റിന്റെ ഉത്തരവാദിത്തം എന്നെ ഏൽപ്പിക്കൂ. പ്രശ്നങ്ങൾ ഞാൻ പരിഹരിച്ചു കാണിച്ചുതരാം. പാക്കിസ്ഥാൻ ക്രിക്കറ്റിനായി എന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കേണ്ട സമയം പോലും മാറ്റിവയ്ക്കാൻ ഞാൻ തയാറാണ്. മൂന്നു വർഷത്തിനു ശേഷം എന്റെ വിധിയെന്താകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും ഞാൻ തയാറാണ്’ – അക്തർ പറഞ്ഞു.
അതേസമയം, മൂന്നു വർഷമെന്നത് അൽപം നീണ്ടുപോയില്ലേ എന്നതായിരുന്നു മുഹമ്മദ് ഹഫീസിന്റെ സംശയം. പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഇപ്പോഴും പ്രതിഭകൾക്കു പഞ്ഞമില്ലെങ്കിലും, സംവിധാനത്തിലാണ് പ്രശ്നമെന്നും ഹഫീസ് അഭിപ്രായപ്പെട്ടു. എന്നാൽ ‘എന്തു പ്രതിഭ, ഏതു പ്രതിഭ’ എന്ന ചോദ്യത്തോടെയാണ് അക്തർ ഹഫീസിനെ നേരിട്ടത്. പ്രതിഭാധനരായ താരങ്ങൾ ഇപ്പോഴുമുണ്ട് എന്ന് ഹഫീസ് ആർത്തിച്ചെങ്കിലും, കടുത്ത ഭാഷയിലാണ് അക്തർ പ്രതികരിച്ചത്.
‘‘മുഹമ്മദ് റിസ്‌വാൻ എന്തു തരം പ്രതിഭയാണ്? ചോദ്യങ്ങളുയരുമ്പോൾ സംസാരിക്കേണ്ടത് നമ്മുടെ ബാറ്റാണ്, അല്ലാതെ വാചകമടിച്ചിട്ട് കാര്യമില്ല. ഇരുട്ടിൽനിന്ന് താരങ്ങളെ സൃഷ്ടിക്കാനാകില്ല. വിക്കറ്റെടുത്തും റൺസ് നേടിയുമാണ് താരങ്ങൾ ഉയർന്നു വരേണ്ടത്. ഇവിടെ പ്രതിഭാധനരായ ഒട്ടേറെ താരങ്ങളുണ്ടെന്ന് ഞാൻ കഴിഞ്ഞ 20 വർഷമായി കേൾക്കുന്നതാണ്. പക്ഷേ, ആരുമില്ല എന്നതാണ് വാസ്തവം. ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ 10 വർഷം കൊണ്ട് നമുക്കത് വ്യക്തമാകുമായിരുന്നു’ – അക്തർ പറഞ്ഞു.