ഐപിഎൽ ടീമുകളെ നയിക്കാൻ 9 ഇന്ത്യക്കാരും 1 വിദേശിയും; ഒരാൾ ട്വന്റി20യിൽ ‘ഇന്ത്യയ്ക്ക് കളിക്കാത്ത’ ഇന്ത്യക്കാരൻ, കുറവ് പ്രതിഫലം രഹാനെയ്ക്ക്!

Mail This Article
ന്യൂഡൽഹി ∙ ആരും വാഴാത്ത കറങ്ങും കസേരയാണ് ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ നായക പദവി. കഴിഞ്ഞ 17 സീസണുകളിലായി 13 വ്യത്യസ്ത ക്യാപ്റ്റൻമാരെ പരീക്ഷിച്ചിട്ടും കപ്പിനടുത്തെങ്ങും എത്താതെ പോയ ടീം വീണ്ടും തലപ്പാവ് മാറ്റുന്നു. ഐപിഎലിൽ ഡൽഹിയുടെ 14–ാം ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ചു.
ഡൽഹി ടീമിലെ സസ്പെൻസും അവസാനിച്ചതോടെ 18–ാം സീസണിലെ ക്യാപ്റ്റൻമാരുടെ ചിത്രം തെളിഞ്ഞു. 9 ടീമുകളെയും ഇന്ത്യൻ ക്യാപ്റ്റൻമാർ നയിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്ന ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസാണ് ക്യാപ്റ്റൻസിയിലെ ഏക വിദേശി.
∙ സഞ്ജുവിന് അഞ്ചാമൂഴം
തുടർച്ചയായ അഞ്ചാം സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സഞ്ജു സാംസനാണ് സീസണിലെ പരിചയ സമ്പന്നനായ ക്യാപ്റ്റൻ. ഋതുരാജ് ഗെയ്ക്‌വാദ് (ചെന്നൈ), ഹാർദിക് പാണ്ഡ്യ (മുംബൈ), ശുഭ്മൻ ഗിൽ (ഗുജറാത്ത്), പാറ്റ് കമിൻസ് (ഹൈദരാബാദ്) എന്നിവർ തുടർച്ചയായ രണ്ടാം സീസണിലും ടീമുകളുടെ അമരത്തുണ്ട്. മറ്റ് 5 ടീമുകൾക്കും ഇത്തവണ പുതിയ ക്യാപ്റ്റന്മാരാണ്.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്കു നയിച്ച ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായി പുതിയ ഇന്നിങ്സിനു തുടക്കമിടും. മുൻ സീസണുകളിൽ ഡൽഹിയെ നയിച്ച ഋഷഭ് പന്ത് ലക്നൗവിന്റെ ക്യാപ്റ്റനായി വേഷം മാറുന്നു.
∙ അപ്രതീക്ഷിതം അക്ഷർ
മുൻ സീസണുകളിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായിരുന്ന കെ.എൽ.രാഹുലിനെ ഇത്തവണത്തെ താരലേലത്തിൽ 14 കോടി രൂപയ്ക്കാണ് ഡൽഹി ക്യാംപിലെത്തിയത്. പൊന്നുംവില കൊടുത്തു വാങ്ങിയ വിക്കറ്റ് കീപ്പർ ബാറ്ററെ ഡൽഹി ക്യാപ്റ്റനാക്കുമെന്നു കരുതിയവരെ അമ്പരപ്പിച്ചായിരുന്നു അക്ഷറിന്റെ സർപ്രൈസ് എൻട്രി. മുൻ സീസണുകളിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന്റെ ക്യാപ്റ്റനായ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെയും ഡൽഹി നായക സ്ഥാനത്തേക്കു പരിഗണിച്ചില്ല.
6 സീസണുകളിലായി ഡൽഹിക്കായി 82 മത്സരങ്ങൾ കളിച്ചിട്ടുള്ള മുപ്പത്തൊന്നുകാരൻ അക്ഷറാണ് നിലവിൽ ടീമിലെ ‘സീനിയർ’ താരം. കഴിഞ്ഞ സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതും ഡൽഹി ടീം മാനേജ്മെന്റ് അക്ഷറിൽ മനസ്സുറപ്പിക്കാനുള്ള കാരണങ്ങളിലൊന്നായി.
∙ അൺസോൾഡ് ക്യാപ്റ്റൻ
താരലേലത്തെ ആദ്യഘട്ടത്തിൽ അൺസോൾഡ് ആയി തഴയപ്പെട്ട അജിൻക്യ രഹാനെയുടെ അപ്രതീക്ഷിത തിരിച്ചുവരവ് എത്തി നിൽക്കുന്നത് കൊൽക്കത്ത ടീം ക്യാപ്റ്റന്റെ ആം ബാൻഡിൽ. ആക്സിലറേറ്റഡ് റൗണ്ടിലൂടെ വീണ്ടും ലേലത്തിലെത്തിയ രഹാനെയെ അവസാന നിമിഷം 1.5 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റൻമാരിൽ ഏറ്റവു കുറവ് പ്രതിഫലവും രഹാനെയ്‌ക്കു തന്നെ.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ കിരീട വിജയങ്ങളിലേക്കു നയിക്കുന്ന ക്യാപ്റ്റൻസി മികവാണ് രഹാനെയ്ക്കു നേട്ടമായത്. 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിൽ തിരിച്ചെത്തിയ വെങ്കിടേഷ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ആഭ്യന്തര മത്സരങ്ങളിൽ മധ്യപ്രദേശിന്റെ ക്യാപ്റ്റനായിരുന്നു രജത് പാട്ടിദാറാണ് (ബെംഗളൂരു) ഈ സീസണിലെ മറ്റൊരു പുതുമുഖ ക്യാപ്റ്റൻ. ഇന്ത്യൻ ജഴ്സിയിൽ ഇതുവരെ ഒരു ട്വന്റി20 മത്സരം പോലും കളിക്കാതെയാണ് പാട്ടിദാർ ആർസിബിയെ നയിക്കാനെത്തുന്നത്.
∙ ക്യാപ്റ്റൻസിയിൽ ധോണി മോഡൽ
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും മികച്ച വിജയ റെക്കോർഡുള്ളത് മുൻ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണിക്കാണ്. 226 മത്സരങ്ങളിൽ ചെന്നൈയെ നയിച്ച ധോണി 133 മത്സരങ്ങൾ ജയിച്ചു; വിജയശതമാനം 58.84. ഈ സീസണിലെ ടീം ക്യാപ്റ്റൻമാരിൽ മികച്ച വിജയശതമാനം ഹാർദിക് പാണ്ഡ്യയുടെ പേരിലാണ് (45 മത്സരം, 26 ജയം)