വൻ തുക പ്രതീക്ഷിച്ചു, ‘ഹണ്ട്രഡ് ഡ്രാഫ്റ്റിൽ’ 50 പേരെയും ആർക്കും വേണ്ട; നാണംകെട്ട് പാക്ക് താരങ്ങൾ

Mail This Article
ലണ്ടൻ∙ ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ ഡ്രാഫ്റ്റിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ആർക്കും വേണ്ട. 50 പാക്ക് താരങ്ങളാണ് പുരുഷ, വനിതാ ടൂർണമെന്റുകളിൽ അവസരത്തിനായി പാക്കിസ്ഥാനിൽനിന്ന് റജിസ്റ്റർ ചെയ്തത്. 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും അടുത്ത സീസണിൽ കളിക്കാൻ ഡ്രാഫ്റ്റിൽ വന്നെങ്കിലും ഒരു ടീമും ഇവരെ വാങ്ങിയില്ല. ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റിലെ ‘സൂപ്പർ’ താരങ്ങളടക്കം ഹണ്ട്രഡ് ഡ്രാഫ്റ്റിൽ നാണം കെട്ടത്.
പാക്കിസ്ഥാൻ സീനിയർ ടീമിലെ താരങ്ങളായ ഇമാദ് വാസിം, സയിം അയൂബ്, ഷദബ് ഖാൻ, ഹസൻ അലി, നസീം ഷാ തുടങ്ങിയ താരങ്ങൾ ഹണ്ട്രഡിൽ വൻ തുക ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. വനിതാ താരങ്ങളിൽ ആലിയ റിയാസ്, ഫാതിമ സന, യുസ്ര ആമിർ, ഇറം ജാവേദ്, ജവരിയ റൗഫ് എന്നിവർക്കും ഡ്രാഫ്റ്റിൽ ആവശ്യക്കാരുണ്ടായില്ല. കഴിഞ്ഞ സീസണുകളിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ടീമുകളെ പിന്നീട് സ്വകാര്യമേഖലയിലേക്കു മാറ്റിയിരുന്നു.
നിർണായക മാറ്റത്തോടെ ഹണ്ട്രഡിലെ എട്ടു ടീമുകളിൽ നാലും ഐപിഎൽ ഫ്രാഞ്ചൈസികളുടെ കയ്യിലെത്തി. ഇന്ത്യൻ ഉടമകൾ ടൂര്‍ണമെന്റിലെത്തിയതാണ് പാക്ക് താരങ്ങളുടെ പുറത്താകലിനു പ്രധാന കാരണമെന്നാണു വിലയിരുത്തൽ. റിലയന്‍സ് ഇൻഡസ്ട്രീസ്, സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ്, സൺ ഗ്രൂപ്പ്, ജിഎംആർ ഗ്രൂപ്പ് എന്നിവയാണ് ഹണ്ട്രഡ് ടൂര്‍ണമെന്റിൽ നിക്ഷേപങ്ങൾ നടത്തിയ ഇന്ത്യൻ ഉടമകൾ.
2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ പാക്ക് താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് വിലക്കിയിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസികൾ ടീം ഉടമകളായുള്ള ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ടൂർണമെന്റിലും ഒരു പാക്കിസ്ഥാൻ താരത്തിനും അവസരം ലഭിച്ചിരുന്നില്ല. ‘ഹണ്ട്രഡ്’ ടൂർണമെന്റ് നടക്കുന്ന സമയത്തു തന്നെ പാക്ക് ക്രിക്കറ്റ് ടീമിനു രാജ്യാന്തര മത്സരങ്ങളുണ്ട്. പാക്ക് താരങ്ങളെ മത്സരങ്ങൾക്കു കൃത്യമായി ലഭിക്കാൻ സാധ്യതയില്ലാത്തതും പല ഫ്രാഞ്ചൈസികൾക്കും താൽപര്യം കുറയാൻ കാരണമായി.