മത്സരത്തിനിടെ എനർജി ഡ്രിങ്ക് കുടിച്ചു, മുഹമ്മദ് ഷമിക്കെതിരെ കടുത്ത സൈബർ ആക്രമണം; താരത്തെ പിന്തുണച്ച് ക്രിക്കറ്റ് ലോകം

Mail This Article
ദുബായ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിനിടെ എനർജി ഡ്രിങ്ക് കുടിക്കുന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ ചിത്രം സഹിതം സൈബറിടങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് വിവാദം. ലോകവ്യാപകമായി ഇസ്‍ലാം മതവിശ്വാസികൾ റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ, മുഹമ്മദ് ഷമി അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായത്.
സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ അധിക്ഷേപവും ട്രോളുകളും വ്യാപകമാവുകയും, മതപണ്ഡിതൻമാരിൽ ചിലരും വിമർശനം ഉന്നയിക്കുകയും ചെയ്തതോടെ, താരത്തെ പിന്തുണച്ച് കുടുംബാംഗങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി. ഒരു വിഭാഗം മതപണ്ഡിതരും ഷമിയെ പിന്തുണച്ച് രംഗത്തുണ്ട്.
റമസാൻ വ്രതം ഒഴിവാക്കിയതിന് ഷമിയെ ‘ക്രിമിനൽ’ എന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള മതപണ്ഡിതൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് താരത്തെ പിന്തുണച്ച് കുടുംബാംഗങ്ങൾ തന്നെ രംഗത്തിറങ്ങിയത്. പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ പോലും വ്രതം അനുഷ്ഠിക്കാത്തവരുണ്ടെന്നും ഷമി കളിക്കുന്നത് രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹത്തിന്റെ ബന്ധുവായ മുംതാസ് ചൂണ്ടിക്കാട്ടി.
‘‘ഷമി ഇന്ത്യയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പോലും വ്രതം നോക്കാതെ കളിക്കുന്നവരുണ്ട്. അതുകൊണ്ട് ഇത് പുതിയ സംഭവമൊന്നുമല്ല. വ്രതം അനുഷ്ഠിക്കാത്തതിന്റെ പേരിൽ ഷമിയെ ഇത്ര ക്രൂരമായി ആക്രമിക്കുന്നതുതന്നെ മോശമാണ്. ഇത്തരം അനാവശ്യ വിവാദങ്ങൾക്ക് ചെവികൊടുക്കാതെ മാർച്ച് ഒൻപതിനു നടക്കുന്ന ഫൈനലിന് തയാറെടുക്കാനാണ് ഞങ്ങൾ ഷമിയോട് പറയുക’ – മുംതാസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഓസ്ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ 10 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഓസീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ ഇത് നിർണായകമാകുകയും ചെയ്തു. ഇതുവരെ നടന്ന നാലു മത്സരങ്ങളിൽനിന്ന് എട്ടു വിക്കറ്റുകളാണ് ഷമി ഇതുവരെ നേടിയത്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് ഷമി.