ബേത് മൂണി 59 പന്തിൽ പുറത്താകാതെ 96 റൺസ്; യുപി വോറിയേഴ്സിനെ 81 റൺസിന് തകർത്ത് ഗുജറാത്ത് രണ്ടാമത്

Mail This Article
ലക്നൗ∙ വനിതാ പ്രിമിയർ ലീഗിൽ മൂന്നാം ജയം കുറിച്ച് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി ഗുജറാത്ത് ജയന്റ്സ്. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ യുപി വോറിയേഴ്സിനെ 81 റൺസിനാണ് ഗുജറാത്ത് ജയന്റ്സ് തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 186 റൺസ്. യുപിയുടെ മറുപടി 17.1 ഓവറിൽ 105 റൺസിൽ അവസാനിച്ചു.
ഓപ്പണറായി ഇറങ്ങി 59 പന്തിൽ 17 ഫോറുകളോടെ 96 റൺസെടുത്ത് പുറത്താകാതെ നിന്ന ബേത് മൂണിയാണ് ഗുജറാത്തിന്റെ വിജയശിൽപി. ഹർലീൻ ഡിയോൾ 32 പന്തിൽ ആറു ഫോറുകൾ സഹിതം 45 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ 68 പന്തിൽ ഇരുവരും കൂട്ടിച്ചേർത്ത 101 റൺസാണ് ഗുജറാത്തിന് മികച്ച സ്കോർ ഉറപ്പാക്കിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുപി വോറിയേഴ്സിന്റെ ടോപ് സ്കോറർ 14 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 28 റൺസെടുത്ത ഷിനെൽ ഹെൻറിയാണ്. മൂന്നു വിക്കറ്റുകൾ വീതം പിഴുത് കേശ്‌വീ ഗൗതം, തനൂജ കാൻവാർ എന്നിവർ ഗുജറാത്തിനായി ബോളിങ്ങിലും തിളങ്ങി. കേശ്‌വി മൂന്ന് ഓവറിൽ 11 റൺസ് വഴങ്ങിയും തനൂജ 3.1 ഓവറിൽ 17 റൺസ് വഴങ്ങിയുമാണ് 3 വിക്കറ്റ് വീതം വീഴ്ത്തിയത്. ദിയേന്ദ്ര ഡോട്ടിൻ 2 വിക്കറ്റ് വീഴ്ത്തി.