ഇന്ത്യയുടെ വിജയം ‘പാരയായി’, ഫൈനൽ വേദിയും ‘കൈവിട്ടുപോയി’; പാക്ക് മണ്ണിലെ ചാംപ്യൻസ് ട്രോഫിക്ക് ‘അകാല വിരാമം’

Mail This Article
ഇസ്‍ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്, പാക്കിസ്ഥാനിൽ ‘അകാല വിരാമം’! ഫൈനലിന് ഇനിയും നാലു ദിവസം ശേഷിക്കെയാണ്, പാക്ക് മണ്ണിലെ ടൂർണമെന്റിന് ഇന്ന് വിരാമമായത്. അതിനു കാരണക്കാരായതാകട്ടെ, ബദ്ധവൈരികളായ ഇന്ത്യയും. ചാംപ്യൻസ് ട്രോഫിയിൽ ബുധനാഴ്ച നടന്ന ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക പോരാട്ടമാണ് പാക്കിസ്ഥാൻ മണ്ണിലെ അവസാന മത്സരം.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ കടന്നതോടെയാണ്, ഫൈനൽ വേദി പാക്കിസ്ഥാന് കൈവിട്ടുപോയത്. പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു. ഫൈനൽ ഉൾപ്പെടെ ഇന്ത്യ കളിക്കുന്ന മത്സരങ്ങളെല്ലാം ദുബായിൽ നടത്താനാണ് തീരുമാനം.
ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ കടന്നതോടെ കലാശപ്പോരാട്ടം ദുബായിൽ നടക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനിലെ ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ ഇന്നത്തോടെ അവസാനിക്കുന്നത്. ഇന്ത്യ ഫൈനലിൽ കടന്നിരുന്നില്ലെങ്കിൽ പാക്കിസ്ഥാനാണ് ഫൈനൽ പോരാട്ടത്തിന് വേദിയാകേണ്ടിയിരുന്നത്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയാണ് ഇതിനായി നിശ്ചയിച്ചത്. ഇന്ത്യ ഫൈനലിൽ കടന്നതോടെ ‘കരാർ പ്രകാരം’ ഫൈനൽ ദുബായിൽ നടക്കും.
ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകർത്ത് ന്യൂസീലൻഡ് ഫൈനലിൽ കടന്നിരുന്നു. സെമിയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 312 റൺസിൽ അവസാനിച്ചു.