ചാംപ്യൻസ് ട്രോഫി സമ്മാനദാനത്തിന് നിൽക്കാൻ പാക്കിസ്ഥാന് അർഹതയില്ല, അതുകൊണ്ട് ഒഴിവാക്കി: ആഞ്ഞടിച്ച് പാക്ക് താരം

Mail This Article
ലഹോർ∙ പാക്കിസ്ഥാനു യോഗ്യതയില്ലാത്തതു കൊണ്ടാണ് പിസിബി പ്രതിനിധിയെ ചാംപ്യൻസ് ട്രോഫി സമ്മാനദാന വേദിയിൽ നിർത്താതിരുന്നതെന്ന് മുൻ പാക്ക് താരം കമ്രാൻ അക്മൽ. ചാംപ്യൻസ് ട്രോഫി വിജയികൾക്കുള്ള സമ്മാനദാനത്തിന്റെ സമയത്ത് ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധി വേദിയിൽ ഇല്ലാത്തതിൽ വിവാദം തുടരുന്നതിനിടെയായിരുന്നു കമ്രാൻ അക്മലിന്റെ പ്രതികരണം. സമ്മാനദാനത്തിൽനിന്ന് പാക്കിസ്ഥാനെ ഒഴിവാക്കിയതിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസില്‍ മറുപടി നൽകണമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു.
‘‘ഐസിസി നമുക്കു നേരെ ഒരു കണ്ണാടി തിരിച്ചുവച്ചിരിക്കുകയാണ്. ചാംപ്യൻസ് ട്രോഫിയുടെ ഡയറക്ടർ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്. കാരണം പാക്കിസ്ഥാന് അവിടെ നിൽക്കാനുള്ള അർഹതയില്ല. നമ്മൾ മികച്ച പ്രകടനമല്ല നടത്തുന്നത്. പാക്കിസ്ഥാൻ ഈ ടൂർണമെന്റ് എങ്ങനെയാണു നടത്തിയതെന്ന് ആരും ചർച്ച ചെയ്തിട്ടില്ല. ക്രിക്കറ്റിൽ നമ്മുടെ പ്രകടനം മോശമാണെങ്കിൽ ഇത്രയൊക്കെ പരിഗണനയേ കിട്ടൂ. നിങ്ങൾക്കു വേണ്ടി മാത്രം കളിച്ചാൽ ഒരു ബഹുമാനവും കിട്ടാൻ പോകുന്നില്ല.’’– കമ്രാൻ അക്മൽ യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
ചാംപ്യൻസ് ട്രോഫി സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ പിസിബി ചെയർമാൻ മൊഹ്‍സിൻ നഖ്‍വിക്കു പകരം സിഇഒ ആയ സുമൈർ അഹമ്മദ് ദുബായിലെത്തിയിരുന്നു. എന്നാൽ സുമൈർ അഹമ്മദിനെ വേദിയിലേക്കു ക്ഷണിച്ചില്ലെന്നായിരുന്നു പാക്ക് ബോർഡിന്റെ പരാതി. അതേസമയം നഖ്‍വിക്കു പകരം സുമൈർ സമാപന പരിപാടികളിൽ പങ്കെടുക്കുമെന്ന് പാക്ക് ബോര്‍ഡ് ഐസിസിയെ അറിയിച്ചിരുന്നില്ലെന്നു റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.