93 പന്തിൽ 236 റൺസടിച്ച് വാട്സൻ–ബെൻ; ചാംപ്യൻസ് ട്രോഫിയിലെ തോൽവിക്ക് ഓസീസിനായി പകരം വീട്ടി ‘സീനിയേഴ്സ്’– വിഡിയോ

Mail This Article
വഡോദര∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ദുബായിൽ ഇന്ത്യയോടേറ്റ തോൽവിക്ക് സ്റ്റീവ് സ്മിത്തിനും സംഘത്തിനുമായി ‘സീനിയേഴ്സ്’ പകരം വീട്ടി. ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യിലാണ് ഓസ്ട്രേലിയ മാസ്റ്റേഴ്സ് ഇന്ത്യ മാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 20 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 269 റൺസ്. ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ 33 പന്തിൽ 64 റൺസുമായി തിരിച്ചടിച്ചെങ്കിലും ഇന്ത്യയുടെ പോരാട്ടം 20 ഓവറിൽ 174 റൺസിൽ അവസാനിച്ചു. ഓസീസിന് 95 റൺസിന്റെ വിജയം.
ഓസീസിനോടു തോറ്റെങ്കിലും നാലു കളികളിൽനിന്ന് മൂന്നു ജയം സഹിതം ആറു പോയിന്റുമായി ഇന്ത്യ തന്നെയാണ് മുന്നിൽ. സീസണിലെ ആദ്യ ജയം കുറിച്ച ഓസ്ട്രേലിയ രണ്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. കളിച്ച രണ്ടു കളിയും ജയിച്ച് വെസ്റ്റിൻഡീസ് നാലു പോയിന്റുമായി മൂന്നാമതുണ്ട്. മൂന്നു കളികളിൽനിന്ന് നാലു പോയിന്റുമായി ശ്രീലങ്കയാണ് രണ്ടാമത്.
തകർത്തടിച്ച് സെഞ്ചറി നേടിയ ക്യാപ്റ്റൻ ഷെയ്ൻ വാട്സൻ (പുറത്താകാതെ 110), ബെൻ ഡങ്ക് (പുറത്താകാതെ 132) എന്നിവരുടെ പ്രകടനമാണ് ഓസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ വാട്സൻ 52 പന്തിൽ 12 ഫോറും ഏഴു സിക്സും സഹിതമാണ് 110 റൺസെടുത്തത്. ബെൻ ഡങ്ക് 53 പന്തിൽ 12 ഫോറും 10 സിക്സും സഹിതം 132 റൺസുമെടുത്തു.
പിരിയാത്ത രണ്ടാം വിക്കറ്റിൽ 93 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 236 റൺസാണ്! ഓസീസ് നിരയിൽ പുറത്തായത് ഓപ്പണർ ഷോൺ മാർഷ് മാത്രം. 15 പന്തിൽ നാലു ഫോറുകളോടെ 22 റൺസെടുത്ത മാർഷിനെ പവൻ നേഗിയാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ നമാൻ ഓജ സ്റ്റംപ് ചെയ്താണ് താരം പുറത്തായത്.
ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞ ഏഴു പേരും ഓവറിൽ ശരാശരി 10 റൺസിനു മുകളിൽ വഴങ്ങി. നാല് ഓവറിൽ 73 റൺസ് വഴങ്ങിയ വിനയ് കുമാറാണ് ഏറ്റവും പ്രഹരമേറ്റു വാങ്ങിയത്. ഇർഫാൻ പഠാൻ രണ്ട്് ഓവറിൽ 31 റൺസ് വഴങ്ങി. വിക്കറ്റ് ലഭിച്ച പവൻ നേഗിയും മൂന്ന് ഓവറിൽ 34 റൺസ് വഴങ്ങി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ ശോഭിച്ചത് ക്യാപ്റ്റൻ സച്ചിൻ മാത്രം. 33 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 64 റൺസെടുത്ത സച്ചിനും ഇന്ത്യയെ രക്ഷിക്കാനായില്ല. യൂസഫ് പഠാൻ (15 പന്തിൽ 25), നമാൻ ഓജ (11 പന്തിൽ 19), പവൻ നേഗി (10 പന്തിൽ 14), ഇർഫാൻ പഠാൻ (13 പന്തിൽ 11), രോഹുൽ ശർമ (16 പന്തിൽ 18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങൾ.
ഓസീസ് ബോളർമാരിൽ നാല് ഓവറിൽ 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സേവ്യർ ദോഹർട്ടി തിളങ്ങി. ബെൻ ഹിൽഫെനോസ്, ബെൻ ലാഫിൻ, ബ്രൈസ് മക്‌ഗെയ്ൻ, ഡാനിയൽ ക്രിസ്റ്റ്യൻ, നേഥൻ റിയേർഡൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.