പേരിലും പ്രകടനത്തിലും ചക്രവർത്തി; വരുൺ പാതി മലയാളി; കുടുംബവേരുകൾ ആലപ്പുഴ ജില്ലയിൽ

Mail This Article
ചെന്നൈ ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പേരിലും പ്രകടനത്തിലും ചക്രവർത്തിയായ വരുൺ ചക്രവർത്തിയെ കാത്തിരിക്കുകയാണ് അഡയാറിനടുത്ത് കോട്ടൂർപുരത്തുള്ള വീട്ടുകാർ. വരുണിന്റെ പരിശ്രമവും അധ്വാനവും രാജ്യത്തിനു മുതൽക്കൂട്ടായതിന്റെ ആഹ്ലാദത്തിലാണു കുടുംബാംഗങ്ങൾ. ഇന്നു ചെന്നൈയിലെത്തുന്ന വരുണിനെ സ്വീകരിക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. ചാംപ്യൻസ് ട്രോഫി ഫൈനലിനിടെ വരുണിനു പരുക്കേറ്റിരുന്നു. നാട്ടിലെത്തി പരുക്ക് ഭേദമായാലുടൻ ഐപിഎൽ ക്യാംപിലേക്കു പോകും.
മകനെ അടുത്തു കാണാൻ കിട്ടുന്നില്ലെന്ന സ്നേഹപരിഭവം മാത്രമാണു പിതാവും ബിഎസ്എൻഎൽ കേരള സർക്കിളിന്റെ ചീഫ് ജനറൽ മാനേജരുമായിരുന്ന സി.വി.വിനോദ് ‘മലയാള മനോരമ’യോടു പങ്കുവച്ചത്. വിനോദിന്റെയും കർണാടക സ്വദേശിനിയായ മാലിനിയുടെയും മകനായ വരുൺ ചെന്നൈയിലാണു വളർന്നതെങ്കിലും പാതി മലയാളിയാണ്. വിനോദിന്റെ അമ്മ വിമല ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയാണ്. വിനോദിന്റെ പിതാവും തമിഴ്നാട് സ്വദേശിയുമായ വിറ്റൽ ചക്രവർത്തിയിൽ നിന്നാണ് വരുണിനും ‘ചക്രവർത്തി’ പദവി ലഭിച്ചത്. കാട്ടാംകുളത്തൂരിലെ എസ്ആർഎം സർവകലാശാലയിൽ ആർക്കിടെക്ചർ പഠിച്ച ശേഷം ഫ്രീലാൻസ് ആർക്കിടെക്റ്റായി ജോലി ചെയ്തിരുന്ന വരുൺ, മുത്തശ്ശിയുടെ അടുത്ത ബന്ധുക്കളെ മാവേലിക്കരയിലും കിളിമാനൂരിലും വന്നു സന്ദർശിക്കാറുണ്ട്. വരുണിനു മലയാളം നന്നായി മനസ്സിലാകുമെങ്കിലും സംസാരത്തിൽ വഴങ്ങില്ല.
ഒരു ക്രിക്കറ്റ് അക്കാദമിയിലും പോയിട്ടില്ലാത്ത വരുൺ, അനിൽ കുംബ്ലെ, റാഷിദ് ഖാൻ, ആദം സാംപ എന്നിവരുടെ വിഡിയോകൾ കണ്ടാണ് സ്പിൻ ബോളിങ്ങ് തന്ത്രങ്ങൾ പഠിച്ചതെന്നു പിതാവ് വിനോദ് പറയുന്നു. ഒരുകാലത്തു 18 തരത്തിൽ പന്തെറിഞ്ഞിരുന്നു. ഇപ്പോൾ ഇത് മൂന്നായി. പക്ഷേ, ഏതു ശൈലി എപ്പോൾ ഉപയോഗിക്കുമെന്നത് വരുണിന്റെ മാത്രം രഹസ്യമാണ്.വിഷ്ണു വിശാൽ നായകനായി 2014ൽ പുറത്തിറങ്ങിയ 'ജീവ' എന്ന തമിഴ് ചിത്രത്തിൽ അതിഥിതാരമായി വരുൺ അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റ് കഴിഞ്ഞാൽ സിനിമയാണു വരുണിന്റെ മനസ്സിലെന്നു പിതാവും പറയുന്നു. മൂന്നു ത്രില്ലർ കഥകളെഴുതിയിട്ടുണ്ട്. ലോക ക്രിക്കറ്റിനെ അമ്പരിപ്പിച്ച മിസ്റ്ററി ബോളറുടെ സിനിമയിലെ മിസ്റ്ററി അറിയാൻ കാത്തിരിക്കേണ്ടിവരുമെന്നു മാത്രം. ചാംപ്യൻസ് ട്രോഫിയിൽ, ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ അരങ്ങേറിയ വരുൺ ആ കളിയിൽ 5 വിക്കറ്റാണ് നേടിയത്. ടൂർണമെന്റിലാകെ 3 കളികളിൽനിന്ന് 9 വിക്കറ്റാണ് മുപ്പത്തിമൂന്നുകാരൻ വരുണിന്റെ നേട്ടം.