ഗോൾഡ് ഓഫ് ഓണർ!; കേരള രഞ്ജി ടീമംഗങ്ങൾക്ക് മലയാള മനോരമയുടെ സ്വർണപ്പതക്കം

Mail This Article
തിരുവനന്തപുരം ∙ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന്റെ പൊതുവേദിയിലെ ആദ്യ സംഗമത്തിനു വഴിയൊരുക്കി മലയാള മനോരമയുടെ ആദരവേദി. കിരീടനേട്ടം പോലെ തന്നെ മലയാളികൾ കൊണ്ടാടിയ ചരിത്ര നേട്ടത്തിനു മനോരമയുടെ ആദരമായി ഒരു പവൻ വീതമുള്ള സ്വർണപ്പതക്കം ടീമംഗങ്ങൾക്കും പരിശീലക സംഘത്തിനും എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമ്മാനിച്ചു.
രഞ്ജി ട്രോഫി കിരീട നേട്ടം ഉൾപ്പെടെ ഭാവി സ്വപ്നങ്ങൾക്ക് ഊർജമേകുന്നതാണ് മനോരമയുടെ ആദരമെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. വിജയത്തിന്റെ രുചി അറിഞ്ഞ ടീമിന്റെ അടുത്ത സ്വപ്നം കിരീടനേട്ടമാണ്. അതിനായുള്ള കഠിനാധ്വാനത്തിന്റെ നാളുകളാണ് ഇനിയെന്നും സച്ചിൻ ബേബി പറഞ്ഞു.
പരിശീലകൻ എന്ന നിലയിൽ കേരള ടീമിനൊപ്പമുള്ള യാത്ര പുതിയ അനുഭവമായിരുന്നുവെന്ന് മുഖ്യ പരിശീലകൻ അമയ് ഖുറേസിയ പറഞ്ഞു. ‘ലളിതമെന്നു തോന്നാമെങ്കിലും ഫൈനൽ വരെയുള്ള യാത്ര നീണ്ടതായിരുന്നു. ഈ വിജയം പ്രധാനമാണ്. വിശ്വസിച്ച് ഈ ദൗത്യം ഏൽപിച്ച കേരള ക്രിക്കറ്റ് അസോസിയേഷനു നന്ദി പറയുന്നു. മലയാള മനോരമയെപ്പോലെ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ മനസ്സുള്ള മാധ്യമങ്ങൾ കുറവാണ്’– അമയ് ഖുറേസിയ പറഞ്ഞു.

കായിക ഇനങ്ങൾക്ക്, പ്രത്യേകിച്ച് കേരളത്തിലെ ക്രിക്കറ്റിന് മലയാള മനോരമ നൽകുന്ന പിന്തുണ വലുതാണെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. നെഗറ്റീവ് വാർത്തകളുടെ ലോകത്ത് പോസിറ്റീവായ സമീപനമാണ് കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ മലയാള മനോരമ സ്വീകരിക്കുന്നതെന്നു കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ പറഞ്ഞു. മനോരമ നൽകുന്ന ആദരം വളരെ വിലപ്പെട്ടതാണെന്ന് ടീം മാനേജർ നാസിർ മച്ചാൻ പറഞ്ഞു.
അടുത്ത തവണ കിരീടം നേടും: സച്ചിൻ ബേബി
തിരുവനന്തപുരം ∙ വ്യത്യസ്ത കാലാവസ്ഥകളിലും വ്യത്യസ്ത സ്വഭാവമുള്ള പിച്ചിലും പരിശീലിക്കുന്നതിനായി ഏപ്രിൽ– മേയ് മാസങ്ങളിൽ ജമ്മു കശ്മീരിലും ജൂൺ– ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിലും കേരള ടീം പര്യടനം നടത്തുമെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി.
നോക്കൗട്ട് ഘട്ടത്തിൽ ഹോം ഗ്രൗണ്ടിൽ കളിക്കുക പ്രധാനമാണ്. എങ്കിലും അടുത്ത തവണ മുതൽ നോക്കൗട്ട് മുതൽ ഹോം ഗ്രൗണ്ടിനു പുറത്തു കളിക്കാനാണ് ആഗ്രഹം. അടുത്ത വർഷം തന്നെ കേരളത്തിനു വേണ്ടി രഞ്ജി ട്രോഫി നേടുമെന്നും സച്ചിൻ ബേബി പറഞ്ഞു.
കേരള ടീമിലെത്തി 15 വർഷത്തിനു ശേഷമാണു രഞ്ജി ട്രോഫി ഫൈനൽ കളിക്കാൻ തനിക്കു കഴിഞ്ഞത്. ഇതൊരു തുടക്കമാണ്. ഇന്ത്യയിലെ ഏതു ടീമിനെയും തോൽപിക്കാൻ കഴിയുമെന്നു കേരളം തെളിയിച്ചു. അഹമ്മദ് ഇമ്രാനെയും ഏദൻ ആപ്പിളിനെയും പോലെയുള്ള ഒട്ടേറെ താരങ്ങൾ കേരളത്തിലുണ്ട്. കേരള ക്രിക്കറ്റ് ലീഗ് കൂടുതൽ താരങ്ങൾക്ക് അവസരം നൽകി. കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ ഇനിയും മികച്ച താരങ്ങളുണ്ടാകും. ഇതുവഴി ഐപിഎലിലും ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലുമെല്ലാം ടീം തിരഞ്ഞെടുപ്പിൽ കേരള താരങ്ങൾക്കു കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നും സച്ചിൻ ബേബി പറഞ്ഞു.
കേരള ക്രിക്കറ്റിന്റെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ നന്ദിയുണ്ടെന്നും ടീമിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യ പരിശീലകൻ അമയ് ഖുറേസിയ പറഞ്ഞു.
കേരള ടീമിന് മനോരമയുടെ സ്വർണപ്പതക്കം
തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തി ചരിത്രം കുറിച്ച കേരള ടീമിനു മലയാള മനോരമയുടെ ആദരം. ടീം അംഗങ്ങൾക്കും പരിശീലക സംഘത്തിനും ഒരു പവൻ വീതം സ്വർണപ്പതക്കം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമ്മാനിച്ചു.
കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, മുഖ്യ പരിശീലകൻ അമയ് ഖുറേസിയ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസ് എന്നിവർ പ്രസംഗിച്ചു.
പ്രതിഭ വളരട്ടെ, അതാവട്ടെ ലഹരി: സച്ചിൻ ബേബി
വേദനിപ്പിക്കുന്ന വാർത്തകളാണ് കുറെ ആഴ്ചകളായി കാണുന്നത്. ലഹരിവിമുക്ത കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞയെടുത്ത് ലഹരിവസ്തുക്കൾ ഒഴിവാക്കണം.സ്പോർട്സാണ് എന്റെ ലഹരി. നിങ്ങൾക്കു താൽപര്യമുള്ളത് ഏതു മേഖലയാണോ അതിൽ കൂടുതൽ ശ്രദ്ധ പുലർത്തി മുന്നോട്ടുപോകണം. അതിലൂടെ ഭാവി കണ്ടെത്താൻ ശ്രമിക്കണം. അൽപനേരത്തെ സുഖത്തിനുവേണ്ടി വലിയ സ്വപ്നങ്ങളെ പിടിച്ചുകെട്ടാതിരിക്കുക. പ്രതിഭ വളർത്തിയെടുക്കുക മാത്രമാകട്ടെ നിങ്ങളുടെ ലക്ഷ്യം.