കിരീടനേട്ടത്തിനു പിന്നാലെ ഹോട്ടലിൽനിന്ന് ഇറങ്ങി കോലി; അനുഷ്കയ്ക്കൊപ്പം ദുബായ് വിട്ടു; വിദേശത്ത് വിശ്രമം

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ നാട്ടിലേക്കു തിരിച്ചെത്തിയിട്ടും വലിയ ആഘോഷ പരിപാടികൾ ബിസിസിഐ സംഘടിപ്പിച്ചിട്ടില്ല. ടീമംഗങ്ങൾ ഇന്ത്യയിലേക്കു തിരിച്ചെത്തിയെങ്കിലും ഉടൻ തന്നെ ഐപിഎല്ലിന്റെ തിരക്കുകളിലേക്കു കടക്കും. അടുത്ത ആഴ്ച അവസാനത്തോടെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കേണ്ടതിനാൽ ബിസിസിഐയ്ക്കും ഒരുങ്ങേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തുറന്ന ബസിൽ സ്വീകരണം നൽകുന്നതടക്കമുള്ള ആഘോഷങ്ങൾ വേണ്ടെന്നു ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
ചാംപ്യൻസ് ട്രോഫിക്കും ഐപിഎല്ലിനും ഇടയ്ക്കുള്ള ചെറിയ ഇടവേള കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾക്കു താൽപര്യം. രണ്ടു മാസത്തിലേറെ ദൈർഘ്യമുള്ള ഐപിഎല്ലിൽ കുടുംബാംഗങ്ങളെ ഡ്രസിങ് റൂമുകളിൽ കയറ്റുന്നതിനടക്കം ബിസിസിഐ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചെറിയ അവധിക്കാലം കുടുംബത്തോടൊപ്പം പൂർണമായും ചെലവിടാൻ സൂപ്പർ താരങ്ങൾ തീരുമാനിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ ഭാര്യയ്ക്കൊപ്പം ഇന്ത്യയിലേക്കു തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യ ചാംപ്യൻസ് ട്രോഫി വിജയിച്ച ഞായറാഴ്ച രാത്രി തന്നെ വിരാട് കോലി ടീം ക്യാംപ് വിട്ടു. ഭാര്യ അനുഷ്ക ശർമയുമൊത്ത് കോലി എങ്ങോട്ടാണ് അവധിക്കാലം ആഘോഷിക്കാൻ പോയതെന്നു വ്യക്തമല്ല. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽനിന്ന് ടീമിനൊപ്പം ഹോട്ടലിലെത്തിയ കോലി, തൊട്ടുപിന്നാലെ ഹോട്ടൽ വിടുകയായിരുന്നു. മാർച്ച് 22ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎൽ പോരാട്ടമുണ്ട്.
ഐപിഎല്‍ തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുൻപ് ഇന്ത്യയിലെത്തി ബെംഗളൂരു ക്യാംപിനൊപ്പം കോലിയും ചേരുമെന്നാണു കരുതുന്നത്. ഇന്ത്യൻ ടീം പരിശീലകനായ ഗൗതം ഗംഭീർ തിങ്കളാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഗംഭീറിനെ ബിസിസിഐ പ്രതിനിധികളും ആരാധകരും ചേർന്നാണു സ്വീകരിച്ചത്.