ആർസിബിക്കായി ഒറ്റയ്ക്ക് 66 പന്തിൽ 175 റൺസ്, എതിർടീം എല്ലാവരും ചേർന്ന് 133; ഗെയ്ൽ, ഗെയിം ചേഞ്ചർ!

Mail This Article
ട്രിഗറിൽ വിരലമർത്തിയാൽ മിനിറ്റിൽ 6000 റൗണ്ട് വരെ വെടിയുതിർക്കാൻ ശേഷിയുള്ള മിനിഗൺ ആണ് എം 134. ഈ ലോകപ്രശസ്ത തോക്കിന്റെ രൂപമാർജിക്കാൻ ക്രിക്കറ്റിൽ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു ക്രിസ് ഗെയ്‌ലിനുമാത്രം! 12 വർഷം മുൻപ് ഐപിഎലിൽ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി 66 പന്തിൽ 175 റൺസ് നേടി ഗെയ്ൽ നടത്തിയ വെടിയുതിർക്കൽ ഇന്നും ട്വന്റി20യിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായി നിലനിൽക്കുന്നു.
അന്ന് ആർസിബി നേടിയ 263 റൺസ് എന്ന വൻ ടോട്ടലിനെതിരെ പുണെ വാരിയേഴ്സിന്റെ മറുപടി 133 റൺസിൽ അവസാനിച്ചപ്പോൾ മറ്റൊരു കൗതുകംകൂടി ബാക്കിയായി; ഗെയ്‌ലിന്റെ വ്യക്തിഗത സ്കോറിലും 40 റൺസ് പിന്നിലായിരുന്നു പുണെയുടെ ടീം ടോട്ടൽ!
2013ൽ ആയിരുന്നു ആ അവിസ്മരണീയ മത്സരം. ഗെയ്‌ലും തിലകരത്നെ ദിൽഷനും ചേർന്നാണ് ബെംഗളൂരുവിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇടയ്ക്കിടെ ബൗണ്ടറികളുമായി ഗെയ്‌ൽ അടി തുടങ്ങിയെങ്കിലും അഞ്ചാം ഓവറിലാണ് ആദ്യ സിക്സ് പിറന്നത്. പിന്നീടു സംഭവിച്ചതു ചരിത്രം. 17 പന്തിൽ ഗെയ്‌ൽ 50 തികച്ചു. പുണെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ ഒരോവറിൽ ഗെയ്‌ൽ നേടിയത് 29 റൺസ്. മിച്ചൽ മാർഷ് ഓരോവറിൽ 28 റൺസും വഴങ്ങി.
27 പന്തിൽ 95 റൺസ് എന്ന നിലയിൽ ഗെയ്‌ൽ കത്തിപ്പടരുമ്പോൾ മറുവശത്തു ദിൽഷൻ 22 പന്തിൽ 11 റൺസുമായി കണ്ടുരസിച്ചു നിന്നു. 30–ാം പന്തിൽ ഗെയ്‌ൽ സെഞ്ചറി തികച്ച സിക്സർ സ്റ്റേഡിയത്തിനു പുറത്തേക്ക്. 100ൽ എത്താൻ ഗെയ്‌ൽ അടിച്ചുകൂട്ടിയത് എട്ടു ഫോറും 11 സിക്‌സറും. ഇതുമാത്രം കൂട്ടിയാൽ 98 റൺസ്. 13.4 ഓവറിൽ ദിൽഷൻ 36 പന്തിൽ 33 റൺസുമായി ഔട്ടാകുമ്പോൾ ടീം സ്കോർ 167!
ആരു വന്നാലും പോയാലും അടി തുടരുക എന്ന നയം ഗെയ്‌ൽ തുടർന്നപ്പോൾ 53 പന്തിൽ 150 റൺസ് കടന്നു. ഇരട്ട സെഞ്ചറി നേടിയാൽ പോലും അദ്ഭുതമില്ലെന്ന നിലയിൽ നിൽക്കെ എ.ബി. ഡിവില്ലിയേഴ്സെത്തി 8 പന്തിൽ 31 റൺസ് നേടി മാലപ്പടക്കം പൊട്ടിച്ചു. 20 ഓവറുകളും തീരുമ്പോൾ, 66 പന്തിൽ 175 റൺസ് എന്ന നിലയിൽ ഗെയ്‌ൽ പുറത്താകാതെ നിന്നു. 13 ഫോറും17 സിക്സും ചേർന്ന കിടിലൻ ഇന്നിങ്സ്.
പുണെയുടെ 2 വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും ഗെയ്‌ൽ തീയായി. മത്സരശേഷം പുണെ കോച്ച് അലൻ ഡോണൾഡ് ഗെയ്‌ലിനു സമീപമെത്തി ചോദിച്ചുപോലും; ‘‘ഞങ്ങളോടു തന്നെ ഇതു വേണമായിരുന്നോ!’’