ഫൈനലിലും അതേ പോരാട്ട വീര്യം, മടക്കം തലയുയർത്തി; മനം ജയിച്ച്, വീരകേരളം!

Mail This Article
കൈനീട്ടിയാൽ തൊടാവുന്ന രഞ്ജി ട്രോഫി കിരീടത്തിനരികെ കണ്ണീരണിഞ്ഞു നിൽക്കുന്ന ടീമംഗങ്ങൾ. നീറുന്ന വേദനയിലും അവർക്കരികിൽ നിന്നു ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു, ‘ഇതൊരു തുടക്കം മാത്രം. ഇത്തവണത്തെ രണ്ടാം സ്ഥാനം അടുത്ത തവണ നമ്മൾ ഒന്നാം സ്ഥാനമാക്കി മാറ്റും’. ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചാൽ പോലും അദ്ഭുതനേട്ടമായി കണക്കാക്കപ്പെട്ടിരുന്ന പതിവിനെ തച്ചുടച്ച് ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഫൈനൽ വരെയെത്തിയ കേരളത്തിനു കിരീടം നേടാനായില്ലെങ്കിലും ഹൃദയം നേടിയാണു മടക്കം. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം നന്നായി ഉപയോഗിച്ചിട്ടു പോലും ഫൈനലിൽ കേരളത്തെ സമനിലയിൽ പിടിക്കാനേ വിദർഭയ്ക്കു കഴിഞ്ഞുള്ളൂ. ഒന്നാം ഇന്നിങ്സിൽ നേടിയ 37 റൺസിന്റെ ലീഡ് അവർക്കു കിരീടം സമ്മാനിച്ചുവെന്നു മാത്രം.

സ്കോർ: വിദർഭ ഒന്നാം ഇന്നിങ്സ്– 379 (മലേവർ 153, കരുൺ 86, നിധീഷ് 3–61). രണ്ടാം ഇന്നിങ്സ്– 9ന് 375 (കരുൺ 135, മലേവർ 73, സർവതെ 4–96). കേരളം ഒന്നാം ഇന്നിങ്സ്– 342 (സച്ചിൻ 98, സർവതെ 79, നൽകണ്ഡെ 3–52). വിദർഭ ക്യാപ്റ്റൻ അക്ഷയ് വാദ്കർ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയിൽ നിന്നു കിരീടം ഏറ്റുവാങ്ങി. 2 ഇന്നിങ്സിലുമായി വിദർഭയ്ക്കു വേണ്ടി 226 റൺസ് നേടിയ ഡാനിഷ് മലേവർ കളിയിലെ താരമായി. 476 റൺസും 69 വിക്കറ്റും വീഴ്ത്തിയ വിദർഭ ഓൾറൗണ്ടർ ഹർഷ് ദുബെ ആണ് ടൂർണമെന്റിലെ താരം.
പ്രതീക്ഷയോടെ തുടക്കം
നാലിന് 249 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം വിദർഭ കളി ആരംഭിച്ചതു പരമാവധി സമയം ബാറ്റിങ് നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ്. ക്രീസിനോടു ചേർന്നു പിച്ചിൽ അങ്ങിങ്ങായി രൂപപ്പെട്ട പൊട്ടലുകളും വിള്ളലുകളും മുതലെടുത്തു സ്പിന്നർമാർ അദ്ഭുതം കൊണ്ടുവരുമെന്നു കേരളവും പ്രതീക്ഷിച്ചു. 132 റൺസുമായി കരുൺ നായരും 4 റൺസുമായി ക്യാപ്റ്റൻ അക്ഷയ് വാദ്കറും ക്രീസിലെത്തി. ആദിത്യ സർവതെ എറിഞ്ഞ ഒന്നാം ഓവർ മുതൽ വിദർഭയുടെ അമിത പ്രതിരോധം പ്രകടമായി. ഒരു റണ്ണൗട്ടിൽ നിന്നും എൽബിഡബ്ല്യുവിൽ നിന്നും കരുൺ നായർ രക്ഷപ്പെട്ടതു നേരിയ ഭാഗ്യത്തിനാണ്. ഏഴാം ഓവറിൽ സർവതെ കേരളമാഗ്രഹിച്ച ബ്രേക് ത്രൂ നൽകി. സർവതെയുടെ പന്ത് ഫ്ലിക്ക് ചെയ്യാനുള്ള ശ്രമവുമായി കരുൺ ക്രീസ് വിട്ടിറങ്ങി. എന്നാൽ, ഓഫ് സ്റ്റംപിനു പുറത്തേക്കു തിരിഞ്ഞ പന്ത് കരുണിനെ മറികടന്നു വിക്കറ്റ് കീപ്പർ അസ്ഹറുദ്ദീന്റെ കയ്യിൽ. അരനിമിഷം പോലും കാക്കാതെ അസ്ഹർ സ്റ്റംപ് ചെയ്തു. 135 റൺസുമായി കരുൺ പുറത്ത്. കേരളം അദ്ഭുതങ്ങൾ പ്രതീക്ഷിച്ചു തുടങ്ങി.
പ്രതിരോധിച്ച് വിദർഭ
വാദ്കറിനൊപ്പം ഹർഷ് ദുബെ ക്ഷമയോടെ പിടിച്ചുനിന്നപ്പോൾ കൂട്ടുകെട്ടു പൊളിക്കാൻ 11 ഓവർ കൂടി പിന്നിടേണ്ടിവന്നു. ദുബെയെ(4) ഏദൻ ആപ്പിൾ ടോം എൽബിഡബ്ല്യുവിൽ കുരുക്കി. അടുത്ത ഓവറിൽ സർവതെ ക്യാപ്റ്റൻ വാദ്കറിന്റെ (25) കുറ്റിയെടുത്തു. ഏഴിന് 283 എന്ന നിലയിലായി വിദർഭ. സ്പെഷലിസ്റ്റ് ബാറ്റർമാർ തീർന്നതോടെ വാലറ്റത്തെ തൂത്തെറിയാമെന്നു പ്രതീക്ഷിച്ച കേരളത്തിനു മുന്നിൽ എട്ടാം വിക്കറ്റിൽ വിദർഭ ഉയർത്തിയത് 48 റൺസ് കൂട്ടുകെട്ട്. സ്കോർ 331ൽ നിൽക്കെ എൻ.പി.ബേസിലിന്റെ ബോൾ അക്ഷയ് കർനേവറിന്റെ (30) ബെയ്ൽസ് തെറിപ്പിച്ചു. പക്ഷേ ദർശൻ നൽകണ്ഡെ പോരാട്ടം തുടർന്നു. പതിനൊന്നാമനായി എത്തിയ യഷ് ഠാക്കൂറിനെ (8) കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ നൽകണ്ഡെ ഉയർത്തിയത് 29 റൺസ്. 51 റൺസോടെ നൽകണ്ഡെ അർധ സെഞ്ചറി തികച്ചതിനു പിന്നാലെ വിദർഭ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അനിവാര്യമായ സമനിലയിൽ മത്സരത്തിനു പര്യവസാനം.