ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധിക്ക് പൂർണ അവഗണന; വിമർശനവുമായി വസിം അക്രം, അക്തർ

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപന വേദിയിൽ, പാക്കിസ്ഥാൻ പ്രതിനിധിയെ അവഗണിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐസിസി) കടുത്ത വിമർശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) പാക്കിസ്ഥാന്റെ മുൻ താരങ്ങളും. ടൂർണമെന്റിന്റെ ആതിഥേയരായിട്ടും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുരസ്കാരദാന ചടങ്ങിൽ ഉൾപ്പടെ പാക്ക് പ്രതിനിധിയെ അവഗണിച്ചതായാണു വിമർശനം.
പാക്കിസ്ഥാനിലെ ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ചാംപ്യൻസ് ട്രോഫി ഫൈനൽ, ഇന്ത്യ ഫൈനലിനു യോഗ്യത നേടിയതോടെയാണ് ദുബായിലേക്ക് മാറ്റേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് പാക്ക് പ്രതിനിധിക്ക് വേദിയിൽ അവഗണന നേരിട്ടെന്ന വിമർശനം. ഐസിസി ചെയർമാൻ ജയ് ഷാ, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്യ എന്നിവരാണ് ജേതാക്കൾക്ക് ട്രോഫികളും മെഡലുകളും ജാക്കറ്റുകളും വിതരണം ചെയ്തത്. ഈ ഘട്ടത്തിലെല്ലാം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതിനിധി അവഗണിക്കപ്പെട്ടതായാണ് പരാതി.
എന്തുകൊണ്ടാണ് പാക്കിസ്ഥാന്റെ പ്രതിനിധികളാരും വേദിയിൽ ഇല്ലാത്തതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്ന് മുൻ പാക്ക് പേസർ ശുഐബ് അക്തർ പ്രതികരിച്ചു. ‘‘ഇന്ത്യ ചാംപ്യൻസ് ട്രോഫി വിജയിച്ചിരിക്കുന്നു. പക്ഷേ വിചിത്രമായി തോന്നിയ ഒരു കാര്യമുണ്ട്. പാക്കിസ്ഥാനാണ് ആതിഥേയർ, എന്നിട്ടും പിസിബിയുടെ ഒരാളുപോലും ട്രോഫി കൊടുക്കുമ്പോൾ അവിടെയുണ്ടായിരുന്നില്ല. എനിക്കു മനസ്സിലാകുന്നതിനും അപ്പുറത്തുള്ള കാര്യമാണത്. പിസിബിയുടെ ഒരാൾ പോലും അവിടെയില്ലാത്തതിൽ എനിക്കു നിരാശയുണ്ട്.’’– അക്തർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിൽ പ്രതികരിച്ചു.
‘‘ഞങ്ങളാണ് ആതിഥേയർ, അതു ശരിയല്ലേ? പിസിബി ചെയർമാനു പകരം സിഇഒ വന്നിട്ടും അദ്ദേഹം എന്തുകൊണ്ടാണു വേദിയിൽ ഇല്ലാതിരുന്നത്? അവരെ ക്ഷണിച്ചില്ലേ? എന്താണു നടന്നതെന്ന് എനിക്കറിയില്ല. പാക്കിസ്ഥാന്റെ പ്രാതിനിധ്യം അവിടെ ഉറപ്പായും ഉണ്ടാകേണ്ടതായിരുന്നു.’’– വാസിം അക്രം കുറ്റപ്പെടുത്തി. ടൂർണമെന്റ് ഡയറക്ടർ കൂടിയായ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സിഇഒ സുമൈർ അഹമ്മദ് കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. എന്നാൽ, അദ്ദേഹത്തെ പുരസ്കാര ദാനം ഉൾപ്പെടെയുള്ള ചടങ്ങുകളിലേക്ക് ക്ഷണിച്ചില്ലെന്ന് പിസിബി കുറ്റപ്പെടുത്തുന്നു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എത്തിയതെങ്കിലും, ഒരു ഘട്ടത്തിലും പുരസ്കാരദാന വേദിയിലേക്ക് ക്ഷണിച്ചില്ല.