ജോർജിയ വോളിന്റെ ബാറ്റിങ് വെടിക്കെട്ട് (56 പന്തിൽ 99 നോട്ടൗട്ട്) വിനയായി; സ്മൃതി മന്ഥനയുടെ ആർസിബി പ്ലേ ഓഫ് കാണാതെ പുറത്ത്

Mail This Article
ലക്നൗ ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകൾ തകർന്നു വീണ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ യുപി വോറിയേഴ്സിന് 12 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത യുപി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ അവസാന ഓവർ വരെ പൊരുതിയ ബെംഗളൂരു മൂന്നു പന്തുകൾ ശേഷിക്കെ 213 റൺസിന് ഓൾഔട്ടായി. ഇതോടെ നിലവിലെ ചാംപ്യൻമാരായ ആർസിബി ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായി.
ലീഗിലെ ഉയർന്ന വ്യക്തിഗത സ്കോറിനൊപ്പമെത്തിയ ഓസ്ട്രേലിയൻ താരം ജോർജിയ വോളിന്റെ (56 പന്തിൽ 99 നോട്ടൗട്ട്) ഇന്നിങ്സിന്റെ മികവിലാണ് യുപി ടൂർണമെന്റ് ചരിത്രത്തിലെ ഉയർന്ന ടീം സ്കോർ കുറിച്ചത്. 17 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ജോർജിയയുടെ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിൽ റിച്ച ഘോഷിന്റെ (33 പന്തിൽ 69) അർധ സെഞ്ചറിയുടെ ബലത്തിൽ പൊരുതിയ ബെംഗളൂരുവിന് അവസാന നിമിഷം വിജയപ്രതീക്ഷ നൽകിയത് സ്നേഹ് റാണയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് (6 പന്തിൽ 26).
ദീപ്തി ശർമ എറിഞ്ഞ 19–ാം ഓവറിൽ റാണയുടെ ബാറ്റിൽ നിന്നുള്ള 3 സിക്സും 2 ഫോറും സഹിതം 28 റൺസാണ് ബെംഗളൂരു അടിച്ചെടുത്തത്. ഇതും ഡബ്ല്യുപിഎൽ റെക്കോർഡാണ്. എന്നാൽ അവസാന പന്തിൽ റാണ പുറത്തായത് ബെംഗളൂരുവിനു തിരിച്ചടിയായി.