ബാറ്റിങ്ങിൽ ശ്രദ്ധിക്കണം, ഇനി ക്യാപ്റ്റനാകാൻ വയ്യെന്ന് കെ.എൽ. രാഹുൽ; ഡൽഹി ക്യാപ്റ്റൻസിയിൽ വൻ ട്വിസ്റ്റ്

Mail This Article
ന്യൂഡൽഹി∙ ഐപിഎൽ 2025 സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ സാധിക്കാതെ ഡൽഹി ക്യാപിറ്റല്‍സ്. അടുത്ത സീസണിൽ ഡൽഹിയെ നയിക്കുമെന്നു കരുതിയിരുന്ന കെ.എൽ. രാഹുൽ ക്യാപ്റ്റനാകാൻ ഇല്ലെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചു. കഴിഞ്ഞ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായിരുന്നെങ്കിലും, ഇനി നായക സ്ഥാനം വേണ്ടെന്നാണു രാഹുലിന്റെ നിലപാട്. പുതിയ സീസണിൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും രാഹുലിന്റെ ശ്രമം.
അക്ഷർ പട്ടേൽ ഡല്‍ഹി ക്യാപിറ്റൽസിന്റെ അടുത്ത ക്യാപ്റ്റനാകാനാണു സാധ്യത. ചാംപ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ അക്ഷര്‍, ഡൽഹി ക്യാപിറ്റൽസിന്റെ വിശ്വസ്തനാണ്. ചാംപ്യൻസ് ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 103 റൺസും അഞ്ചു വിക്കറ്റുകളും അക്ഷര്‍ പട്ടേൽ സ്വന്തമാക്കി. കഴിഞ്ഞ ഐപിഎല്ലിൽ ഒരു മത്സരത്തില്‍ ഋഷഭ് പന്ത് വിലക്കു നേരിട്ടപ്പോൾ ഡൽഹിയെ നയിച്ചതും അക്ഷർ പട്ടേലായിരുന്നു.
2019 മുതൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള താരമാണ് അക്ഷര്‍ പട്ടേൽ. മെഗാലേലത്തിനു മുൻപ് താരത്തിന് 18 കോടി രൂപ നൽകി ഡൽഹി നിലനിർത്തിയിരുന്നു. ഐപിഎല്ലിൽ 150 മത്സരങ്ങൾ കളിച്ചിട്ടുള്ള അക്ഷർ 1653 റൺസും 123 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റനായി തിരഞ്ഞെടുത്താലും ആദ്യ കിരീടം സ്വപ്നം കാണുന്ന ഡൽഹി ക്യാപിറ്റൽസിൽ വലിയ വെല്ലുവിളികൾ തന്നെ അക്ഷറിനു നേരിടേണ്ടിവരും. ലക്നൗ നിലനിർത്താതിരുന്നതോടെ ലേലത്തിലെത്തിയ കെ.എൽ. രാഹുലിനെ 14 കോടി രൂപയ്ക്കാണ് ഡൽഹി വാങ്ങിയത്. മാർച്ച് 24ന് ലക്നൗവിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.