ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി വിജയത്തെക്കുറിച്ച് ചോദ്യം, ‘വിട്ടുപോകാൻ’ ധോണിയുടെ ആംഗ്യം; രോഹിത്തിനോട് കുശുമ്പെന്ന് ട്രോൾ– വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചാംപ്യൻസ് ട്രോഫി വിജയത്തെക്കുറിച്ച് ചോദിച്ചയാളെ ‘ഓടിച്ചുവിട്ട’ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പ്രതികരണത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിവാദവും ചർച്ചയും. വിമാനത്താവളത്തിൽനിന്ന് സുരക്ഷാ സന്നാഹത്തോടൊപ്പം പുറത്തേക്കു വരുമ്പോഴാണ്, കാത്തുനിന്ന ഒരാൾ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തെക്കുറിച്ച് ധോണിയോട് ചോദിച്ചത്. ചോദ്യത്തെ പൂർണമായും അവഗണിച്ച ധോണി, ചോദ്യകർത്താവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആംഗ്യം കാട്ടിയതിനെച്ചൊല്ലിയാണ് തർക്കം.
രോഹിത് ശർമയുടെ കിരീടനേട്ടത്തിൽ ധോണിക്ക് ‘കുശുമ്പാ’ണെന്ന തരത്തിൽ വ്യാഖ്യാനവുമായി ഒരു വിഭാഗവും, ഇത് ധോണിയുടെ പതിവു ശൈലിയാണെന്ന മറുവാദവുമായി അദ്ദേഹത്തിന്റെ ആരാധകരും രംഗത്തെത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിനായി ധോണി ഡെറാഡൂണിൽ എത്തിയപ്പോഴാണ്, ചാംപ്യൻസ് ട്രോഫി വിജയത്തെക്കുറിച്ച് ചോദ്യമുയർന്നത്. ധോണി വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു വരുമ്പോഴേക്കും മാധ്യമപ്രവർത്തകർ ഉൾപ്പെടെ താരത്തെ വളഞ്ഞു. ഇതിനിടെയാണ് ചാംപ്യൻസ് ട്രോഫി വിജയത്തിൽ താരത്തിന്റെ പ്രതികരണം ആരാഞ്ഞ് കൂട്ടത്തിലൊരാൾ രംഗത്തെത്തിയത്. ചോദ്യത്തോട് പ്രതികരിച്ചില്ലെന്നു മാത്രമല്ല, വഴിമാറാനും ആംഗ്യത്തിലൂടെ ധോണി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി വിജയത്തെക്കുറിച്ച് ഒരു വാക്കുപോലും പ്രതികരിക്കാൻ ധോണി തയാറാകാതിരുന്നത് ഒരു വിഭാഗം ആരാധകർക്ക് തെല്ലും രസിച്ചില്ല. ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യയ്ക്ക് ചാംപ്യൻസ് ട്രോഫിയും സമ്മാനിച്ച രോഹിത് ശർമയോടുള്ള കുശുമ്പാണ് ധോണിയുടെ നിശബ്ദതയ്ക്കു പിന്നിലെന്ന് ചൂണ്ടിക്കാട്ടി ഇവർ രംഗത്തെത്തുകയായിരുന്നു.
ധോണിക്കു ശേഷം ഇന്ത്യയ്‌ക്ക് ഒന്നിലധികം ഐസിസി കിരീടങ്ങൾ സമ്മാനിക്കുന്ന ആദ്യ ക്യാപ്റ്റനാണ് രോഹിത് ശർമ. ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് സമ്മാനിച്ച രോഹിത്, കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് 12 വർഷത്തിനു ശേഷം ചാംപ്യൻസ് ട്രോഫിയും ടീമിനു സമ്മാനിച്ചു. ധോണിക്കു പക്ഷേ, ഇവയ്ക്കു പുറമേ ഏകദിന ലോകകപ്പ് കൂടി അദ്ദേഹത്തിന്റെ പേരിലുണ്ട്. രോഹിത്തിനു കീഴിൽ ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ കടന്നെങ്കിലും അവിടെ തോൽവി വഴങ്ങിയിരുന്നു.
കിരീടനേട്ടങ്ങളിൽ പിന്നിലാണെങ്കിലും, ഇന്ത്യയെ അജയ്യരായി ട്വന്റി20 ലോകകപ്പിലും ചാംപ്യൻസ് ട്രോഫിയിലും കിരീടത്തിലെത്തിച്ച ക്യാപ്റ്റനെന്ന നേട്ടം രോഹിത്തിനു സ്വന്തമാണ്. ധോണിക്കു കീഴിൽ ഇന്ത്യ കിരീടം ചൂടിയ ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇന്ത്യ ഓരോ മത്സരം തോറ്റിരുന്നു. അതേസമയം, ചാംപ്യൻസ് ട്രോഫിയിൽ അജയ്യരായാണ് കിരീടത്തിലെത്തിയത്.
ഐസിസിയുടെ ഏകദിന ടൂർണമെന്റുകളിൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ പ്രകടനങ്ങളും ശ്രദ്ധേയമാണ്. രോഹിത് നയിച്ച 24 മത്സരങ്ങളിൽ 23ലും ഇന്ത്യ ജയിച്ചു. തോറ്റത് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോടു മാത്രം.
അതേസമയം, പന്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഡെറാഡൂണിലെത്തിയ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറും ചാംപ്യൻസ് ട്രോഫി വിജയവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ കാത്തിരുന്ന് ഗംഭീറിനോട് പ്രതികരണം ആരാഞ്ഞെങ്കിലും, അതിനു തയാറാകാതെ ഗംഭീർ പുറത്തേക്കു പോവുകയായിരുന്നു.