വീട്ടിലേക്കുള്ള വഴിയിൽ അന്ന് ചിലർ ബൈക്കിൽ പിന്തുടർന്നു, എന്റെ വീടുപോലും നോട്ടമിട്ടു; ഇന്ത്യയിൽ കാലുകുത്തിക്കില്ലെന്നും ഭീഷണി: വരുൺ ചക്രവർത്തി

Mail This Article
ചെന്നൈ∙ ചാംപ്യൻസ് ട്രോഫി തിളക്കത്തിൽ അഭിനന്ദനങ്ങൾക്കു നടുവിലാണെങ്കിലും, ജീവിതത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം വരുൺ ചക്രവർത്തി. 2021ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്തായപ്പോൾ, ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വരുൺ വെളിപ്പെടുത്തി. ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നു പോലും ഭീഷണി സന്ദേശം ലഭിച്ചതായി യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ വരുൺ പറഞ്ഞു. ഐപിഎലിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2021ലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ വരുണിന് ഇടം ലഭിച്ചെങ്കിലും, പ്രകടനം തീരെ മോശമായിരുന്നു. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ വരുണിന് ഒറ്റ വിക്കറ്റ് പോലും നേടാനായിരുന്നില്ല. ടൂർണമെന്റിൽ പാക്കിസ്ഥാനോട് 10 വിക്കറ്റിനു തോറ്റ ഇന്ത്യ, ന്യൂസീലൻഡിനോടും തോറ്റു.
‘‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. വലിയ പ്രതീക്ഷയോടെയാണ് അന്ന് എന്നെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷേ, എനിക്ക് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. അതോടെ ഞാൻ വിഷാദത്തിലേക്ക് വീണു. ഒരു വിക്കറ്റ് പോലും നേടാനായില്ലല്ലോ എന്നോർക്കുന്തോറും നിരാശ വർധിച്ചുവന്നു. അതിനു ശേഷം മൂന്നു വർഷത്തോളം എനിക്ക് ദേശീയ ടീമിൽ സിലക്ഷൻ ലഭിച്ചില്ല. അതുകൊണ്ടുതന്നെ, അരങ്ങേറ്റത്തേക്കാളും വെല്ലുവിളി നിറഞ്ഞതായിരുന്നു ടീമിലേക്കുള്ള എന്റെ തിരിച്ചുവരവ് എന്നതാണ് വാസ്തവം’ – വരുൺ ചക്രവർത്തി പറഞ്ഞു.
‘‘2021ലെ ട്വന്റി20 ലോകകപ്പിനു ശേഷം എനിക്ക് ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഇനി ഇന്ത്യയിൽ കണ്ടുപോകരുതെന്നായിരുന്നു ചില സന്ദേശങ്ങളുടെ രത്നച്ചുരുക്കം. ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ചാലും നടക്കില്ലെന്നും ഭീഷണിയുണ്ടായി. ആളുകൾ എന്റെ വീടുപോലും നോട്ടമിടുകയും ഇടയ്‌ക്കിടെ വന്ന് നോക്കുകയും ചെയ്തു. പലപ്പോഴും ഒളിച്ചിരിക്കേണ്ട ഗതികേടിലായി ഞാൻ.’ – വരുൺ വിശദീകരിച്ചു.
‘‘അന്ന് വിമാനത്താവളത്തിൽനിന്ന് ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ, കുറച്ച് ആളുകൾ ബൈക്കിൽ എന്നെ പിന്തുടർന്നു. ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുമെന്ന് എനിക്കറിയാം. ഇന്ത്യയുടെ തോൽവിയും എന്റെ മോശം പ്രകടനവും തീർച്ചയായും അവരെ വൈകാരികമായി ബാധിച്ചതും എനിക്കു മനസ്സിലാകും’ – വരുൺ ചക്രവർത്തി പറഞ്ഞു.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വരുൺ, ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചിരുന്നു. 2021 ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം തന്റെ ശൈലിയിലും പ്രകടനത്തിലും കാര്യമായ മാറ്റം വരുത്തേണ്ടി വന്നുവെന്നും വരുൺ വെളിപ്പെടുത്തി. പരിശീലന രീതിയിലും മാറ്റങ്ങൾ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെയും ഫൈനലിൽ ന്യൂസീലൻഡിനെതിരെയും വരുൺ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഫൈനലിൽ മികച്ച തുടക്കമിട്ട ന്യൂസീലൻഡിന്റെ ഓപ്പണർ വിൽ യങ്ങിനെ വീഴ്ത്തി ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചതും വരുൺ തന്നെ.
‘‘2021 ലോകകപ്പിനു ശേഷം എനിക്ക് വളരെയധികം മാറ്റം സംഭവിച്ചു. എന്റെ ദിനചര്യകളിലും പരിശീലന രീതികളിലും മാറ്റമുണ്ടായി. ആദ്യമൊക്കെ ഒരു ദിവസം പരിശീലനത്തിൽ 50 പന്തു വരെയാണ് എറിഞ്ഞിരുന്നത്. ഇത് ഇരട്ടിയാക്കി. ഇനി ടീമിലേക്ക് എത്തുമോ എന്നുപോലും ഉറപ്പില്ലെന്നിരിക്കെ, കടുത്ത വെല്ലുവിളിയാണ് ഞാൻ നേരിട്ടത്. മൂന്നു വർഷമായിട്ടും ടീമിലേക്ക് വിളി വരാതായതോടെ എല്ലാം അവസാനിച്ചുവെന്ന് ഞാൻ കരുതി. എന്നാൽ കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്‌ക്കൊപ്പം ഐപിഎൽ കിരീടം നേടുകയും വീണ്ടും ടീമിലേക്ക് വിളി വരുകയും ചെയ്തതോടെ വീണ്ടും സന്തോഷത്തിന്റെ നാളുകളായി’ – വരുൺ പറഞ്ഞു.
‘‘നമുക്ക് സംഭവിക്കുന്ന എല്ലാ നൻമകളും ഒരുമിച്ചു സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇനി അടുത്ത തലത്തിലേക്ക് എന്റെ കളിയെ കൊണ്ടുപോകാനാണ് ശ്രമം. എന്റെ കരിയറിൽ തീർത്തും മോശം കാലഘട്ടമുണ്ടായിട്ടുണ്ട്. വിമർശനങ്ങൾ എത്രമാത്രം ക്രൂരമാകുമെന്ന് ഞാൻ അനുഭവിച്ചിട്ടുമുണ്ട്. സംഭവിച്ച കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോഴും, ഇപ്പോൾ അഭിനന്ദനങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും ഞാൻ സന്തോഷവാനാണ്’ – വരുൺ പറഞ്ഞു.