റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം തോൽവി; ഗുജറാത്തിന് ആറു വിക്കറ്റ് വിജയം

Mail This Article
ബെംഗളൂരു∙ വനിതാ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം തോൽവി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഗുജറാത്ത് ജയന്റ്സാണ് ആർസിബിക്കെതിരെ ആറു വിക്കറ്റ് വിജയം നേടിയത്. ബെംഗളൂരു ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് നാലു വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിൽ വിജയ റൺസ് കുറിച്ചു.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ആഷ്‍ലി ഗാർഡ്നറുടെ ഇന്നിങ്സാണ് ഗുജറാത്തിനു കരുത്തായത്. മൂന്ന് സിക്സുകളും ആറു ഫോറുകളും ഉൾപ്പടെ 31 പന്തിൽ 58 റൺസെടുത്താണ് ഗുജറാത്ത് ക്യാപ്റ്റൻ പുറത്തായത്. 21 പന്തുകളിൽ 30 റൺസുമായി ഫോബെ ലിച്ച്ഫീൽഡ് പുറത്താകാതെനിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്കു വേണ്ടി മധ്യനിര താരം കനിക അഹൂജ 33 റൺസെടുത്തു.
രാഘവി ബിഷ്ട് (22 റൺസ്), ജോര്‍ജിയ വെയർഹാം (20) എന്നിവരാണ് ബെംഗളൂരുവിന്റെ മറ്റു പ്രധാന സ്കോറർമാർ. ഗുജറാത്തിനായി ഡിയന്ദ്ര ഡോട്ടിനും തനൂജ കൻവാറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. സീസണിൽ നാലു പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് ആർസിബി. അഞ്ചാം സ്ഥാനക്കാരായ ഗുജറാത്തിനും നാലു പോയിന്റുണ്ട്.