ഇന്ത്യൻ ക്രിക്കറ്റിൽ ഇത് അക്ഷർ പട്ടേലിന്റെ കാലം; ചാംപ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്ക്, ഇനി ഐപിഎലിൽ ഡൽഹി ക്യാപ്റ്റൻ!

Mail This Article
ന്യൂഡൽഹി∙ അഭ്യൂഹങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ട് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിലേക്ക് ഡൽഹി ക്യാപിറ്റൽസ് നായകനായി ഇന്ത്യൻ താരം അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ചു. നായകസ്ഥാനത്തേക്ക് കണ്ണുവച്ച് താരലേലത്തിൽ സ്വന്തമാക്കിയ കെ.എൽ. രാഹുൽ താൽപര്യക്കുറവ് അറിയിച്ചതോടെയാണ് ഓൾറൗണ്ടറായ അക്ഷർ പട്ടേലിനെ നായകസ്ഥാനം ഏൽപ്പിക്കാൻ ഡൽഹി തീരുമാനിച്ചത്. ഇത്തവണ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്‌ക്ക് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് അക്ഷർ പട്ടേൽ.
ടീമിന്റെ നായകനായിരുന്ന ഋഷഭ് പന്തിനെ താരലേലത്തിനു വിട്ടാണ് ഇത്തവണ രാഹുലിനെ ഡൽഹി ടീമിലെത്തിച്ചത്. ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്ത് അവിടെയും നായകസ്ഥാനത്തുണ്ട്. എന്നാൽ, ഡൽഹി സ്വന്തമാക്കിയ രാഹുൽ ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നായകസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ഡൽഹി ക്യാപിറ്റൽസ് പുതിയ നായകനായി അന്വേഷണം ആരംഭിച്ചത്.
2019 സീസൺ മുതൽ ഡൽഹിക്കു കളിക്കുന്ന അക്ഷർ പട്ടേൽ, ഇതുവരെ 82 മത്സരങ്ങളിൽ കളത്തിലിറങ്ങി. കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ ഒറ്റ മത്സരത്തിൽ അക്ഷർ ഡൽഹിയുടെ താൽക്കാലിക നായകനായിരുന്നു. ഈ മത്സരം ഡൽഹി തോൽക്കുകയും ചെയ്തു. ടീമിന്റെ സ്ഥിരം നായകനായിരുന്ന ഋഷഭ് പന്ത് കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നപ്പോഴാണ് അക്ഷർ ടീമിനെ നയിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനെ 16 മത്സരങ്ങളിൽ നയിച്ച് പരിചയമുള്ള താരമാണ് അക്ഷർ പട്ടേൽ. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 വൈസ് ക്യാപ്റ്റൻ കൂടിയാണ് അക്ഷർ പട്ടേൽ.
ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ഏറ്റവും ഉയർന്ന തുകയ്ക്ക് നിലനിർത്തിയ താരമാണ് അക്ഷർ. 16.5 കോടി രൂപയ്‌ക്കാണ് ഡൽഹി അക്ഷറിനെ നിലനിർത്തിയത്. 12 വർഷം നീണ്ട ട്വന്റി20 കരിയറിൽ 274 മത്സരങ്ങളുടെ പരിചയസമ്പത്താണ് അക്ഷറിനുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് എട്ട് അർധസെഞ്ചറികൾ സഹിതം 3088 റൺസാണ് അക്ഷർ നേടിയിട്ടുള്ളത്. 239 വിക്കറ്റുകളും സ്വന്തമാക്കി. 2016ൽ പഞ്ചാബ് കിങ്സിനായി കളിക്കുമ്പോൾ ഐപിഎലിൽ ഹാട്രിക്കും നേടിയിട്ടുണ്ട്.