ADVERTISEMENT

ലഹോർ∙ ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലെത്താൻ വൈകിയതിന്റെ പേരിൽ ‘ടൈംഡ് ഔട്ട്’ നടപടി നേരിട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം സൗദ് ഷക്കീൽ. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചറി നേടിയ താരത്തിന്, പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലാണ് ‘പണി’ കിട്ടിയത്. പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിൽ ടൈംഡ് ഔട്ട് നടപടി നേരിട്ട് പുറത്താകുന്ന ആദ്യ ബാറ്ററാണ് സൗദ് ഷക്കീൽ. റാവൽപിണ്ടിയിൽ നടന്ന പ്രസിഡന്റ്സ് കപ്പ് ഫൈനലിനിടെ ഉറങ്ങിയപ്പോയതിനാലാണു സൗദ് ഷക്കീൽ ഗ്രൗണ്ടിലെത്താൻ വൈകിയതെന്നു റിപ്പോർട്ടുകളുണ്ട്. 

റമസാൻ മാസമായതിനാൽ രാത്രി 7.30 മുതൽ പുലർച്ചെ 2.30 വരെയായിരുന്നു മത്സര സമയം. പാക്കിസ്ഥാനിൽ ആദ്യമായാണ് ഈ സമയത്ത് ക്രിക്കറ്റ് മത്സരം നടത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ടീമിന്റെ താരമായ സൗദ് ഷക്കീൽ പിടിവി ടീമിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ ഉറങ്ങുകയായിരുന്നു. പിടിവി താരം മുഹമ്മദ് ഷെഹ്സാദിന്റെ ഒറ്റ ഓവറിൽ രണ്ടു വിക്കറ്റ് വീണതോടെയാണ് സൗദ് ഷക്കീലിന്റെ ഊഴമെത്തിയത്.

ഒരു ബാറ്റർ പുറത്തായിക്കഴിഞ്ഞാല്‍ അടുത്തയാൾക്ക് ഗ്രൗണ്ടിലെത്തി ബാറ്റിങ്ങിനു തയാറെടുക്കാൻ അനുവദിച്ചിരിക്കുന്ന മൂന്നു മിനിറ്റു സമയം കഴിഞ്ഞതിനാൽ സൗദ് ഷക്കീലിനെ പുറത്താക്കണമെന്ന് എതിർ ടീം ആവശ്യപ്പെടുകയായിരുന്നു. അംപയർ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. 

സൗദ് ഷക്കീലിനു പിന്നാലെയെത്തിയ ഇർഫാൻ ഖാൻ നിയാസി തൊട്ടടുത്ത പന്തിൽ പുറത്തായതോടെ പന്തെറിഞ്ഞ ഷെഹ്സാദ് ഹാട്രിക്കും സ്വന്തമാക്കി. 2023 ലോകകപ്പിലെ ബംഗ്ലദേശ്– ശ്രീലങ്ക മത്സരത്തിനിടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽ അവസാനം ടൈംഡ് ഔട്ട് സംഭവിച്ചത്. ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലദേശ് താരങ്ങൾ ഈ രീതിയിലാണ് പുറത്താക്കിയത്. ഇത് പിന്നീട് വലിയ ചർച്ചകൾക്കു വഴിയൊരുക്കുകയും ചെയ്തു.

English Summary:

Pakistan Player Saud Shakeel timed out in President's Trophy final

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com