മൂന്നു മത്സരങ്ങളും തോറ്റ ഏക ടീമെന്ന നാണക്കേടുമായി ഇംഗ്ലണ്ടിന് മടക്കം; പോകുംവഴി പ്രതീക്ഷ തകർത്ത് അഫ്ഗാനെയും ‘ഒപ്പം കൂട്ടി’!

Mail This Article
കറാച്ചി∙ ജോസ് ബട്‍ലർ ക്യാപ്റ്റനായുള്ള അവസാന മത്സരത്തിലും ഇംഗ്ലണ്ടിനു വൻ തോൽവി. ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റു വിജയമാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യത്തിലേക്ക് 29.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക എത്തി. 125 പന്തുകൾ ബാക്കിനില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ റാസി വാൻ ഡർ ദസന്റെയും (87 പന്തിൽ 72), ഹെൻറിച് ക്ലാസന്റെയും (56 പന്തിൽ 64) ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. തുടർച്ചയായ അഞ്ചാം ഏകദിനത്തിലാണ് ക്ലാസൻ അർധ സെഞ്ചറി നേടുന്നത്.
അതേസമയം ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും തോറ്റ ഏക ടീമെന്ന നാണക്കേടുമായാണ് ഇംഗ്ലണ്ട് നാട്ടിലേക്കു മടങ്ങുന്നത്. ഞായറാഴ്ചത്തെ ഇന്ത്യ– ന്യൂസീലൻഡ് മത്സരത്തിൽ തോൽക്കുന്നവരാകും സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 38.2 ഓവറിൽ 179ന് പുറത്താക്കിയപ്പോൾ തന്നെ ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽനിന്നു പുറത്തായി. ഇംഗ്ലണ്ട് വമ്പൻ വിജയം നേടിയാൽ മാത്രം അഫ്ഗാന് സെമിയിൽ കടക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ചെറിയ സ്കോറിൽ പുറത്തായതോടെ ആ വഴിയും അടഞ്ഞു.
44 പന്തിൽ 37 റൺസെടുത്ത ജോ റൂട്ടാണ് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (31 പന്തിൽ 25), ബെൻ ഡക്കറ്റ് (21 പന്തിൽ 24), ജോസ് ബട്‍ലർ (43 പന്തിൽ 21) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു റൺവേട്ടക്കാർ. ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇംഗ്ലണ്ടിന്റെ സെമി ഫൈനൽ സാധ്യതകൾ നേരത്തേ അവസാനിച്ചിരുന്നു. അവസാന മത്സരം ജയിച്ച് തലയുയർത്തി മടങ്ങാനായിരുന്നു കറാച്ചിയിൽ ഇംഗ്ലണ്ടിന്റെ ശ്രമം. എന്നാൽ ബാറ്റർമാർ പൂർണമായും നിരാശപ്പെടുത്തി.
ഒരു സിക്സ് മാത്രമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്സിൽ പിറന്നത്. ദക്ഷിണാഫ്രിക്കൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയതോടെ 38.2 ഓവറിൽ ഇംഗ്ലണ്ട് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസനും വിയാൻ മുൾഡറും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കേശവ് മഹാരാജ് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. ഏഴോവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ മാർകോ ജാൻസനാണു കളിയിലെ താരം.