മത്സരത്തിനു മുന്പ് പരിശീലനം നെറ്റ്സിൽ മാത്രം, പരസ്യബോർഡുകളോടു ചേർന്ന് താരങ്ങൾ ഇരിക്കരുത്! ഞെട്ടിച്ച് ഐപിഎൽ പരിഷ്കാരങ്ങൾ

Mail This Article
ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലും യാത്രകൾക്കും ഉൾപ്പെടെ പെരുമാറ്റച്ചട്ടം കൊണ്ടുവന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ഇത്തവണ ഐപിഎലിലും ഒട്ടേറെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. കളിക്കാരുടെ വസ്ത്രധാരണത്തിന് ഉൾപ്പെടെ കർശന നിയന്ത്രണവുമായാണ് ഐപിഎൽ 18–ാം സീസണ് തിരശീല ഉയരുന്നത്.
പരിശീലനം നെറ്റ്സിൽ മാത്രം
മത്സരത്തിനു മുൻപ് ടീമുകൾക്ക് പരിശീലനം നടത്താൻ നെറ്റ്സിന് ഉള്ളിൽ മാത്രമായിരിക്കും അനുമതി. നേരത്തെ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലനം നടത്താനും പ്രധാന പിച്ച് ഒഴികെയുള്ള പിച്ചുകളിൽ കളിക്കാനും ടീമുകൾക്ക് അനുവാദമുണ്ടായിരന്നു. എന്നാൽ ഇത്തവണ പരിശീലനം നെറ്റ്സിന് ഉള്ളിലേക്ക് ചുരുക്കാൻ ബിസിസിഐ തീരുമാനിച്ചു.
വീട്ടുകാർക്ക് വിലക്ക്
ടീമുകളുടെ ഡ്രസിങ് റൂമിൽ ഇത്തവണ താരങ്ങളുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ പ്രവേശനം അനുവദിക്കില്ല. മത്സരം കാണാൻ എത്തുന്ന താരങ്ങളുടെ ഭാര്യമാർ ഉൾപ്പെടെയുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രത്യേകം ഒരുക്കിയ ഹോസ്പിറ്റാലിറ്റി ഏരിയയിൽ ഇരിക്കാം. മത്സരത്തിനു മുൻപോ ശേഷമോ ഗ്രൗണ്ടിലേക്ക് ഇറങ്ങാനും ഇവർക്ക് അനുവാദമുണ്ടാകില്ല.
ടീം ബസിൽ കളിക്കാർ മാത്രം
സ്റ്റേഡിയത്തിലേക്കും തിരികെ ഹോട്ടലിലേക്കും പോകുന്ന ടീം ബസിൽ കളിക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. ടീം ബസിൽ അല്ലാതെ സ്വന്തം വാഹനത്തിൽ ഗ്രൗണ്ടിലേക്ക് വരാൻ കളിക്കാരെ അനുവദിക്കില്ല. കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് നേരത്തെ ടീം ബസിൽ കയറാൻ അവസരമുണ്ടായിരുന്നു.
ബൗണ്ടറിയിൽ ഇരിക്കുന്നതിന് നിയന്ത്രണം
ബൗണ്ടറി ലൈനിന് പുറത്ത്, പരസ്യ ബോർഡുകളോടു ചേർന്ന് റിസർവ് താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ഇരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതുമൂലം ബോർഡുകൾ മറയുന്നതായി പരസ്യക്കാർ പരാതി ഉന്നയിച്ചതോടെയാണ് പുതിയ തീരുമാനം.
സ്ലീവ്‌ലെസിന് വിലക്ക്
മത്സരശേഷമുള്ള സമ്മാനച്ചടങ്ങിൽ കളിക്കാർ സ്ലീവ്‌ലെസ് ടീ ഷർട്ടുകൾ അണിയുന്നതിന് ഇത്തവണ വിലക്കുണ്ട്. ഡ്രസിങ് റൂമിന് അകത്തിരിക്കുമ്പോൾ മാത്രമേ ഇനി സ്ലീവ്‌ലെസ് വസ്ത്രം ധരിക്കാൻ അനുവാദമുള്ളൂ. മാന്യമായ വസ്ത്രം ധരിച്ച് മാത്രം ഗ്രൗണ്ടിൽ ഇറങ്ങണമെന്നാണ് പുതിയ നിർദേശം.