രഞ്ജി ഫൈനലിൽ വഴങ്ങിയ 37 റൺസ് ലീഡിന് കേരളം നൽകേണ്ടി വന്ന വില 2 കോടി രൂപ; 2–ാം സ്ഥാനത്തിനും കിട്ടും, കോടികൾ!

Mail This Article
നാഗ്പുർ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ പടിക്കൽ കലമുടച്ച് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നെങ്കിലും, കേരള ടീമിന് സമ്മാനമായി ലഭിക്കുക മൂന്നു കോടി രൂപ. മുൻപ് ഒരു കോടി രൂപയായിരുന്നു രണ്ടാം സ്ഥാനക്കാർക്ക് നൽകിയിരുന്നതെങ്കിൽ, 2023ൽ ആഭ്യന്തര ടൂർണമെന്റുകളിലെ സമ്മാനത്തുകയിൽ വർധനവു വരുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതോടെയാണ് രണ്ടാം സ്ഥാനക്കാർക്ക് മൂന്നു കോടി രൂപ ലഭിക്കുക. കിരീടം ചൂടിയ വിദർഭയ്‌ക്ക് അഞ്ച് കോടി രൂപ ലഭിക്കും. അതായത് ഒന്നാം ഇന്നിങ്സിൽ വിദർഭ നേടിയ 37 റൺസ് ലീഡിന് കേരളം നൽകേണ്ടി വന്ന വില 2 കോടി രൂപ!
പാക്കിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ സെമിയിൽ കടക്കുന്ന ടീമുകൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുകയേക്കാൾ 20 ലക്ഷം രൂപയുടെ കുറവു മാത്രമേ രഞ്ജി ട്രോഫിയിലെ ചാംപ്യൻമാർക്കു ലഭിക്കുന്ന തുകയിലുള്ളൂ. ഐസിസി ചാംപ്യൻസ് ട്രോഫി സെമിയിൽ കടക്കുന്ന ടീമുകൾക്ക് 5,60,000 യുഎസ് ഡോളറാണ് സമ്മാനത്തുക. ഇത് ഏതാണ്ട് 5.2 കോടി ഇന്ത്യൻ രൂപയാണ്.
അതേസമയം, ചാംപ്യൻസ് ട്രോഫിയിൽ കിരീടം ചൂടുന്ന ടീമിന് 2.24 മില്യൻ യുഎസ് ഡോളറാണ് സമ്മാനത്തുക. അതായത് 20.8 കോടി ഇന്ത്യൻ രൂപ. ചാംപ്യൻസ് ട്രോഫിയിലെ രണ്ടാം സ്ഥാനക്കാർക്ക് ഇതിന്റെ നേർപകുതി തുകയും സമ്മാനമായി ലഭിക്കും. അതായത് 10.4 കോടി രൂപ.
ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ കൂടുതൽ ആകർഷകമാക്കുന്നതിനാണ് ബിസിസിഐ രണ്ടു വർഷത്തോളം മുൻപ് സമ്മാനത്തുകകളിൽ വൻ മാറ്റം കൊണ്ടുവന്നത്. പുരുഷ ടീമുകളുടെ ടൂർണമെന്റുകളിൽ 60 മുതൽ 300 ശതമാനം വരെയും, വനിതാ ടീമുകളുടെ പ്രതിഫലത്തുകയിൽ 700 ശതമാനം വരെയുമാണ് അന്ന് വർധനവ് വരുത്തിയത്.