ബട്ലർ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സുഹൃത്ത്: വിട്ടുകളഞ്ഞതിൽ സങ്കടമുണ്ടെന്നു സഞ്ജു സാംസൺ

Mail This Article
മുംബൈ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോസ് ബട്‍ലറുമായുള്ള സൗഹൃദത്തെക്കുറിച്ചു മനസ്സു തുറന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. താരത്തെ രാജസ്ഥാൻ റോയൽസിൽ നിലനിർത്താൻ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നു സഞ്ജു വെളിപ്പെടുത്തി. ‘‘രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനുള്ള അവസരം മാത്രമല്ല ഐപിഎൽ. വിദേശതാരങ്ങൾ ഉൾപ്പെടെയുള്ളവരെ പരിചയപ്പെടാനും അവരുമായി ഉറ്റ സൗഹൃദം ഉണ്ടാക്കാനും ഐപിഎലിലൂടെ സാധിക്കുന്നു. അത്തരത്തിൽ എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സുഹൃത്താണ് ജോസ് ബട്‌ലർ.’’– സഞ്ജു പറഞ്ഞു.
‘‘ഏഴു വർഷത്തോളം ഞാനും ബട്‍ലറും ഒരുമിച്ചു കളിച്ചു. എന്തും ചോദിക്കാനും പറയാനും സ്വാതന്ത്ര്യമുള്ള മുതിർന്ന സഹോദരനെപ്പോലെയാണ് എനിക്കദ്ദേഹം. ഈ സീസണിൽ അദ്ദേഹത്തെ വിട്ടുകളഞ്ഞതിന്റെ വിഷമത്തിൽ നിന്ന് ഞാൻ മോചിതനായിട്ടില്ല.’’– രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു വ്യക്തമാക്കി. ബട്‌ലറെ ഒഴിവാക്കിയതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമെന്നും സഞ്ജു പ്രതികരിച്ചു. കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനായ ഓപ്പണിങ് ബാറ്ററായിരുന്നു ജോസ് ബട്‍ലർ.
രാജസ്ഥാൻ നിലനിർത്താതിരുന്നതിനെ തുടർന്ന് താരലേലത്തിൽ പങ്കെടുത്ത ബട്‍ലറെ ഗുജറാത്ത് ടൈറ്റൻസാണു വാങ്ങിയത്. 15.75 കോടി രൂപയാണു ബട്‍ലർക്കു ലഭിച്ചത്. ലേലത്തിൽ ഏറ്റവും ഉയർന്ന വില ലഭിച്ച വിദേശതാരമാണ് ബട്‍ലർ. ബട്‍ലർ ടീം വിട്ട സാഹചര്യത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെ രാജസ്ഥാനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും.