റഷ്യൻ ഫുട്ബോൾ താരത്തിന് വീസ നിഷേധിച്ച് യുകെ; പിന്നാലെ മൈക്കൽ വോണിനും സംഘത്തിനും ഇന്ത്യൻ ആരാധകരുടെ ട്രോൾ

Mail This Article
ലണ്ടൻ∙ റഷ്യൻ ഫുട്ബോൾ താരത്തിന് യുകെ വീസ നിഷേധിച്ചതിനു പിന്നാലെ, ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോണിനും സംഘത്തിനുമെതിരെ ട്രോളുകളുമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതിനെ വിമർശിച്ച് മൈക്കൽ വോൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിനെ വിമർശിച്ച വോൺ, റഷ്യൻ താരത്തിന് വീസ നിഷേധിച്ച യുകെയുടെ നടപടിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ചോദ്യം.
ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യൂറോപ്പാ ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപാദ മത്സരത്തിനായി സ്പാനിഷ് ക്ലബ് റയൽ സോസിദാദിനൊപ്പം എത്തേണ്ടതായിരുന്നു റഷ്യൻ താരം അർസൻ സഖര്യാൻ. സീസണിലെ മിക്ക മത്സരങ്ങളിലും പരുക്കുമൂലം പുറത്തിരിക്കേണ്ട വന്ന അർസൻ, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിലൂടെ കളത്തിലേക്ക് തിരിച്ചെത്താനിരിക്കെയാണ് വീസ സംബന്ധിച്ച് പ്രശ്നം ഉയർന്നത്.
യുകെയിലേക്കു പോകാനായി മഡ്രിഡ് വിമാനത്താവളത്തിലെത്തിയ താരത്തെ, വീസ നിഷേധിച്ചതായി ചൂണ്ടിക്കാട്ടി തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ റയൽ സോസിദാദ് അധികൃതർ പരമാവധി ശ്രമിച്ചെങ്കിലും, എല്ലാം വിഫലമായി. ഇതോടെ അദ്ദേഹം യാത്ര ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു.
റയൽ സോസിദാദ് ടീമംഗമായ ഹമറി ട്രാവോറും സമാനമായ പ്രശ്നം നേരിട്ടെങ്കിലും, ടീം അധികൃതർ ഇടപെട്ട് താരത്തിന്റെ യാത്രാരേഖകൾ ശരിയാക്കിയിരുന്നു. മത്സരത്തിന് ഒരു ദിവസം മുൻപാണ് രേഖകൾ ശരിയാക്കി ട്രാവോർ യുകെയിലെത്തി ടീമിനൊപ്പം ചേർന്നത്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ സോസിദാദിനെ 4–1ന് തോൽപ്പിച്ചിരുന്നു. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക്കാണ് ടീമിന് ഉജ്വല വിജയം സമ്മാനിച്ചത്.
അർസൻ സഖര്യാന് വീസ നിഷേധിക്കപ്പെട്ട സംഭവം പുറത്തായതോടെയാണ്, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മുൻ ഇംഗ്ലണ്ട് താരങ്ങളെ ‘ട്രോളി’ രംഗത്തെത്തിയത്. ചാംപ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിനെ, എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കാൻ അനുവദിച്ചതിനെ മുൻ താരങ്ങളായ മൈക്കൽ വോണും മൈക്ക് ആതർട്ടനും നാസർ ഹുസൈനും ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യൻ താരത്തിന് വീസ നിഷേധിച്ചത് ചൂണ്ടിക്കാട്ടി ഇവർക്കെതിരെ ഇന്ത്യൻ ആരാധകർ ട്രോളുകൾ പങ്കുവച്ചത്.