സീസണിൽ ഒരു മത്സരവും തോറ്റില്ല, നന്ദി, വീറിനും പോരിനും; കേരളത്തെ ചരിത്ര നേട്ടത്തിലേക്കു നയിച്ച വ്യക്തിഗത പ്രകടനങ്ങൾ

Mail This Article
നാഗ്പുർ ∙ രഞ്ജി ട്രോഫി റണ്ണറപ് എന്ന ചരിത്രനേട്ടത്തിലേക്കു കേരളം നടത്തിയ കുതിപ്പിന് ഇന്ധനം പകർന്നവർ എന്നും ഓർമിക്കപ്പെടേണ്ടതുണ്ട്. സീസണിൽ ഒരു സെഞ്ചറിയടക്കം 635 റൺസുമായി ടീമിലെ റൺവേട്ടക്കാരിൽ ഒന്നാമനായ മുഹമ്മദ് അസ്ഹറുദ്ദീൻ, 2 സെഞ്ചറിയടക്കം 628 റൺസുമായി തൊട്ടുപിന്നിലുള്ള സൽമാൻ നിസാർ, 516 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി, 429 റൺസ് നേടിയ രോഹൻ കുന്നുമ്മൽ തുടങ്ങിയവർ ഓരോ മത്സര വിജയത്തിലും ബാറ്റിങ് നിരയെ നയിച്ചു.
സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഇവരും ഉൾപ്പെട്ടു. 40 വിക്കറ്റ് നേടിയ ജലജ് സക്സേന ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്. 31 വിക്കറ്റുമായി ആദിത്യ സർവതെ, 27 വിക്കറ്റ് നേടിയ എം.ഡി.നിധീഷ്, 15 വിക്കറ്റെടുത്ത എൻ.പി.ബേസിൽ എന്നിവർ ബോളിങ് ആക്രമണവും നയിച്ചു. വിദർഭയെ പോലെ തന്നെ ഒരു മത്സരവും തോൽക്കാതെ സീസൺ പൂർത്തിയാക്കിയ ടീമാണു കേരളം.
പഞ്ചാബ്, യുപി, ബിഹാർ തുടങ്ങിയ കരുത്തരെ തോൽപിച്ചു. ആരെയും തോൽപിക്കാൻ പറ്റുന്ന ടീമായി കേരളത്തെ ഒരുക്കിയ കോച്ച് അമയ് ഖുറേസിയ തീർച്ചയായും പ്രത്യേക കയ്യടി അർഹിക്കുന്നു.ഓരോ മത്സരത്തിലും കളിയുടെ മർമമറിഞ്ഞു ടീമിനെ സജ്ജരാക്കിയ മാനേജർ നാസിർ മച്ചാൻ,അസി.കോച്ച് പ്രശാന്ത് പത്മനാഭൻ എന്നിവരടക്കമുള്ള അണിയറ സംഘവും നിർണായക പങ്കുവഹിച്ചു. ഇന്നു രാത്രി തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ടീമിനു കേരള ക്രിക്കറ്റ് അസോസിയേഷൻ വൻ സ്വീകരണം നൽകും. ടീമിനെ മടക്കിയെത്തിക്കാൻ അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്.കുമാർ എന്നിവർ നാഗ്പുരിലെത്തി. നാളെ അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.