6.25 കോടിക്ക് ഡൽഹിയിലെത്തി, ഐപിഎൽ കളിക്കില്ലെന്ന് വീണ്ടും ഇംഗ്ലണ്ട് താരം; രണ്ടു സീസണുകളിൽ വിലക്ക്

Mail This Article
ലണ്ടൻ ∙ തുടർച്ചയായ രണ്ടാം സീസണിലും ഐപിഎലിൽ നിന്നു പിൻമാറിയ ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിന് ലീഗിന്റെ അടുത്ത രണ്ടു സീസണുകളിൽ വിലക്ക്. ഇത്തവണ മെഗാ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിയ ബ്രൂക്ക് ഇന്നലെയാണ് പിൻമാറ്റം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾക്കായി ഒരുങ്ങുന്നതിനു വേണ്ടിയാണ് തീരുമാനമെന്നു ബ്രൂക്ക് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
കഴിഞ്ഞ സീസണിലും ടൂർണമെന്റിനു തൊട്ടുമുൻപ് ബ്രൂക്ക് പിൻമാറിയിരുന്നു. 6.25 കോടി രൂപയ്ക്കായിരുന്നു മെഗാലേലത്തിൽ ഇംഗ്ലിഷ് താരത്തെ ഡൽഹി വാങ്ങിയത്. പിൻമാറിയതോടെ ബ്രൂക്കിന്റെ പകരക്കാരനായി ഡൽഹിക്കു മറ്റൊരു വിദേശ താരത്തെ വാങ്ങേണ്ടിവരും. ഫ്രാഞ്ചൈസികളുടെ സമ്മർദത്തെ തുടർന്നാണു ലേലത്തിനു ശേഷം വ്യക്തമായ കാരണങ്ങളില്ലാതെ പിന്‍മാറുന്ന താരങ്ങളെ വിലക്കാൻ ഐപിഎൽ സംഘാടകർ തീരുമാനിക്കുന്നത്. ചെറിയ തുകയ്ക്കു ലേലത്തിൽ വിറ്റുപോയാൽ വിദേശ താരങ്ങൾ കളിക്കാതെ മടങ്ങുന്നുവെന്നായിരുന്നു ടീം മാനേജ്മെന്റുകളുടെ പരാതി.
‘‘ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും ഡൽഹി ക്യാപിറ്റൽസ് ടീമിനോടും ആരാധകരോടും ഖേദം പ്രകടിപ്പിക്കുന്നതായും ബ്രൂക്ക് പ്രതികരിച്ചു. ഇംഗ്ലണ്ടിനു വേണ്ടിയുള്ള മത്സരങ്ങൾക്കായി തയാറെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നാണു ബ്രൂക്കിന്റെ നിലപാട്. ‘‘രാജ്യത്തിനായി കളിക്കുന്നതിനാണു ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത്. എല്ലാവർക്കും അതു മനസ്സിലാകില്ലെന്ന് എനിക്കു നന്നായി അറിയാം. അങ്ങനെ വേണമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ എനിക്കു ശരിയെന്നു തോന്നുന്നതാണു ഞാൻ ചെയ്യുന്നത്.’’– ബ്രൂക്ക് വ്യക്തമാക്കി.