വിക്കറ്റ് കീപ്പിങ് അത്ര രസമുള്ള കാര്യമല്ല : സഞ്ജന ഗണേശന് രാഹുലിന്റെ മറുപടി- വിഡിയോ

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ സ്പിന്നർമാർ പന്തെറിയുമ്പോൾ വിക്കറ്റ് കീപ്പറായി കളിക്കുന്നത് അത്ര രസമുള്ള കാര്യമല്ലെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഫൈനലിനു ശേഷം സഞ്ജന ഗണേശനുമായി സംസാരിക്കുന്നതിനിടെയാണു രാഹുലിന്റെ പ്രതികരണം. ഇന്ത്യൻ സ്പിന്നർമാരോടൊപ്പം വിക്കറ്റ് കീപ്പറായി കളിക്കുന്നത് എത്രത്തോളം രസകരമായിരുന്നെന്നാണ് അവതാരകയായ സഞ്ജന ചോദിച്ചത്. സ്പിന്നർമാരെ കൈകാര്യം ചെയ്യുന്നതിന് ഒരുപാടു കഠിനാധ്വാനം ആവശ്യമാണെന്നു രാഹുൽ പ്രതികരിച്ചു. ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ ഭാര്യയാണ് സഞ്ജന ഗണേശൻ.
‘‘അതത്ര രസമുള്ള കാര്യമല്ല സഞ്ജന. ഈ സ്പിന്നർമാർ പന്തെറിയുമ്പോൾ ഞാന്‍ 200–250 തവണയൊക്കെയാണു സ്ക്വാട്ട് ചെയ്യേണ്ടിവരുന്നത്. എന്നാൽ സ്പിന്നർമാർ മികച്ച രീതിയിലാണു ചാംപ്യൻസ് ട്രോഫിയിൽ കളിച്ചത്. ഈ ടീം ചാംപ്യൻസ് ട്രോഫി ജയിക്കുന്നതിലും സന്തോഷം നൽകുന്ന മറ്റൊരു കാര്യമില്ല. എത്രത്തോളം കിരീടങ്ങള്‍ ലഭിക്കുമോ, അതെല്ലാം സ്വന്തമാക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. ടീമിനെ വിജയത്തിലെത്തിക്കാനാകുന്ന സാഹചര്യങ്ങൾ ദൈവം എനിക്കു തന്നിട്ടുണ്ട്. എനിക്ക് എല്ലായ്പ്പോഴും അതു ചെയ്യാൻ സാധിച്ചെന്നു വരില്ല. പക്ഷേ അതു തന്നെയാണ് ക്രിക്കറ്റിനെ മനോഹരമാക്കുന്നതും.’’
‘‘നിങ്ങൾ ലഭിക്കുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ടിരിക്കണം. വിനയത്തോടെ കഠിനാധ്വാനം ചെയ്യണം. ബാറ്റുകളായിരിക്കും ഇവിടെ സംസാരിക്കേണ്ടത്. അങ്ങനെയെങ്കിൽ ദൈവം നമുക്കൊപ്പമുണ്ടാകും. വർഷം മുഴുവൻ കഠിനാധ്വാനം ചെയ്യുമ്പോൾ ഇത്തരം നിമിഷങ്ങളാണു സന്തോഷം നൽകുന്നത്.’’– രാഹുൽ വ്യക്തമാക്കി. ചാംപ്യൻസ് ട്രോഫിയിലെ അഞ്ചു മത്സരങ്ങളിലും കെ.എൽ. രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഋഷഭ് പന്ത് ചാംപ്യൻസ് ട്രോഫി ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
പ്ലേയിങ് ഇലവനിൽ കിട്ടിയ അവസരം രാഹുൽ കൃത്യമായി ഉപയോഗിച്ചു. 140 റൺസാണ് രാഹുൽ ടൂർണമെന്റിൽനിന്നു നേടിയത്. ഫിനിഷറുടെ റോളിൽ ഇറങ്ങിയ രാഹുലിന്റെ ബാറ്റിങ് പ്രകടനം ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യൻ വിജയത്തിൽ നിര്‍ണായകമായി. ബംഗ്ലദേശിനെതിരെ 41 ഉം ഓസ്ട്രേലിയയ്ക്കെതിരെ 42 ഉം ഫൈനലിൽ ന്യൂസീലൻഡിനോട് 34 ഉം റൺസെടുത്ത് രാഹുൽ പുറത്താകാതെ നിന്നു.